Exclusive: ശിശുമരണം: അട്ടപ്പാടിയില്‍ സംഘപരിവാര്‍ നിയന്ത്രണത്തിന് കളമൊരുക്കി പിണറായി സര്‍ക്കാര്‍
സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയെയാണ് ഇപ്പോള്‍ ആദിവാസികള്‍ ആശ്രയിക്കേണ്ടി വരുന്നത്. ഇത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
അഭിലാഷ് പി
അട്ടപ്പാടിയില്‍ തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്യപ്പെട്ട ശിശുമരണത്തിന് ശേഷവും നിഷ്‌ക്രിയത്വം പാലിച്ച് പിണറായി സര്‍ക്കാര്‍. ഒരേസമയം നിയമസഭയെ തെറ്റിദ്ധരിപ്പിച്ചും കൃത്യവിലോപം കാട്ടിയും മേഖലയില്‍ സംഘപരിവാര്‍ നിയന്ത്രണത്തിന് കളമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ തകര്‍ക്കുന്ന സമീപനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നാണ് ആരോപണം.
അട്ടപ്പാടിയില്‍ നടക്കുന്ന ആദിവാസി മാതൃ-ശിശുമരണവുമായി ബന്ധപ്പെട്ട് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വകുപ്പ് മന്ത്രി നിയമസഭയില്‍ വച്ച മറുപടി ഒരേസമയം ശിശുമരണം പോഷകാഹാരക്കുറവ് മൂലമാണെന്ന് സമ്മതിക്കുകയും കോട്ടത്തറയിലെ ട്രൈബല്‍ ആശുപത്രിയെ സംബന്ധിച്ച് നല്‍കിയ വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു. എങ്കിലും ഇതിനെതിരേ പ്രതിപക്ഷം പോലും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നതാണ് വസ്തുത.
'അട്ടപ്പാടിയില്‍ കണ്ടുവരുന്ന മാതൃ-ശിശു മരണങ്ങളില്‍ പോഷകാഹാരക്കുറവ് ഒരു കാരണമായി സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് നവജാത ശിശുക്കളുടെ തൂക്കക്കുറവോടുകൂടിയുള്ള പ്രസവം നടക്കുന്നതിനും അവരുടെ നേരത്തേയുള്ള പ്രസവത്തിനും കാരണമാകുന്നു. അട്ടപ്പാടിയിലെ ശിശുമരണങ്ങളില്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ള കുട്ടികളിലാണെന്ന് മുന്‍കാലങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് സാധാരണമായ കാരണം ഗര്‍ഭിണികളിലെ പോഷകാഹാരക്കുറവാണ്. അതില്‍ അവര്‍ക്കുണ്ടാകുന്ന അനീമിയ ഒരു പ്രധാന കാരണമായി സൂചിപ്പിക്കപ്പെടാറുണ്ട്. ഇത് പരിഹരിക്കുന്നതിനായി ഗര്‍ഭിണികള്‍ക്ക് കാലേക്കൂട്ടിയുള്ള രജിസ്‌ട്രേഷന്‍, സമയ ബന്ധിതമായ പരിശോധനകള്‍, അള്‍ട്രാ സൗണ്ട് സ്‌കാനിങ് എന്നിവ നടത്തുന്നു. സങ്കീര്‍ണതകള്‍ കണ്ടെത്തുന്ന മുറയ്ക്ക് വിദഗ്ധ ചികില്‍സയ്ക്കായുള്ള റെഫറല്‍ എന്നിവ ഉറപ്പാക്കുന്നു.' മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
'അട്ടപ്പാടി ആദിവാസി മേഖലകളില്‍ മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കോട്ടത്തറയില്‍ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിച്ചത്. ആയതിന്റെ ഭാഗമായി 57 കിടക്കകളുള്ള ആശുപത്രിയില്‍ നിന്നും 100 കിടക്കകളുള്ള ആശുപത്രിയായി പ്രഖ്യാപനം നടത്തുകയും ഇപ്പോള്‍ നിലവില്‍ 155 കിടക്കകള്‍ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.' മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.
