മൃഗങ്ങളില്‍ നിന്ന് രോഗാണുക്കള്‍ മനുഷ്യരിലേക്ക്; ജന്തുജന്യ രോഗങ്ങള്‍ വലിയ വെല്ലുവിളിയെന്ന് മന്ത്രി വീണാ ജോര്‍ജ്

മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പര്‍ക്കം, അവയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പര്‍ക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകള്‍ എന്നിവിടങ്ങളിലുള്ള ഇടപെടലുകള്‍, വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം ഇവയിലെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണം.

Update: 2021-07-05 07:58 GMT

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കാലത്തെ ലോക ജന്തുജന്യ രോഗ ദിനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പുതുതായി ഉണ്ടാകുന്നതും നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ട ശേഷം വീണ്ടും ഉണ്ടാകുന്നതുമായ രോഗങ്ങള്‍ രാജ്യാന്തരതലത്തില്‍ പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇതില്‍ ജന്തുജന്യ രോഗങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. പകര്‍ച്ച വ്യാധികളില്‍ മൂന്നില്‍ രണ്ടു ഭാഗവും ജന്തുജന്യ രോഗങ്ങളാണ്. എലിപ്പനി, സ്‌ക്രബ് ടൈഫസ്, കുരങ്ങ് പനി, നിപാ, പേ വിഷബാധ, ജപ്പാന്‍ ജ്വരം, വെസ്റ്റ് നൈല്‍ ഫീവര്‍ എന്നിവയാണ് കേരളത്തില്‍ സാധാരണയായി റിപ്പോര്‍ട്ട് ചെയ്യുന്ന ജന്തുജന്യ രോഗങ്ങള്‍. ഇതുകൂടാതെയാണ് കൊവിഡ് ഉണ്ടാക്കിയ വെല്ലുവിളിയെന്നും മന്ത്രി വ്യക്തമാക്കി.

മനുഷ്യനും മൃഗങ്ങളും ജീവിത പരിസരങ്ങളിലും വനമേഖലയിലും പരസ്പരം ഇടപഴകുമ്പോള്‍ ജീവികളില്‍ നിന്നും വൈറസ്, ബാക്ടീരിയ, പരാദങ്ങള്‍ തുടങ്ങിയ രോഗാണുക്കള്‍ മനുഷ്യരിലേക്ക് എത്തുകയും രോഗങ്ങള്‍ ഉണ്ടാകാനും ഇടയാകുന്നു. മനുഷ്യരും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള ഇടപഴകലുകള്‍ പലപ്പോഴും ഒഴിവാക്കുവാന്‍ കഴിയില്ല. തൊഴില്‍, ഭക്ഷണം, മൃഗപരിപാലനം, വിദ്യാഭ്യാസം, വിനോദം, വനം വന്യജീവി സംരക്ഷണം ഇങ്ങനെ പല മേഖലകളിലായി മനുഷ്യര്‍ അറിഞ്ഞും അറിയാതെയും ജീവജാലങ്ങളുമായി നേരിട്ടും അല്ലാതെയും ഇടപഴകുന്നു. അതിനാല്‍ ജന്തുജന്യ രോഗങ്ങളെക്കുറിച്ചുള്ള അറിവുണ്ടായാല്‍ മാത്രമേ അവയെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ.

മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പര്‍ക്കം, അവയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പര്‍ക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകള്‍ എന്നിവിടങ്ങളിലുള്ള ഇടപെടലുകള്‍, വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം ഇവയിലെല്ലാം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

മൃഗങ്ങളുമായി ഇടപെട്ട് കഴിഞ്ഞാല്‍ ഉടന്‍ തന്നെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.

മുഖത്തോട് ചേര്‍ത്ത് മൃഗങ്ങളെ ഓമനിക്കരുത്. മുഖത്തോ ചുണ്ടിലോ നക്കാന്‍ അവയെ അനുവദിക്കരുത്.

5 വയസില്‍ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ മൃഗങ്ങളോട് അടുത്ത് പെരുമാറുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണം.

മൃഗങ്ങളില്‍ നിന്ന് മുറിവോ പോറലുകളോ ഉണ്ടായാല്‍ ഉടന്‍ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വൈദ്യസഹായം തേടുകയും വേണം.

വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍ കൃത്യമായി എടുക്കണം.

വനമേഖലയില്‍ തൊഴിലിനും വിനോദത്തിനുമായി പോകുമ്പോള്‍ ആവശ്യമായ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

മറ്റ് ജീവജാലങ്ങള്‍ക്ക് ഭീഷണിയാകാതെ അവയുമായി സന്തുലിതമായ ഇടപെടലുകള്‍ നടത്തി, ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കാം. ആരോഗ്യം, മൃഗസംരക്ഷണം, വനം, പരിസ്ഥിതി, കൃഷി, വിദ്യാഭ്യാസം, സാമ്പത്തികം, വാര്‍ത്താ വിനിമയം, വിവര സാങ്കേതികം എന്നീ മേഖലകളിലെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ കൊവിഡ് ഉള്‍പ്പെടെയുള്ള ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കുവാനും നിയന്ത്രിക്കുവാനും കഴിയൂ.


Tags:    

Similar News