അന്തരീക്ഷ മലിനീകരണം ഇനി കൃത്യതയോടെ അളക്കാം
നൂതന സ്‌പെക്ട്രോസ്‌കോപ് സംവിധാനം കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(എന്‍ഐടി)യിലെ ഗവേഷകര്‍ വികസിപ്പിച്ചു.
കോഴിക്കോട്: അന്തരീക്ഷ മലിനീകരണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാവുന്ന വിരള വാതകങ്ങള്‍ (ട്രേസ് ഗ്യാസ്) അടക്കമുള്ളവയുടെ സാന്നിധ്യവും അളവും കൃത്യമായി മനസ്സിലാക്കുന്നതിനുള്ള നൂതന സ്‌പെക്ട്രോസ്‌കോപ് സംവിധാനം കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(എന്‍ഐടി)യിലെ ഗവേഷകര്‍ വികസിപ്പിച്ചു. പ്രകാശ വര്‍ണരാജി ഉപയോഗപ്പെടുത്തി വാതകസാന്നിധ്യം കണ്ടെത്തുന്ന സംവിധാനം മലിനീകരണകാലാവസ്ഥാ വ്യതിയാന പഠനങ്ങളില്‍ വഴിത്തിരിവായേക്കും.
കോഴിക്കോട് നഗരത്തില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ പുതിയ സംവിധാനം ഉപയോഗിച്ച് പഠനം നടത്തി. അപകടകാരികളായ വാതകങ്ങളുടെ സൂചകമായ നൈട്രേറ്റ് റാഡിക്കിളിന്റെ (NO3) സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന അയഡിന്‍, ബ്രോമിന്‍ എന്നിവയുടെ സാന്നിധ്യം തീരപ്രദേശങ്ങളിലും കണ്ടെത്തി. കേരളത്തില്‍ വാഹനങ്ങളുടെ പുകയില്‍നിന്നാണ് പ്രധാനമായും മാരകമായ വിഷമാലിന്യം അന്തരീക്ഷത്തിലെത്തുന്നത്.
100-150 പിപിടി ആണ് കോഴിക്കോട് നഗരത്തിലെ നൈട്രേറ്റ് റാഡിക്കിളിന്റെ സാന്നിധ്യം. പിപിടി എന്നാല്‍ ഒരുലക്ഷംകോടി തന്മാത്രകളില്‍ ഒന്ന്. നൈട്രേറ്റ് റാഡിക്കിളിന്റെ സാന്നിധ്യം തെളിയിക്കുന്നത് അന്തരീക്ഷത്തില്‍ നൈട്രജന്‍ ഡയോക്‌സൈഡും ഓസോണും ഉണ്ടെന്നാണ്. ഇവ കൂടിച്ചേര്‍ന്നാണ് നൈട്രേറ്റ് റാഡിക്കിള്‍ ഉണ്ടാവുന്നത്.