താഹാ-അലന്‍ യുഎപിഎ കേസ്: സിപിഎം പ്രസ്താവന പരിഹാസ്യമാണെന്ന് അഡ്വ. തുഷാര്‍ നിര്‍മല്‍

അവസരവാദം മാത്രം മുന്‍നിറുത്തി സിപിഎം നടത്തിയ രാഷ്ട്രീയ നീക്കങ്ങളുടെ ഇരകളാണ് താഹയും അലനും. എന്നിട്ട് തങ്ങളുടെ പങ്ക് മറച്ചു വെക്കാനായി രാഷ്ട്രീയ സത്യസന്ധതയില്ലാതെ പ്രതിഷേധക്കുറിപ്പെന്ന നെറികേടും ഉയര്‍ത്തിപ്പിടിച്ചു വരികയാണ്. തുഷാര്‍ നിര്‍മല്‍ കുറിച്ചു.

Update: 2019-12-25 03:57 GMT

കോഴിക്കോട്: 'താഹാ അലന്‍' യുഎപിഎ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവന പരിഹാസ്യമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. തുഷാര്‍ നിര്‍മല്‍. എന്‍ഐഎ നിയമം പാസാക്കാന്‍ വോട്ട് ചെയ്തവരാണ് ഇപ്പൊള്‍ ഫെഡറല്‍ സംവിധാനം ദുര്‍ബലപ്പെടുമെന്ന് വ്യാകുലപ്പെടുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം പയറ്റി കൊണ്ടിരിക്കുന്ന അവസരവാദ രാഷ്ട്രീയത്തിന്റെയും അതിലൂടെ ആ പാര്‍ട്ടി അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയെയും തുറന്നുകാണിക്കുന്നതാണ് ഈ പ്രസ്താവനയെന്നും തുഷാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.


തുഷാര്‍ നിര്‍മലിന്റെ ഫേസ്ബുക്ക് കുറിപ്പ്

'താഹാ അലന്‍' യുഎപിഎ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവന പരിഹാസ്യമാണ്. എന്‍ഐഎ നിയമം പാസാക്കാന്‍ വോട്ട് ചെയ്തവരാണ് ഇപ്പൊള്‍ ഫെഡറല്‍ സംവിധാനം ദുര്‍ബലപ്പെടുമെന്ന് വ്യാകുലപ്പെടുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം പയറ്റി കൊണ്ടിരിക്കുന്ന അവസരവാദ രാഷ്ട്രീയത്തിന്റെയും അതിലൂടെ ആ പാര്‍ട്ടി അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയെയും തുറന്നുകാണിക്കുന്നതാണ് ഈ പ്രസ്താവന.

2008 ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് എന്‍ഐഎ നിയമം പാസാക്കപ്പെടുന്നത്. മുംബൈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്നത്തെ ആഭ്യന്തരമന്ത്രി ജ. ചിദംബരം എന്‍ഐഎ നിയമം അവതരിപ്പിക്കുന്നത്. ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എന്‍ഐഎ എന്ന ഫെഡറല്‍ അന്വേഷണ ഏജന്‍സിക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. സിപിഎം അംഗമായ ബസുദേവ് ആചാര്യ എന്‍ഐഎ ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനക്ക് വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് അനുവദിക്കപ്പെട്ടില്ല.തുടക്കത്തില്‍ ഇത്തരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ഞങ്ങള്‍ എതിരായിരുന്നു.പക്ഷേ ഇപ്പൊള്‍ നടക്കുന്നത് പോലുള്ള ഭീകരാക്രമണങ്ങള്‍ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്ന് വ്യക്തമാണ് അതുകൊണ്ട് ഞങ്ങള്‍ ഇത് പോലൊരു ഏജന്‍സിയെ പിന്തുണക്കുന്നു എന്നാണ് ബസു ദേവ് ആചാര്യ ലോക്‌സഭയില്‍ പ്രസംഗിച്ചത്. എന്തായാലും ചര്‍ച്ചക്കൊടുവില്‍ സിപിഎം എന്‍ഐഎ ബില്ലിനെ അനുകൂലിക്കുകയാണ് ചെയ്തത്.

