കൊക്കോ ദ്‌ മേർ: മിത്തും യാഥാര്‍ഥ്യവും കൂടിച്ചേര്‍ന്ന തെങ്ങ്

കൊക്കോ ദ്‌ മേർ പെണ്‍മരങ്ങള്‍ ഏകദേശം 100 വര്‍ഷം കഴിഞ്ഞാലേ കായ്ക്കുകയുളളൂ. ഇത് പൂവിട്ടാല്‍ തേങ്ങ മൂക്കാന്‍ 6-7 വര്‍ഷമെടുക്കും.

Update: 2020-07-28 17:20 GMT

കോഴിക്കോട്: ലോകത്തെ ഏറ്റവും ഭാരമേറിയ വിത്ത് ഏതിനാണെന്നു ചോദിച്ചാല്‍ അതിന്റെ ഉത്തരമാണ് കൊക്കോ ദ്‌ മേർ എന്ന ഇരട്ടത്തെങ്ങ്. ഒരു തേങ്ങക്ക് 15 മുതല്‍ 40 കിലോ ഗ്രാം വരെ ഭാരമുണ്ടാകും. ഇതിന്റെ ഒരു തേങ്ങ സ്വന്തമാക്കാന്‍ റോമന്‍ ചക്രവര്‍ത്തിയായ റുഡോള്‍ഫ് രണ്ടാമന്‍ 4000 സ്വര്‍ണനാണയങ്ങള്‍ നല്‍കിയെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയത്. ഇത്രയധികം വില നല്‍കാന്‍ എന്താണ് ഇതിന്റെ പ്രത്യേകത എന്നു തോന്നുണ്ടാകും. ഭൂമിയിലെ അപൂര്‍വ സസ്യങ്ങളില്‍ ഒന്നാണ് കൊക്കോ ദ്‌ മേർ തേങ്ങും പനയും ഒന്നായപോലെയുള്ള ഈ സസ്യം ഇരട്ടത്തെങ്ങന്നും അറിയപ്പെടുന്നു. ആണ്‍ മരങ്ങളും പെണ്‍ മരങ്ങളും വെവ്വേറെയായിട്ടാണ് കാണപ്പെടുന്നത്.കൊക്കോ ദ്‌ മേർ പെണ്‍മരങ്ങള്‍ ഏകദേശം 100 വര്‍ഷം കഴിഞ്ഞാലേ കായ്ക്കുകയുളളൂ. ഇത് പൂവിട്ടാല്‍ തേങ്ങ മൂക്കാന്‍ 6-7 വര്‍ഷമെടുക്കും. നട്ടാല്‍ മുളയ്ക്കാന്‍ രണ്ടു വര്‍ഷവും വേണം.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ സെഷല്‍സ് ദ്വീപ് സമൂഹങ്ങളിലാണ് ഇരട്ടത്തെങ്ങ് അധികവും ഉള്ളത്. 5000ത്തോളം വൃക്ഷങ്ങള്‍ മാത്രമാണ് അവിടെയുള്ളത്. ശ്രീലങ്ക, മാലി ദ്വീപ്, തായ്ലന്‍ഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും അപൂര്‍വ്വമായി ഇരട്ടത്തെങ്ങ് കാണപ്പെടുന്നുണ്ട്.




 


ഇന്ത്യയില്‍ ഈയിനത്തില്‍പ്പെട്ട ഒരേയോരു തെങ്ങ് മാത്രമാണുള്ളത്. ഹൗറയിലെ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ജഗദീഷ് ചന്ദ്രബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഇത്. സെഷല്‍സില്‍ നിന്നും 1894 ല്‍ കൊണ്ട് വന്ന വിത്തു തേങ്ങ നട്ടുണ്ടായതാണ് ഈ ഇരട്ടത്തെങ്ങ്. 1998 ല്‍ ആദ്യമായി ഈ വൃക്ഷം പൂവിട്ടപ്പോള്‍ മാത്രമാണ് ഇത് പെണ്‍മരമാണെന്നറിഞ്ഞത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പൂവിട്ടെങ്കിലും തേങ്ങ പിടിച്ചില്ല. 2013 ല്‍ തായ്ലാന്‍ഡില്‍ നിന്ന് വരുത്തിയ പൂമ്പൊടി ഉപയോഗിച്ചു നടത്തിയ കൃത്രിമപരാഗണമാണ് വിജയം കണ്ടത്. ഈ പരാഗണം വഴിയാണ് രണ്ടു ഇരട്ടത്തേങ്ങകള്‍ ഉണ്ടായി. 2013ല്‍ കായ പിടിച്ച തേങ്ങകള്‍ മൂപ്പെത്തിയത് ഈ വര്‍ഷം മെയ് മാസത്തിലാണ്. തെങ്ങില്‍ നിന്നും പറിച്ച അവ ഉടനെ തന്നെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റുകയാണ് ചെയ്തത്.




 


നൂറ്റാണ്ടുകളായി മനുഷ്യരെ കുഴക്കിയ വൃക്ഷമാണ് കൊക്കോ ദ്‌ മേർ . മാലദ്വീപ് തീരത്ത് അത്യപൂര്‍വ്വമായി ലഭിച്ചിരുന്ന കൊക്കോ ദ്‌ മേർ വിത്ത് കടലില്‍ നിന്നും വരുന്നതാണെന്നായിരുന്നു വിശ്വസിച്ചിരുന്നത്. ആള്‍താമസമില്ലാത്ത സെഷല്‍സ് ദ്വീപുകളിലെ മരങ്ങളില്‍ നിന്നും വിഴുന്ന തേങ്ങകള്‍ ഭാരം മൂലം കടലിന്റെ അടിത്തട്ടിലേക്കു പോകും. തൊണ്ടും ചകിരിയും അഴുകിയ ശേഷം പൊന്തിവരുന്ന തേങ്ങ മാലദ്വീപ് തീരങ്ങളിലേക്കാണ് ഒഴുകിയെത്തിയിരുന്നത്. അത്യപൂര്‍വ്വമായ ഇത്തരം തേങ്ങ കിട്ടിയാല്‍ മാലദ്വീപ് സുല്‍ത്താനു നല്‍കണമെന്ന് നിയമം പോലുമുണ്ടായിരുന്നു. കടലിന്റെ അടിത്തട്ടില്‍ വളരുന്ന അദ്ഭുത ശക്തിയുള്ള വിത്തായാണ് കൊക്കോ ദ്‌ മേറിനെ കണക്കാക്കിയിരുന്നത്. ഇരട്ടത്തേങ്ങ കൈവശമുണ്ടെങ്കില്‍ സര്‍വ്വ ഐശ്വര്യങ്ങളുമുണ്ടാകുമെന്ന് യൂറോപ്യന്‍മാരും വിശ്വസിച്ചിരുന്നു.


Tags:    

Similar News