ഉബൈദ് ഗുരുക്കളും കുട്ടികളും കളരിപ്പയറ്റിന്റെ തിരക്കിലാണ്;പയറ്റിത്തെളിയാന്‍ ഇതര സംസ്ഥാനങ്ങളിലെ കുട്ടികളും
എരമല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് സ്‌കൂളിലെ അറബി അധ്യാപകനായ യു ഉബൈദിന്റെ മട്ടാഞ്ചേരി ചുള്ളിക്കലിലെ ടി എം ഐ കളരി സംഘത്തില്‍ ഇതരം സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 40നും 50 നും ഇടയില്‍ കുട്ടികളാണ് സ്ഥിരമായി കളരിയഭ്യാസം പഠിക്കാന്‍ എത്തുന്നത്.ഇതില്‍ ഏഴു കുട്ടികള്‍ അസം,ബംഗാള്‍,ഡല്‍ഹി എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്
കേരളത്തിന്റെ തനത് ആയോധന കലയായ കളരിയഭ്യാസത്തിന്റെ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയാണ് സ്‌കൂള്‍ അധ്യാപകനായ ഉബൈദ് ഗുരുക്കള്‍.കളരിയില്‍ പയറ്റിത്തെളിയാന്‍ എത്തുന്നത് മലയാളികളായ കുട്ടികള്‍ മാത്രമല്ല.ഇതര സംസ്ഥാനങ്ങളിലെ കുട്ടികളും ഉണ്ട്. അതു കൊണ്ടു തന്നെ മലയാളത്തിനു പുറമേ ഇതര ഭാഷയിലുള്ള വായ്ത്താരികളും ഭാവിയില്‍ ഇവിടുത്തെ കളരിയില്‍ ഉയര്‍ന്നാല്‍ അതില്‍ തെല്ലും അല്‍ഭുതപ്പെടേണ്ടതില്ല.എരമല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് സ്‌കൂളിലെ അറബി അധ്യാപകനായ യു ഉബൈദിന്റെ മട്ടാഞ്ചേരി ചുള്ളിക്കലിലെ ടി എം ഐ കളരി സംഘത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 40നും 50 നും ഇടയില്‍ കുട്ടികളാണ് സ്ഥിരമായി കളരിയഭ്യാസം പഠിക്കാന്‍ എത്തുന്നത്.ഇതില്‍ ഏഴു കുട്ടികള്‍ അസം,ബംഗാള്‍,ഡല്‍ഹി എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്
.കൊച്ചിയില്‍ തൊഴില്‍ തേടിയെത്തിയവരുടെ കുട്ടികളാണിവര്‍.അസമില്‍ നിന്നുള്ള ഏഴു വയസുകാരന്‍ സഹീല്‍ അക്തറാണ് ആദ്യമായി ഉബൈദിന്റെ കളരിയില്‍ പഠനത്തിനായി എത്തിയത്.സഹീലിന്റെ പിതാവിന്റെ കൂട്ടുകാരന്റെ മകന്‍ ഉബൈദിന്റെ കളരിയില്‍ പഠിക്കുന്നുണ്ട്.ഇതറിഞ്ഞ് സഹിലിനെയും പഠിപ്പിക്കുമോയെന്ന് ഉബൈദിനോട് അവര്‍ ചോദിക്കുകയും ഉബൈദ് സമ്മതിക്കുകയുമായിരുന്നു.പിന്നീട് വിവിധ സ്‌കൂളുകളില്‍ നടത്തിയ ട്രെയിനിംഗ് ക്യാംപുകള്‍ വഴിയാണ് ഇതര സംസ്ഥാനത്ത് നിന്നുള്ള മറ്റു കുട്ടികള്‍ കളരി സംഘത്തില്‍ എത്തുന്നത്.ഭാഷ പലപ്പോഴും ഒരു പ്രശ്‌നമാകുന്നുണ്ടെങ്കിലും ഇതര സംസ്ഥാനത്ത് നിന്നും എത്തിയിരിക്കുന്ന മലയാള മറിയാവുന്ന കുട്ടികള്‍ ഉള്ളതിനാല്‍ ഇവര്‍ വഴിയാണ് ആശയ വിനിമയം നടത്തുന്നത്.ഭാഷയുടെ ബുദ്ധിമുട്ടുണ്ടെങ്കിലും കാണിച്ചു കൊടുക്കുന്ന കാര്യങ്ങള്‍ അതിവേഗത്തില്‍ മനസിലാക്കി ഇവര്‍ പഠിച്ചു ചെയ്യുന്നുണ്ടെന്ന് ഉബൈദ് ഗുരുക്കള്‍ പറഞ്ഞു.
