മാതാപിതാക്കളില്ലേ; പഠിക്കാന്‍ സ്‌നേഹപൂര്‍വം സഹായിക്കും
ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് ഒന്നാം ക്ലാസ് മുതല്‍ ബിരുദതലം വരെ പഠനസഹായം നല്‍കാന്‍ സാമൂഹിക സുരക്ഷാ മിഷന്‍ തയ്യാറാക്കിയ 'സ്‌നേഹപൂര്‍വ്വം പദ്ധതി' ഏറെ സഹായകരമാണ്. മാതാപിതാക്കളോ ആരെങ്കിലും ഒരാളോ മരണപ്പെട്ടുപോയാലും ആനുകൂല്യം ലഭിക്കും.
ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ നേട്ടമെന്നത് മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുക എന്നതാണ്. എന്നാല്‍ ചെറുപ്പകാലത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടാലോ. അവരുടെ ഭാവി ജീവിതം എന്താവും. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് ഒന്നാം ക്ലാസ് മുതല്‍ ബിരുദതലം വരെ പഠനസഹായം നല്‍കാന്‍ സാമൂഹിക സുരക്ഷാ മിഷന്‍ തയ്യാറാക്കിയ 'സ്‌നേഹപൂര്‍വ്വം പദ്ധതി' ഏറെ സഹായകരമാണ്. മാതാപിതാക്കളോ ആരെങ്കിലും ഒരാളോ മരണപ്പെട്ടുപോയാലും ആനുകൂല്യം ലഭിക്കും.
സമൂഹത്തില്‍ സംരക്ഷിക്കപ്പെടാനില്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന കുട്ടികളെ കണ്ടെത്തി സാമൂഹിക സുരക്ഷ ആവശ്യമുള്ള കുട്ടികളുടെ ആവശ്യകതകള്‍ മനസ്സിലാക്കി കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്‌നേഹവും സംരക്ഷണവും ലഭിക്കുന്ന ജീവിതത്തിന് സഹായിക്കുകയാണ് ഇതിന്റെ പ്രഥമ ലക്ഷ്യം. കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം, ആരോഗ്യ പോഷണം, ദൈനംദിന കാര്യങ്ങള്‍ എന്നിവ തടസ്സമില്ലാതെ മുന്നോട്ടുപോവാനും സാമൂഹിക പ്രതിബദ്ധതയുള്ളവരും ഉത്തമ പൗരന്മാരായും വളര്‍ത്തിയെടുക്കുക എന്നാണു ലക്ഷ്യമിടുന്നത്. കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഒന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവരാവണമെന്നു നിര്‍ബന്ധമാണ്.
കുട്ടിയെ സംരക്ഷിക്കുന്ന കുടുംബം ബിപിഎല്‍ വിഭാഗത്തില്‍പെട്ടവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 20,000ല്‍ താഴെയും നഗരത്തില്‍ 23,500ല്‍ താഴെയും. സ്‌കോളര്‍ഷിപ്പോ മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിക്കാത്തവരായിരിക്കണം. ജില്ലാതലത്തില്‍ സര്‍ക്കാര്‍ നിയമിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അര്‍ഹരായ അഞ്ചു വയസിനു താഴെയുള്ള കുട്ടികളെയും ധനസഹായത്തിനു പരിഗണിക്കും. അഞ്ചു വയസ്സിനു താഴെയുള്ളവര്‍ക്കും ഒന്നുമുതല്‍ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കും പ്രതിമാസം 300 രൂപ വീതം അനുവദിക്കും. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്നവര്‍ക്ക് പ്രതിമാസം 500 രൂപയാണ് അനുവദിക്കുക.
11 ഉം 12ഉം ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 750 രൂപ വീതം നല്‍കും. പ്രൊഫഷനല്‍ കോഴ്‌സ് ഉള്‍പ്പെടെ ഡിഗ്രി തലം വരെ സഹായം നല്‍കുന്നുണ്ട്. വാര്‍ഡ് മെംബര്‍, എംപി, എംഎല്‍എ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരികള്‍, ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് സൂപ്രണ്ട്, ജില്ലാ സാമൂഹികക്ഷേമ ഓഫീസര്‍, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ എന്നിവരുടെ ശുപാര്‍ശയോടെ അപേക്ഷ സമര്‍പ്പിക്കാം. നിര്‍ദിഷ്ട അപേക്ഷയോടൊപ്പം കുടുംബ വരുമാനം തെളിയിക്കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ഹെഡ്മിസ്ട്രസ്, പ്രിന്‍സിപ്പല്‍ എന്നിവരില്‍ നിന്നു വയസ്സ് തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ടതു സംബന്ധിച്ച് മരണ സര്‍ട്ടിഫിക്കറ്റ്, ശുപാര്‍ശ ചെയ്യുന്ന നിര്‍ദിഷ്ട ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍ പ്രതിനിധികള്‍ എന്നിവരുടെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം.
സമീപത്തെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയിലോ കോര്‍ ബാങ്കിങ് സംവിധാനമുള്ള മറ്റു ബാങ്ക് ശാഖയിലോ കുട്ടിയുടെയും രക്ഷിതാവിന്റെയും പേരില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങി ബാങ്ക് പാസ് ബുക്കിന്റെ ഒന്നാം പേജിന്റെ ഫോട്ടോകോപ്പി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. ഈ അക്കൗണ്ടില്‍ എടിഎം കാര്‍ഡ് പാടില്ല. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അപേക്ഷഫോറത്തിലുണ്ട്. www.socialsecurtiymission.gov.in എന്ന സൈറ്റില്‍ നിന്ന് അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്യാം.