എന്നാല്‍ 57 കിടക്കകള്‍ ഉള്ള ആശുപത്രി പിന്നീട് 155 ആക്കി ഉയര്‍ത്തിയെങ്കിലും ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിരുന്നില്ല. കിടക്കകളുടെ എണ്ണത്തിന് തുല്യമായ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സമയത്താണ് ആശുപത്രിയുടെ മുന്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ എച്ച്എംസി( ആശുപത്രി സംരക്ഷണ സമിതി) വഴി 132 ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത്.
കഴിഞ്ഞ മാസങ്ങളില്‍ നടന്ന ശിശുമരണത്തെ തുടര്‍ന്നുള്ള വിവാദത്തിന് പിന്നാലെ ആശുപത്രി സൂപ്രണ്ട് ആയിരുന്ന ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റുകയായിരുന്നു. തുടര്‍ന്നുവന്ന സുപ്രണ്ട് കൊവിഡ് കാലത്ത് എച്ച്എംസിയുടെ വരുമാനം നിലച്ചെന്ന് കാണിച്ച് ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇപ്പോള്‍ വെറും 54 കിടക്കകളുടെ സൗകര്യം മാത്രമുള്ള ആശുപത്രിയായി കോട്ടത്തറ ആശുപത്രി മാറിയിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
60 വയസ് കഴിഞ്ഞവര്‍ക്ക് ഈ ആശുപത്രിയില്‍ ലഭിച്ചിരുന്ന സൗജന്യ ചികില്‍സയും എച്ച്എംസി വരുമാനം കൂട്ടുവാന്‍ എന്ന പേരില്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. നിലവില്‍ നാമാവശേഷമായ താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളമാകട്ടെ മാസങ്ങളായി മുടങ്ങിക്കിടക്കുകയുമാണ്. ഇതാണ് യാഥാര്‍ത്ഥ്യമെങ്കിലും മന്ത്രി നിയമസഭയെ നേരത്തെയുള്ള കണക്കുകള്‍ വച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
അതേസമയം അട്ടപ്പാടി മേഖലയില്‍ സ്വാധീനം ശക്തമാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുവാനാണ് സര്‍ക്കാരിന്റെ വിവേചനം കാരണമാകുന്നത്. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയെയാണ് ഇപ്പോള്‍ ആദിവാസികള്‍ ആശ്രയിക്കേണ്ടി വരുന്നത്. ഇത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഈ ആശുപത്രിക്കകത്തു തന്നെയാണ് ആര്‍എസ്എസ് കാര്യാലയം പ്രവര്‍ത്തിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ശമ്പളം കിട്ടിയിട്ട് ഇന്നേക്ക് നാല് മാസവും 18 ദിവസവുമായി. പ്രഭുദാസ് സാര്‍ പോകുമ്പോള്‍ തന്നെ മൂന്ന് മാസത്തെ ശമ്പളം കിട്ടാനുണ്ട്. പുതിയ സൂപ്രണ്ട് വന്നശേഷം, പഴയ കടബാധ്യത ഒന്നും എനിക്ക് ഏറ്റെടുക്കാന്‍ കഴിയില്ല, ആശുപത്രിക്ക വരുമാനം കുറവാണെന്നാണ് കാരണമായി പറയുന്നതെന്ന് ഒരു താല്‍ക്കാലിക ജീവനക്കാരന്‍ തേജസ് ന്യൂസിനോട് പറഞ്ഞു.
മൂന്ന് മാസം മുമ്പ് ശമ്പളം നല്‍കാത്തത് വാര്‍ത്തയായപ്പോള്‍, നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നെന്നും അതുകഴിഞ്ഞ് രണ്ട് മാസമായിട്ടും ഒരു നടപടിയില്ല. ഭൂരിഭാഗം കരാര്‍ ജീവനക്കാരും തൊഴിലിന് ഹാജരാകുന്നത് തന്നെ വണ്ടിക്കൂലി കടംവാങ്ങിയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആദിവാസി മേഖലകളിലെ ദുരിതം ചൂണ്ടിക്കാട്ടി, കേന്ദ്ര ട്രൈബല്‍ കമ്മീഷനെ കേരളത്തിലേക്ക് അയക്കണമെന്ന് സുരേഷ് ഗോപി എംപി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം സംഘപരിവാര ഇടപെടലുകള്‍ക്ക് കളമൊരുക്കുകയാണ് ആദിവാസികളോടുള്ള സര്‍ക്കാര്‍ വിവേചനം.