EXCLUSIVE: ഡൽഹിയിൽ ഓക്സിജൻ കരിഞ്ചന്ത വ്യാപകം; കച്ചവടം പട്ടാപ്പകൽ നടുറോഡിൽ

സർക്കാർ ആശുപത്രികളിലടക്കം ഓക്സിജൻ ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യത്തിലാണ് കരിഞ്ചന്തയിൽ ലഭിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

Update: 2021-04-30 13:10 GMT

ന്യൂഡൽഹി: ഡൽഹിയിൽ ഓക്സിജൻ കരിഞ്ചന്ത വിൽപ്പന വ്യാപകം. കച്ചവടം നടക്കുന്നത് പട്ടാപ്പകൽ നടുറോഡിൽ. വടക്കൻ ഡൽഹിയിലാണ് ലോക്ക്ഡൗൺ സമയത്ത് പോലും റോഡരികിൽ വച്ച് ഓക്സിജന്റെ കരിഞ്ചന്ത വിൽപന തകൃതിയായി നടക്കുന്നത്. കരിഞ്ചന്ത വിൽപ്പന ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ആം ആദ്മി സർക്കാരിനെ ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. സർക്കാർ ആശുപത്രികളിലടക്കം ഓക്സിജൻ ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യത്തിലാണ് കരിഞ്ചന്തയിൽ ലഭിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

വടക്കൻ ഡൽഹിയിലെ വിജയന​ഗറിലാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് നടുറോഡിൽ കരിഞ്ചന്തയിൽ ഓക്സിജൻ വിൽപന നടത്തുന്നത്. ലോക്ക്ഡൗൺ ആണെങ്കിലും പ്രദേശത്ത് വാഹനങ്ങൾ ഓടാതിരിക്കുകയോ ജനങ്ങൾ പുറത്തിറങ്ങാതിരിക്കുകയോ ചെയ്യുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ജനങ്ങൾ തെരുവിലിറങ്ങുന്നത് മുതലെടുത്താണ് കരിഞ്ചന്ത വിൽപ്പനക്കാർ തെരുവുകൾ തന്നെ കച്ചവട കേന്ദ്രങ്ങളാക്കുന്നത്.

Full View

കൊവിഡ് രണ്ടാം തരം​ഗത്തിൽ കേസുകൾ കുത്തനെ ഉയരുന്നതിനിടയിൽ, ഡൽഹിയിലും ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും ഒരാഴ്ചയായി ഓക്സിജൻ ദൗർലഭ്യത്തിനെതിരേ വ്യാപക പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ഓക്സിജൻ റീഫിൽ സ്റ്റേഷനുകൾക്ക് പുറത്ത്, കൊവിഡ് രോഗികളുടെ കുടുംബാംഗങ്ങൾ മണിക്കൂറുകളോളം നീണ്ട വരികളിൽ കാത്തുനിൽക്കുന്നത് ഡൽഹിയിലെ ഞെട്ടിക്കുന്ന കാഴ്ച്ചയാണ് കാണാം.

രോഗികൾക്ക് അടിയന്തിര പരിചരണം നൽകാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ആംബുലൻസുകളും ഹോസ്പിറ്റൽ വാനുകളും പോലും സിലിണ്ടറുകൾ വീണ്ടും നിറയ്ക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടതുണ്ട്. ഒരു ദിവസം 10 ടൺ ഓക്സിജൻ ആവശ്യമുള്ള ഒരു വലിയ ആശുപത്രിയായാലും അല്ലെങ്കിൽ സിലിണ്ടറുകൾ പതിവായി റീഫിൽ ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്ന ആശുപത്രികളായാലും ഓക്സിജൻ ദൗർലഭ്യം അനുഭവിക്കുന്നു.

ഓക്സിജന്റെ ആവശ്യം 12 മുതൽ 15 ശതമാനം വരെ വർധിച്ചിട്ടുണ്ട്. മേഖലയിലെവിടേയും തുടർച്ചയായി ഓക്സിജൻ വിതരണം നടക്കുന്നില്ല. എന്നാൽ കരിഞ്ചന്തയിലാകട്ടെ ഇത് തകൃതിയായി നടക്കുന്നുണ്ട്. 8000 രൂപയാണ് ഒരു സിലിണ്ടറിന് കരിഞ്ചന്തയിൽ നൽകേണ്ടതെന്നാണ് ഇത്തരം വിൽപനകളെ ആശ്രയിക്കുന്നവർ പറയുന്നത്.

കരിഞ്ചന്ത വിൽപ്പന ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ആം ആദ്മി സർക്കാരിനെ ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. ഹൈക്കോടതി വിമർശനങ്ങളെ സർക്കാർ മുഖവിലക്കെടുത്തിട്ടില്ല എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അലി​ഗഡിൽ മാത്രം 70 കൊവിഡ് രോഗികൾ ആണ് ഓക്സിജൻ കിട്ടാതെ മരിച്ചതെന്നും ഇത്‌ കൂട്ടക്കൊലയാണെന്നും റാണാ അയ്യൂബ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 

വീഡിയോ, കടപ്പാട്: പൊന്നു ഇമ

Similar News