രാജ്യസഭയില്‍ സീതാറാം യെച്ചൂരി തന്നെ ചര്‍ച്ചയില്‍ പങ്കെടുത്തു. കേന്ദ്രസംസ്ഥാന ബന്ധങ്ങെളെ കുറിച്ച് വാചാലനായ ശേഷം അദ്ദേഹം ദേശീയ തലത്തില്‍ ഒരു അന്വേഷണ ഏജന്‍സിയെ അംഗീകരിക്കുകയാണ് ചെയ്തത്. രാജ്യം നേരിടുന്ന ഭീകരാക്രമണങ്ങളിലെ കണ്ണികള്‍ പലപ്പോഴും സംസ്ഥാന അതിര്‍ത്തികളും ചിലപ്പോള്‍ അന്താരാഷ്ട്ര അതിര്‍ത്തികളും കടന്നു പോകുന്നവയാണെന്നും അതിനാല്‍ നമുക്ക് ഒരു ഫെഡറല്‍ അന്വേഷണ ഏജന്‍സി ആവശ്യമാണെന്നും അതുകൊണ്ട് എന്‍ഐഎ രൂപീകരിക്കാനുള്ള നിര്‍ദേശത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാല്‍ അതോടൊപ്പം ഒരു നിര്‍ദ്ദേശം കൂടി മുന്നോട്ടു വച്ചിരുന്നു. എന്‍ഐഎ നിയമത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടുള്ള നിയമങ്ങള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ആണ് എന്‍ഐഎ അന്വേഷിക്കേണ്ടത്. അതുപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്തിയ യുഎപിഎ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യത്തിനെതിരായ കുറ്റങ്ങള്‍ എന്നിവയുടെ അന്വേഷണത്തില്‍ സംസ്ഥാന പോലിസിനെ കൂടി നിര്‍ബന്ധമായും യോജിപ്പിച്ച് അന്വേഷണം നടത്തണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

സിപിഎം ഉന്നയിച്ച രണ്ടു നിര്‍ദ്ദേശങ്ങള്‍, അതായത് ബില്ല് സ്റ്റാന്‍ഡിംഗ് കമ്മറ്റിക്കു വിടണമെന്നതും, എന്‍ഐഎ നിയമത്തിലെ പട്ടികയില്‍ പറയുന്ന യുഎപിഎ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയുടെ അന്വേഷണത്തില്‍ സംസ്ഥാനങ്ങളെ കൂടി സഹകരിപ്പിക്കണമെന്നതും, രണ്ടും അംഗീകരിക്കപ്പെട്ടില്ലെങ്കിലും എന്‍ഐഎ നിയമത്തെ അനുകൂലിക്കുകയാണ് സിപിഎം ചെയ്തത്. സിപിഎം അന്ന് എന്‍ഐഎ നിയമ ചര്‍ച്ചയില്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമായിരുന്നില്ല. അവ തീര്‍ത്തും ദുര്‍ബ്ബലമായിരുന്നു താനും. അപ്രകാരം യുഎപിഎ നിയമം പാസാക്കാന്‍ അനുകൂലിച്ചവരാണ് ഇപ്പോള്‍ ഫെഡറല്‍ സംവിധാനത്തെ കുറിച്ച് ആകുലപ്പെടുന്നത്.

സിപിഎം ഉള്‍പ്പടെ ചേര്‍ന്ന് പാസാക്കിയ എന്‍.ഐ.എ നിയമത്തിലെ ആറാം വകുപ്പനുസരിച്ച് യുഎപിഎ പ്രകാരം ഒരു കേസ് രജിസ്റ്റര്‍ ചെയ്താല്‍ ഉടനടി തന്നെ ആ പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ ഇന്‍ചാര്‍ജ് സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് അയക്കണം. ആ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം കേന്ദ്ര സര്‍ക്കാറിന് അത് അയച്ചു കൊടുക്കണം. കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് കിട്ടി 15 ദിവസത്തിനകം കേസിന്റെ ഗൗരവവും മറ്റ് പ്രസക്ത ഘടകങ്ങളും പരിശോധിച്ച് ഈ കേസ് എന്‍ഐഎ അന്വേഷിക്കത്തക്കതാണൊ എന്ന് തീരുമാനിക്കണം. എന്‍ഐഎ അന്വേഷിക്കത്തക്കതാണെന്ന് കണ്ടാല്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടാം . ഇത് കൂടാതെ എന്‍ഐഎ നിയമപ്രകാരം അന്വേഷിക്കേണ്ട ഒരു കുറ്റകൃത്യം നടന്നുവെന്ന് കേന്ദ്ര സര്‍ക്കാറിന് അഭിപ്രായമുണ്ടെങ്കില്‍ സ്വമേധയാ തന്നെ എന്‍ഐഎയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കാം. അതായത് യുഎപിഎ പ്രകാരമുള്ള ഒരു കേസ് എന്‍ഐഎ അന്വേഷണത്തിന് വിടാന്‍ കേന്ദ്ര സര്‍ക്കാറിന് സംസ്ഥാന സര്‍ക്കാറുകളോട് ആലോചിക്കേണ്ട കാര്യമില്ല എന്നര്‍ത്ഥം. ഈ വകുപ്പ് ഉള്‍പ്പെടുന്ന എന്‍ഐഎ നിയമം പാസാക്കാന്‍ അനുകൂലിച്ചവരാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെ എന്‍ഐഎ അന്വേഷണത്തിന് വിട്ടത് ശരിയായില്ലെന്നും ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണെന്നും ഇപ്പോള്‍ പ്രതിഷേധിക്കുന്നത്.

