ക്ഷീര കര്‍ഷകരായി കുട്ടികള്‍; സ്റ്റുഡന്റ്‌സ് ഡയറി ക്ലബ്ബിന് തുടക്കം
കുട്ടികള്‍ക്ക് പശു പരിപാലനവുമായി ബന്ധപ്പെട്ട് ഒരു പശുക്കുട്ടിയെ കൊടുക്കാനും ക്ഷീര വികസന വകുപ്പ് ലക്ഷ്യമിടുന്നുണ്ട്
മാള(തൃശൂര്‍): ക്ഷീര വികസന വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന ജില്ലയിലെ ആദ്യത്തെ സ്റ്റുഡന്റ്‌സ് ഡയറി ക്ലബ്ബിന് മേലഡൂര്‍ ഗവ. സമിതി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ക്ഷീര വികസന മേഖലയെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് നല്‍കുന്നതിന്റെ ആദ്യപടിയായാണ് സ്റ്റുഡന്റ്‌സ് ഡയറി ക്ലബ്ബ് ആരംഭിച്ചത്. വളര്‍ന്നുവരുന്ന കുട്ടികളില്‍ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ആവശ്യകതയും സ്വാധീനവും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡയറി ക്ലബ്ബുകള്‍ രൂപീകരിച്ചത്. 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മേലഡൂര്‍ ഗവ. സമിതി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സ്റ്റുഡന്റ്‌സ് ഡയറി അനുവദിച്ചത്. കീഴഡൂര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെ സഹായത്തോടെയാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ നിന്നായി 26 പേരടങ്ങുന്നതാണ് ക്ലബ്. ചുരുങ്ങിയത് 10 കുട്ടികളെങ്കിലും ഉണ്ടെങ്കിലേ ഡയറി ക്ലബ്ബ് തുടങ്ങാനാവൂ. സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ബയോളജി അധ്യാപിക വി സോനയ്ക്കാണു ക്ലബ്ബിന്റെ ചുമതല. പ്രധാനാധ്യാപിക പി എ ജാസ്മിന്റെ മേല്‍നോട്ടത്തില്‍ സ്‌കൂളിലെ ഡയറി ക്ലബ്ബിന്റെ ഇനിവരുന്ന പ്രവര്‍ത്തനങ്ങള്‍ ക്ഷീര വികസന വകുപ്പിന്റെ സഹായത്തോടെ നടത്തും. ഡയറി കൂട്ടായ്മയുടെ ആദ്യപടിയായി തുമ്പൂര്‍മുഴി ഫാം, അരൂര്‍മുഴി ബള്‍ക്ക് മില്‍ക്ക് കൂളര്‍, വടമ ഗിര്‍ പശു ഫാം എന്നിവിടങ്ങളില്‍ കുട്ടികള്‍ സന്ദര്‍ശനം നടത്തി. പാലുല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച ക്ലാസുകള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ക്ഷീരവികസന മേഖലയുടെ പ്രസക്തി കുട്ടികളിലേക്ക് എത്തിക്കുന്ന വിധത്തിലുള്ള പരിപാടികള്‍ സ്റ്റുഡന്റ്‌സ് ഡയറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. കുട്ടികള്‍ക്ക് പശു പരിപാലനവുമായി ബന്ധപ്പെട്ട് ഒരു പശുക്കുട്ടിയെ കൊടുക്കാനും ക്ഷീര വികസന വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. ക്ഷീരമേഖലയിലേക്കുള്ള പുതിയ ചുവടുവയ്പ്പിനെ വളരെയധികം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മാള ക്ഷീരവികസന ഓഫിസര്‍ ജ്യൂണി ജോസ് റോഡ്‌റിഗ്‌സ് പറഞ്ഞു. മണ്ണിനെയും മൃഗങ്ങളെയും സ്‌നേഹിക്കുന്ന ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയിലൂടെ വകുപ്പ് ലക്ഷ്യമിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്ഷീര വികസന മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്ന് കുട്ടി ക്ഷീരകര്‍ഷകരെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് മേലഡൂര്‍ സമിതി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റസ് ഡയറി ക്ലബ്ബ്.