അവള്‍ തീര്‍ത്തത് മതില്‍ മാത്രമല്ല, വനിതാ മാളുമുണ്ട്

അതില്‍ മനോഹരമായ ഒന്നാണ് കോഴിക്കോട് കോര്‍പറേഷന്‍ കുടുംബശ്രീയുടെ സംരംഭമായ സ്ത്രീസൗഹൃദ മഹിളാമാള്‍. 250 പേര്‍ക്ക് നേരിട്ടും 500 പേര്‍ക്ക് പരോക്ഷമായുമായി തൊഴില്‍ നല്‍കുന്നതു പെണ്‍കൂട്ടായ്മയായ കുടുംബശ്രീയാണെന്നത് അല്‍ഭുതം തന്നെയല്ലേ.

Update: 2018-12-23 11:24 GMT


നാമെല്ലാം കുറച്ചുകാലമായി കേള്‍ക്കുന്നത് വനിതാ മതിലിനെ കുറിച്ചാണല്ലോ. വാദങ്ങളും പ്രതിവാദങ്ങളും അരങ്ങുതകര്‍ക്കുമ്പോഴും നമ്മളറിയണം, അവള്‍, പെണ്ണുങ്ങള്‍ കേരളത്തില്‍ ആകെ തീര്‍ത്തത് ഒരു മതില്‍ മാത്രമല്ല, അതിനേക്കാള്‍ വലിയ പലതുമാണെന്ന്. അതില്‍ മനോഹരമായ ഒന്നാണ് കോഴിക്കോട് കോര്‍പറേഷന്‍ കുടുംബശ്രീയുടെ സംരംഭമായ സ്ത്രീസൗഹൃദ മഹിളാമാള്‍. 250 പേര്‍ക്ക് നേരിട്ടും 500 പേര്‍ക്ക് പരോക്ഷമായുമായി തൊഴില്‍ നല്‍കുന്നതു പെണ്‍കൂട്ടായ്മയായ കുടുംബശ്രീയാണെന്നത് അല്‍ഭുതം തന്നെയല്ലേ.

സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷണര്‍, ലിഫ്റ്റുകള്‍, സിസിടിവി എന്നിവയടക്കം എല്ലാ അത്യാധുനിക സംവിധാനത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 54 സെന്റില്‍ 36,000 ചതുശ്ര അടി വിസ്തീര്‍ണത്തോടെയാണ് മാള്‍ സജ്ജീകരിച്ചിട്ടുള്ളത്. മാളിലെ 80 ഷോപ്പുകളും നടത്തുന്നത് വനിതകളാണ്. 90 ശതമാനം സംരംഭകരും കുടുംബശ്രീ അംഗങ്ങളാണ്. ബാക്കിയുള്ളവ സ്വകാര്യ വനിതാ സംരംഭകരും. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ ലഭിക്കും. കൂടാതെ വനിതാ ബാങ്ക് അടക്കമുള്ള വിവിധ സേവനങ്ങളുമുണ്ട്. താഴത്തെ നിലയില്‍ 25 കൗണ്ടറുകളുള്ള മൈക്രോ ബസാര്‍, പ്ലേ സോണ്‍, സൂപര്‍ മാര്‍ക്കറ്റ്, കഫേ റസ്‌റ്റോറന്റ് തുടങ്ങിയവയാണു പ്രവര്‍ത്തിക്കുന്നത്.

കുത്തക കമ്പനികളുടെ മാളുകളില്‍ കയറി യഥേഷ്ടം അവര്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കുമ്പോള്‍ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ നടത്തുന്ന ഇത്തരമൊരു സംരംഭത്തിനു പിന്തുണ നല്‍കേണ്ടത് നമ്മുടെ സാമൂഹിക ബാധ്യത കൂടിയല്ലേ. മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ച മഹിളാമാള്‍ ഉദ്ഘാടനത്തില്‍ കുടുംബശ്രീയുടെ തന്നെ നേതൃത്വത്തിലുള്ള വനിതാ ബാന്റ് സംഘമാണ് ആനയിച്ചത്. സേവനം, സുരക്ഷ, ശുചീകരണം, ഭരണ നിര്‍വഹണം എന്നിവയെല്ലാം പൂര്‍ണമായും വനിതകള്‍ നിര്‍വഹിക്കുന്ന കുടുംബശ്രീ വനിതാ മാള്‍ വയനാട് റോഡിലെ അഞ്ചുനില കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ തന്നെ ആദ്യത്തെ സമ്പൂര്‍ണ സ്ത്രീ സൗഹൃദ മാള്‍ ആണെന്ന പ്രത്യേകതയും ഇതിനുണ്ട്. 

Tags:    

Similar News