തുടര്‍ച്ചയായി വ്യാജ ഏറ്റുമുട്ടലുകളിലൂടെ മാവോയിസ്റ്റുകളെ കൊലപ്പെടുത്തുകയും, താഹയേയും, അലനെയും അറസ്റ്റു ചെയ്യുകയും ചെയ്ത പോളിറ്റ് ബ്യൂറോ അംഗത്തിന് കീഴിലെ പോലീസിന്റെ നടപടിയെ ന്യായീകരിക്കാന്‍ സിപിഎം സംഘടനാ സംവിധാനം മുഴുവനും ഉപയോഗിച്ച് ഉയര്‍ത്തിയ മാവോയിസ്റ്റ്-ഇസ്‌ലാമിസ്റ്റ് ഭീകരവാദികളുടെ കൂട്ടുകെട്ടെന്ന പ്രചരണം കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിന് സഹായകമായി എന്നതാണ് വാസ്തവം. താഹയുടെയും അലന്റെയും അറസ്റ്റിനെ പിന്തുണച്ചു കൊണ്ടും കോഴിക്കോട് ഇസ്‌ലാമിസ്റ്റ് ഭീകരസംഘടനയുമായി ചേര്‍ന്ന് മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തിപ്പെടുന്നുവെന്ന സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയെ പിന്തുണച്ചു കൊണ്ടും അനുമോദിച്ചു കൊണ്ടും സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നതും താഹ അലന്‍ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടതും നമ്മുടെ മുന്നിലുണ്ട്.

കേവലം അവസരവാദം മാത്രം മുന്‍നിറുത്തി സിപിഎം നടത്തിയ ഇത്തരം രാഷ്ട്രീയ നീക്കങ്ങളുടെ ഇരകളാണ് വാസ്തവത്തില്‍ താഹയും അലനും. എന്നിട്ട് തങ്ങളുടെ പങ്ക് മറച്ചു വെക്കാനായി രാഷ്ട്രീയ സത്യസന്ധതയില്ലാതെ പ്രതിഷേധക്കുറിപ്പെന്ന നെറികേടും ഉയര്‍ത്തിപ്പിടിച്ചു വരികയാണ്. നവ ഉദാരവാദ വ്യവസ്ഥക്കകത്ത് സി പി എമ്മിന്റെ അവസരവാദ രാഷ്ട്രീയം എത്തി ചേര്‍ന്നിരിക്കുന്ന പരിതാപകരമായ അവസ്ഥയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഹിന്ദുത്വഫാസിസ്റ്റ് വിരുദ്ധവും നവ ഉദാരവാദ ബദലിന്റേതുമായ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്നുവെന്ന് വീമ്പിളക്കുന്ന സിപിഎം എത്ര നിസാരമായാണ് ബിജെപി ഒരുക്കിയ കെണിയില്‍ വീണുപോയത്.

സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്വമാണ് താഹയേയും അലനെയും ബലിയാടുകളാക്കിയിരിക്കുന്നത്. ഭരണകൂടത്തെ ഉപയോഗിച്ച് ചെറുപ്പക്കാരുടെ രാഷ്ട്രീയാന്വേഷണങ്ങളെയും, ജിജ്ഞാസയേയും തടഞ്ഞു നിറുത്താമെന്നും വ്യാമോഹിച്ചു. എന്തായാലും ഇരയോടും വേട്ടക്കാരനോടുമൊപ്പം ഓടുക എന്ന നയം ഇനി അധികാലം തുടരാനാക്കില്ല.

Full View

Tags:    

Similar News