ജീവിത ശൈലി; സ്ത്രീകളില്‍ സ്തനാര്‍ബുദം വര്‍ധിക്കുന്നതായി പഠനം
അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണം, കുറഞ്ഞ ശാരീരിക വ്യായാമം, ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം എന്നിവയുള്‍പ്പെടെയുള്ള കാരണങ്ങള്‍ മൂലം രോഗബാധ ഗണ്യമായി വര്‍ധിച്ചു
കൊച്ചി: ജീവിത ശൈലിയെ തുടര്‍ന്ന് സ്ത്രീകളില്‍ സ്തനാര്‍ബുദം ബാധിക്കുന്നതായി പഠനം.കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ സ്ത്രീകളില്‍ 14 ശതമാനം പേരിലും പൊതുവായി കാണപ്പെടുന്ന ഒന്നാണ് സ്തനാര്‍ബുദം. 29 സ്ത്രീകളില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലയളവില്‍ സ്തനാര്‍ബുദം ബാധിക്കുമെന്ന് പഠനങ്ങള്‍ വിലയിരുത്തുന്നു. ഇവരില്‍ 40% പേരിലും അവസാന ഘട്ടത്തിലാണ് (മൂന്നാമത്തെയോ നാലാമത്തെയോ ) രോഗ നിര്‍ണയം നടത്തുന്നതെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരി, വൈകിയുള്ള രോഗനിര്‍ണയം, മോശം ചികില്‍സ സ്വീകരിക്കല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളിലേക്ക് വഴിയൊരുക്കുന്നു. ഗ്രാമങ്ങള്‍ മറ്റ് ഉള്‍നാടന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ പരിമിതമായ സ്‌ക്രീനിംഗ് സൗകര്യങ്ങള്‍, സാമൂഹിക അവഗണന, രോഗനിര്‍ണയത്തെക്കുറിച്ചുള്ള ഭയം അല്ലെങ്കില്‍ കുടുംബാംഗങ്ങളുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള മടി, മറ്റ് കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി രോഗ നിര്‍ണയം വൈകിക്കുക തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ രോഗത്തിന്റെ ഉയര്‍ന്ന ഘട്ടത്തില്‍ നിന്നും രോഗികളുടെ അതിജീവന നിരക്ക് വലിയ തോതില്‍ കുറയാന്‍ കാരണമാകുന്നുവെന്നും ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ പ്രതിവര്‍ഷം മൊത്തം ജനസംഖ്യയില്‍ 1,00,000 പേരില്‍ 35 പേര്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നുവെന്ന് ഡോ.എന്‍ കെ വാര്യര്‍ അഭിപ്രായപ്പെട്ടു.ഏകദേശം ഒരു ദശാബ്ദം മുന്‍പാണ് ഈ രോഗം ഇന്ത്യക്കാരെ ബാധിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണം, കുറഞ്ഞ ശാരീരിക വ്യായാമം, ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം എന്നിവയുള്‍പ്പെടെയുള്ള കാരണങ്ങള്‍ മൂലം കേരളത്തിലെ സമ്പന്നരായ സ്ത്രീകളില്‍ ഈ രോഗബാധ ഗണ്യമായി വര്‍ധിച്ചു. എല്ലാ പ്രായത്തിലുള്ള സ്ത്രീകളിലും ഈ രോഗബാധ കണ്ടുവരുന്നു. സ്തനാര്‍ബുദം ഒരു ഹോര്‍മോണിനെ ആശ്രയിച്ചുള്ള രോഗാവസ്ഥ ആയതിനാല്‍, ആര്‍ത്തവവിരാമം അല്ലെങ്കില്‍ നേരത്തെയുള്ള ആര്‍ത്തവം തുടങ്ങി സ്ത്രീ ഹോര്‍മോണുകളിലുണ്ടാകുന്ന വ്യതിയാനം രോഗസാധ്യത വര്‍ധിപ്പിക്കുന്നുവെന്നും ഡോ.എന്‍ കെ വാര്യര്‍ വ്യക്തമാക്കി.
ഉയര്‍ന്ന രോഗനിരക്ക് കണക്കിലെടുത്തുകൊണ്ട് കേരളത്തിലെ സ്തനാര്‍ബുദ രോഗനിര്‍ണയം കൂടുതല്‍ കാര്യക്ഷമമാക്കുകയും അതിന്റെ ഫലമായി കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ദേശീയ ശരാശരിയെ അപേക്ഷിച്ച് വളരെ വേഗത്തിലുള്ള രോഗ നിര്‍ണയത്തില്‍ കാര്യമായ പുരോഗതി കൈവരിക്കുകയും ചെയ്തു. കേരളത്തിലെ സ്ത്രീകള്‍ക്ക് സ്തനാര്‍ബുദത്തെ പറ്റിയുള്ള അവബോധവും ഉയര്‍ന്ന സ്ത്രീ സാക്ഷരതയും ഇതിന് കാരണമായി കണക്കാക്കാമെന്നും ഡോ.എന്‍ കെ വാര്യര്‍ അഭിപ്രായപ്പെട്ടു.വ്യക്തിയുടെ നിര്‍ദ്ദിഷ്ട കേസിനെ അടിസ്ഥാനമാക്കി സ്തനാര്‍ബുദത്തിന് വിവിധതരം ചികില്‍സാ ഓപ്ഷനുകള്‍ ഇന്ന് ലഭ്യമാണെന്നും ഡോ.എന്‍ കെ വാര്യര്‍ വ്യക്തമാക്കി.