സംസ്ഥാന ജൂനിയര്‍ അത്റ്റിക് ചാംപ്യന്‍ഷിപ്: എറണാകുളം ചാംപ്യന്മാര്‍

Update: 2018-10-14 17:37 GMT

തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അത്റ്റിക് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം തൃശ്ശൂരില്‍ നിന്ന് പിടിച്ചെടുത്ത ലീഡ് ഇന്നലെ എറണാകുളം കൈവിട്ടില്ല. 21 സ്വര്‍ണവും 29 വെള്ളിയും 19 വെങ്കലവും നേടിയ എറണാകുളം 448 പോയിന്റുമായി കിരീടം ചൂടി. 18 സ്വര്‍ണവും 11 വെള്ളിയും 31 വെങ്കലവും നേടിയ പാലക്കാട് 407 പോയിന്റുമായി റണ്ണറപ്പായി. 16 സ്വര്‍ണവും 12 വെള്ളിയും 16 വെങ്കലവും നേടി 369 പോയിന്റുമായി തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്. 351 പോയിന്റുമായി കോട്ടയം നാലാമതും 291 പോയിന്റുമായി തൃശൂര്‍ അഞ്ചാം സ്ഥാനത്തുമെത്തി.
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 40 പോയിന്റ് നേടിയ തൃശൂരും 29 പോയിന്റുമായി കോഴിക്കോടുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 56 പോയിന്റുമായി കോട്ടയം ഒന്നാം സ്ഥാനത്തും 56 പോയിന്റുമായി കോഴിക്കോട് രണ്ടാമതുമെത്തി. അണ്ടര്‍ 18 യൂത്ത് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 97 പോയിന്റ് നേടിയ എറണാകുളമാണ് ഒന്നാമത്. 75 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ വിഭാഗത്തില്‍ 163 പോയിന്റുമായി കോട്ടയം ഒന്നാമതെത്തിയപ്പോള്‍ 99 പോയിന്റ് നേടി പാലക്കാട് രണ്ടാമതെത്തി.
അണ്ടര്‍ 18 യൂത്ത് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 97.5 പോയിന്റുമായി എറണാകുളം ഒന്നാമതും 92.5 പോയിന്റുമായി തിരുവനന്തപുരം രണ്ടാമതുമെത്തി. അണ്ടര്‍ 20 ജൂനിയര്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ 106.5 പോയിന്റുമായി തിരുവനന്തപുരം ഒന്നാമത് എത്തിയപ്പോള്‍ 98 പോയിന്റ് നേടിയ എറണാകുളമാണ് രണ്ടാമത്.
ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിനമായ ഇന്നലെ 12 മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ആന്‍സി സോജന്‍ 25.19 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പുതിയ റെക്കോഡ് കുറിച്ചു. ട്രിപ്പിള്‍ ജംപില്‍ എറണാകുളത്തിന്റെ സാന്ദ്ര ബാബു 12.74 മീറ്റര്‍ ചാടി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ഹൈജംപില്‍ എറണാകുളത്തിന്റെ ഗായത്രി ശിവകുമാറാണ് മറ്റൊരു റെക്കോഡിനുടമ. 1.72 മീറ്റര്‍ ചാടിയാണ് ഗായത്രി റെക്കോര്‍ഡിട്ടത്. പെണ്‍കുട്ടികളുടെ മെഡ്ലേ റിലേയില്‍ കോഴിക്കോട് ടീം 2.16.94 സെക്കന്റ് സമയത്തിലാണ് പുതിയ റെക്കോഡ് തീര്‍ത്തത്. അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ 3000 മീറ്ററില്‍ എറണാകുളത്തിന്റെ അനുമോള്‍ തമ്പിയും ഇതില്‍ അവകാശിയായി. 10.11.13 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് അനുമോള്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്. അണ്ടര്‍ 20 പുരുഷന്മാരുടെ 200 മീറ്ററില്‍ എറണാകുളത്തിന്റെ ടിവി അഖില്‍ 27.71 സെക്കന്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ അതും റെക്കോഡായി. 10000 മീറ്റര്‍ നടത്തത്തില്‍ പാലക്കാടിന്റെ സി ടി നിധീശ് 46.50.74 സെക്കന്റില്‍ റെക്കോര്‍ഡ് സ്ഥാപിച്ചു. ജാവലിന്‍ ത്രോയില്‍ എറണാകുളത്തിന്റെ അനൂപ് വല്‍സന്‍ 60.72 മീറ്ററിലേക്ക് ജാവലിന്‍ പായിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ചു. മൂന്നു ദിനങ്ങളിലായി 24 മീറ്റ് റെക്കോര്‍ഡുകളാണ് സംസ്ഥാന ജൂനിയര്‍ മീറ്റില്‍ പിറന്നത്.
Tags:    

Similar News