ഇത്തവണത്തെ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചവിട്ടിപൊങ്ങല്‍ ഇനത്തില്‍ രണ്ടാം സ്ഥാനം ഉബൈദിന്റെ കളരിയിലെ അസമില്‍ നിന്നുള്ള ഏഴു വയസുകാരന്‍ സഹീല്‍ അക്തറിനായിരുന്നു.ഇത് കൂടാതെ തെക്കന്‍ കളരി മുറയിലെ ചുവട് ഇനത്തില്‍ മൂന്നാം സ്ഥാനവും സഹീല്‍ നേടി.സബ്ജനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തെക്കന്‍ കളരി ടീം ചാംപ്യന്‍ഷിപ്പില്‍ സഹീലും അബ്ദുള്‍ റഹ്മാനും അടങ്ങിയ അസം സംഘമാണ് രണ്ടാം സ്ഥാനം നേടിയത്.കളരി ചാംപ്യന്‍ഷിപ്പില്‍ ഉബൈദിന്റ കളരി സംഘത്തിനാണ് തെക്കന്‍ സമ്പ്രദായത്തില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് ലഭിച്ചത്.പരമ്പരാഗതമായിട്ടുള്ള കെട്ടുകളരിയോ കുഴിക്കളരിയോ ഉബൈദിനില്ല. സാമ്പത്തിക ബുദ്ധിമുട്ടാണ് ഇതിന് കാരണം.ഇതിന് വലിയ സാമ്പത്തിക ചിലവ് വരുമെന്ന് ഉബൈദ് പറയുന്നു.കൊച്ചി കോര്‍പറേഷന്‍ അനുവദിച്ച് നല്‍കിയ പകല്‍വീട്ടിലെ സ്ഥലത്താണ് ഉബൈദ് കളരി നടത്തുന്നത്.സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് കളരി നടത്തുന്നതെന്ന് ഉബൈദ് ഗുരുക്കള്‍ പറഞ്ഞു.
സൗജന്യമായിട്ടാണ് കുട്ടികളെ കളരിയഭ്യാസം പഠിപ്പിക്കുന്നത്.രാവിലെയും വൈകുന്നേരവുമാണ് കുട്ടികളെ കളരി അഭ്യസിപ്പിക്കുന്നത്.തെക്കന്‍ സമ്പ്രദായവും വടക്കന്‍ സമ്പ്രദായവും കുട്ടികളെ പഠിപ്പിക്കുന്നു. ഇതു കൂടാതെ മധ്യ കേരള സമ്പ്രദായമായ കളം ചവിട്ടും പഠിപ്പിക്കുന്നുണ്ട്.ദേശിയ തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഖേലോ ഇന്ത്യ എന്ന പരിപാടിയില്‍ കളരിപ്പയറ്റുണ്ട്.ഇതില്‍ പങ്കെടുത്ത് വിജയിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കിട്ടും.17 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഇത് കിട്ടുക.ഇതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഉബൈദ് സ്വന്തം റിസ്‌കില്‍ സെലകഷന്‍ നടത്തുന്നുണ്ട്.കഴിവുള്ള കുട്ടികളെ കണ്ടെത്തി ഇത്തരത്തില്‍ വിട്ടാല്‍ അവര്‍ക്ക് അത് കൂടുതല്‍ ഗുണകരമാകുമെന്ന് ഉബൈദ് ഗുരുക്കള്‍ പറഞ്ഞു.
തെക്കന്‍ സമ്പ്രദായത്തിലാണ് ഉബൈദ് കേരള കളരിപ്പയറ്റ് അസോസിയേഷന്റെ രജിസ്‌ട്രേഷന്‍ നേടിയിരിക്കുന്നത്.പോലിസ് പെര്‍മിറ്റ് അടക്കം എടുത്ത് എല്ലാ സുരക്ഷാ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചാണ് കളരി നടത്തുന്നതെന്ന് ഉബൈദ് പറഞ്ഞു.പോലിസിന് ഏതു സമയത്തും സംഘത്തില്‍ പരിശോധന നടത്താം.പഠനത്തിന് എത്തുന്ന കുട്ടികളില്‍ നിന്നും സുരക്ഷയുടെ ഭാഗമായി ആധാര്‍ കാര്‍ഡിന്റെ കോപ്പി അടക്കം വാങ്ങിയാണ് കുട്ടികളെ കളരി സംഘത്തില്‍ ചേര്‍ക്കുന്നത്.കളരി അഭ്യസിക്കുന്ന കുട്ടികളില്‍ ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്ന് ഉബൈദ് പറയുന്നു.പല കുട്ടികളും പെട്ടന്ന്് ദേഷ്യം വരുന്നവരായിരുന്നു. എന്നാല്‍ കളരിയഭ്യാസത്തിലൂടെ ഇതിലൊക്കെ മാറ്റം വന്നു.ഒപ്പം കുട്ടികളില്‍ ഏകാഗ്രതയും വര്‍ധിക്കുമെന്നും ഉബൈദ് പറയുന്നു.കുട്ടികളില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്താനും കളരിയഭ്യാസം വഴി തെളിക്കുമെന്നും ഇതിലുടെ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും ഉബൈദ് ഗുരുക്കള്‍ പറഞ്ഞു.