ജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ

തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ ജൂനിയര്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ തനു സിയ തിരുവനന്തപുരത്ത് ഏതാനും ദിവസം മുമ്പ് നടന്ന ഓള്‍ കേരള ജിംനാസ്റ്റിക് ചാംപ്യന്‍ഷിപ്പില്‍ രണ്ടു വെള്ളി മെഡലുകളാണ് സ്വന്തമാക്കിയത്

Update: 2022-03-12 10:24 GMT

ജിംനാസ്റ്റിക്കില്‍ ഭാവിയുടെ പ്രതീക്ഷയാകുകയാണ് ആറു വയസുള്ള തനു സിയ എന്ന കൊച്ചു മിടുക്കി.തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ ജൂനിയര്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ തനു സിയ തിരുവനന്തപുരത്ത് ഏതാനും ദിവസം മുമ്പ് നടന്ന ഓള്‍ കേരള ജിംനാസ്റ്റിക് ചാംപ്യന്‍ഷിപ്പില്‍ രണ്ടു വെള്ളി മെഡലുകളാണ് സ്വന്തമാക്കിയത്.ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആദ്യമായിട്ടായിരുന്നു തനു പങ്കെടുത്ത്.ആദ്യ ചാംപ്യന്‍ഷിപ്പില്‍ തന്നെ രണ്ടു വെള്ളി മെഡലുകള്‍ സ്വന്തമാക്കിയ തനു സിയ താന്‍ ഭാവിയുടെ പ്രതീക്ഷയാണെന്ന് തെളിയിച്ചു കഴിഞ്ഞു.


ബാലന്‍സിംഗ് ബീം വിഭാഗത്തിലും ഓള്‍ റൗണ്ട് ചാംപ്യന്‍ഷിപ്പിലുമായിട്ടാണ് തനു സിയ വെള്ളി മെഡലുകള്‍ സ്വന്തമാക്കിയത്. ഫ്‌ളോര്‍ വിഭാഗത്തിലും തനു പങ്കെടുത്തിരുന്നു.ഇതിലെ കൂടി മികച്ച പ്രകടനമാണ് ഓള്‍ റൗണ്ട് പ്രകടനത്തില്‍ വെള്ളി മെഡല്‍ നേടാന്‍ തനുവിന് സാധിച്ചത്.അണ്ടര്‍ 10 വിഭാഗത്തില്‍ തനുവായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ മല്‍സരാര്‍ഥി എന്നതായിരുന്നു മറ്റൊരു പ്രത്യേകത.തന്നേക്കാള്‍ പ്രായം കൂടിയ മറ്റു മല്‍സരാര്‍ഥികളോട് ഏറ്റുമുട്ടിയാണ് തനു രണ്ടു മെഡലും സ്വന്തമാക്കിയത്.

തനു സിയയുടെ പിതാവ് അരുണ്‍കുമാറും മാതാവ് നിളാ റോഷ്‌നി ദേവിയും ജിംനാസ്റ്റിക് താരങ്ങളായിരുന്നു.അരുണ്‍ കുമാര്‍ തിരുവനന്തപുരം ആര്‍പിഎഫ് ക്രൈം സെല്ലിലാണ് ജോലി ചെയ്യുന്നത്.നിളാ റോഷ്‌നി ദേവി കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ജിംനാസ്റ്റിക് കോച്ചാണ്.ദേശീയ താരമായിരുന്ന നിളാ റോഷ്‌നി ജിംനാസ്റ്റിക്കില്‍ നാഷണല്‍ ഗെയിംസില്‍ അടക്കം പങ്കെടുത്ത് നിരവധി മെഡലുകള്‍ നേടിയിട്ടുള്ള താരമാണ്.അരുണ്‍ കുമാറും ജിംനാസ്റ്റിക്കില്‍ സംസ്ഥാന തലത്തിലും മറ്റുമായി മെഡലുകള്‍ നേടിയിട്ടുണ്ട്,സൗത്ത് സോണ്‍ ചാംപ്യന്‍ഷിപ്പിലും അരുണ്‍കുമാര്‍ പങ്കെടുത്തുണ്ട്.

വളരെ ചെറുപ്പത്തില്‍ തന്നെ ജിംനാസ്റ്റിക്‌സില്‍ തനുവിന് താല്‍പര്യമുണ്ടായിരുന്നുവെന്ന് പിതാവ് അരുണ്‍കുമാര്‍ പറഞ്ഞു.പറഞ്ഞു കൊടുക്കുന്നത് പെട്ടന്ന് തന്നെ തനു മനസിലാക്കി ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ടതോടെയാണ് കൂടുതല്‍ പാഠങ്ങള്‍ പഠിപ്പിച്ചു തുടങ്ങിയത്.തുടര്‍ന്നാണ് അണ്ടര്‍ 10 വിഭാഗത്തില്‍ ഇത്തവണ ജില്ലാ തലത്തില്‍ പങ്കെടുപ്പിച്ചത്. ഇതില്‍ വെള്ളി മെഡല്‍ നേടിയതോടെയാണ് സംസ്ഥാന ചാംപന്യഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടത്.സംസ്ഥാന തലത്തിലും മെഡല്‍ നേടിയതോടെ ഇനി ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് തനുവെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.

Tags:    

Similar News