ഔപചാരിക വിദ്യാഭ്യാസമില്ല; അറിവ് സ്വയം ആര്‍ജ്ജിച്ച അലി മണിക്ഫാന്റെ ജീവിതം
കോഴിക്കോട്: പ്രശസ്തനായ സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനും ഇസ്ലാമിക പണ്ഡിത്യവുമുള്ള അലി മാണിക്ഫാന് രാജ്യം പത്മശ്രീ നല്‍കി ആചരിച്ചു. ജീവിതരീതിയിലും വേഷത്തില്‍ പോലും ലാളിത്യം കാത്തുസൂക്ഷിച്ചു വന്ന മണിക്ഫാന് പത്മശ്രീ പുരസ്‌കാരം ലഭിച്ചപ്പോള്‍ പോലും തന്റെ ശൈലിയില്‍ മാറ്റമില്ലതെ തുടരുകയാണ്.
വേണ്ടത്ര അംഗീകാരങ്ങല്‍ ലഭിക്കുന്നില്ലലോ എന്ന ആളുകളുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി വളരെ ലളിതമായിരുന്നു.'മരുഭൂമിയില്‍ എത്രയോ തരം പൂക്കള്‍ ആരുമറിയാതെ വിരിയുന്നു, കൊഴിയുന്നു. അതുപോലെയാണ് എന്റെ ജീവിതവും.' അദ്ദേഹം പറയാറുണ്ടായിരുന്നു. ബഹുഭാഷാപണ്ഡിതന്‍, കപ്പല്‍നിര്‍മ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. മൂസ മാണിക്ഫാന്റേയും ഫാത്തിമ മാണിക്കയുടേയും മകനായി മിനിക്കോയ് ദ്വീപില്‍ 1938 മാര്‍ച്ച് 16ന് ജനിച്ചു
കാഴ്ച്ചയില്‍ പടുവൃദ്ധനായ ഒരു മലപ്പുറം കാക്ക. ഖുര്‍:ആനിലും ഇസ്‌ലാമികവിഷയങ്ങളിലും അഗാധ പാണ്ഡിത്യമുള്ളയാള്‍. പക്ഷേ, ബാക്കി കാര്യങ്ങള്‍ അങ്ങനെയല്ല,സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം ഇഷ്ടപ്പെടാതെ പാതിവഴിയില്‍ ഉപേക്ഷിച്ച അദ്ദേഹത്തിനു അക്കാഡമിക്ക് യോഗ്യത ഒന്നുമില്ല. ദ്വീപില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ കുറവായതിനാല്‍ പിതാവ് അലി മാണിക്ഫാനെ കേരളത്തിലെ കണ്ണൂരിലേക്ക് ഔപചാരിക വിദ്യഭ്യാസത്തിനായി അയച്ചു. എന്നാല്‍ വ്യവസ്ഥാപിത വിദ്യാഭ്യാസരീതിക്ക് എതിരായിരുന്നതിനാല്‍ അദ്ദേഹം വിദ്യാഭ്യാസം ഉപേക്ഷിക്കുകയും മിനിക്കോയിയിലേക്ക് മടങ്ങുകയും ചെയ്തു.വിദ്യാഭ്യാസം സ്വയം ആര്‍ജ്ജിക്കേണ്ടതാണെന്നാണ് ആദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതെ തന്നെ മാതൃഭാഷയായ ദിവേഹിക്കുപുറമെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബിക്, ലാറ്റിന്‍, ഫ്രഞ്ച്, പേര്‍ഷ്യന്‍, സംസ്‌കൃതം തുടങ്ങി പതിനഞ്ചോളം ഭാഷകളില്‍ അദ്ദേഹം പ്രാവീണ്യം നേടി. തുടര്‍ന്ന് സമുദ്രജീവിശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ദ്വീപിന്റെ തനതു സമ്പത്തായ കപ്പല്‍നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ അറിവ് സമ്പാദിക്കുന്നതില്‍ അദ്ദേഹം സമയം വിനിയോഗിച്ചു. 1956ല്‍ അദ്ധ്യാപകനായും തുടര്‍ന്ന് ഇന്ത്യ ഗവര്‍മെന്റിന്റെ ചീഫ് സിവില്‍ ഒഫീഷ്യലിന്റെ ഓഫീസിലും ജോലി ചെയ്തു. എന്നാല്‍ സമുദ്ര ഗവേഷണത്തോടുള്ള താത്പര്യം മൂലം 1960ല്‍ ഫിഷറീസ് വകുപ്പില്‍ ഗവേഷകനായി ചേര്‍ന്നു. സൂര്യ-ചന്ദ്ര ഗ്രഹണങ്ങളെ ആഴത്തില്‍ പഠന വിധേയമാക്കുകയും ഇസ്ലാമിക് കലണ്ടര്‍ പ്രചാരണത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ പണ്ഡിതനായും അദ്ദേഹം അറിയപ്പെടുന്നു. നിലവില്‍ തമിഴ്നാട്ടിലാണ് താമസം. കേരളത്തിലെത്തിയാല്‍ കോഴിക്കോടും പരപ്പനങ്ങാടിയിലുമെത്തും. മലബാറിലെവിടെ എത്തിയാലും പരപ്പനങ്ങാടിയിലെ ദീദി മഹല്ലും ശബാന മന്‍സിലും സന്ദര്‍ശിക്കുക പതിവാണ്.
സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹം, ലളിതമായ വേഷവിധാനവും പരിസ്ഥിതിക്കിണങ്ങിയ ജീവിത ശൈലിയും ഭക്ഷണശീലങ്ങളും മുന്നോട്ടുവെക്കുകയും തന്റെ ആശയങ്ങളുടെ പ്രായോഗിക രൂപമായി ജിവിക്കുകയും ചെയ്യുന്നുധഅവലംബം ആവശ്യമാണ്. സ്വന്തം വീട്ടിലെ വൈദ്യൂതോപകരണങ്ങളും വൈദ്യുതോര്‍ജ്ജം വരെ സ്വന്തമായി വികസിപ്പിച്ചുപയോഗിക്കുന്നു.പരീക്ഷണങ്ങള്‍ നടത്താനുള്ള വേദിയാകട്ടേ യെന്നുള്ള ആഗ്രഹത്താല്‍ തുറസ്സായ സ്ഥലത്ത് കുടില്‍ കെട്ടിയാണ് താമസം തുടങ്ങിയത്. സ്വന്തമായി നിര്‍മ്മിക്കുന്നതേ ഉപയോഗിക്കൂ എന്ന വാശിയാടെ അദ്ദേഹം തന്റെ വീട്ടിലെ ഫ്രിഡ്ജുമടക്കം സ്വന്തമായി നിര്‍മിച്ചു.
സ്വന്തമായി നിര്‍മ്മിച്ച മോട്ടോര്‍ ഘടിപ്പിച്ച സൈക്കിളില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കാണാന്‍ അദ്ദേഹം കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയതും ചരിത്രത്തിന്റെ ഭാഗമാണ്. 40 ദിവസത്തെ യാത്രയായിരുന്നു അത്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഇത്തരം സൈക്കിളുകള്‍ അദ്ദേഹം പിന്നീട് പലര്‍ക്കും വേണ്ടി നിര്‍മ്മിച്ചു നല്‍കി. ഇത്തരം സൈക്കിളുകളുടെ പേറ്റന്റും അദ്ദേഹത്തിന്റെ പേരിലാണ്. പാഴ് വസ്തുക്കള്‍ ഉപയോഗിച്ചാണ് അദ്ദേഹം സൈക്കിളുകള്‍ നിര്‍മ്മിച്ചത്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സിന്‍ബാദ് ഉലകം ചുറ്റിയ 'സിന്‍ബാദ് ദ് സെയിലര്‍' എന്ന കഥയില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് കപ്പലില്‍ ഉലകം ചുറ്റാന്‍ ഒരു സഘം മുന്നോട്ടുവന്നു. ടീം സെവെറിന്‍ എന്നായിരുന്ന ആ സംഘത്തിന്റെ പേര്. കപ്പല്‍ നിര്‍മ്മിക്കാനുള്ള ആളെ തേടിയുള്ള ഈ സംഘത്തിന്റെ അന്വേഷണം ഒടുവില്‍ എത്തിയത് അലിമണിക്ഫാനിലാണ്. മണിക്ഫാനും സംഘവും ഒരു വര്‍ഷമെടുത്ത് ടീം സെവെറിന് കപ്പല്‍ നിര്‍മ്മിച്ചു നല്‍കി. ടീം സെവെറിന്‍ 22 യാത്രികരുമായി ഒമാനില്‍ നിന്ന് ചൈന വരെ ആ കപ്പലില്‍ യാത്ര നടത്തി. കപ്പല്‍ നിര്‍മ്മിച്ച മണിക്ഫാനോടുള്ള ആദരസൂചകമായി ആ കപ്പല്‍ ഇപ്പോള്‍ മസ്‌ക്കത്തില്‍ ഒരു ചരിത്രസ്മാരകമായി സംരക്ഷിക്കുകയും ചെയ്യുന്നു.
അദ്ദേഹം കണ്ടെത്തിയ മീനിന് 'അബുഡഫ്ഡഫ് മണിക്ഫാനി' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 'ഡഫ്ഡഫ്' മല്‍സ്യവര്‍ഗത്തിലെ അനേകം സ്പിഷീസുകളിലൊന്നാണിത്. ഖുര്‍ആനിലും ഇസ്ലാമിക വിഷയങ്ങളിലും അഗാഥ പാണ്ഡിത്യമുള്ള മണിക്ഫാന്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ജോലി സംബന്ധമായാണ് തമിഴ്നാട്ടിലേക്ക് താമസം മാറിയത്.
ലോകത്ത് എല്ലായിടത്തുമുള്ളവര്‍ക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു ചന്ദ്രമാസ കലണ്ടര്‍ അദ്ദേഹം വര്‍ഷങ്ങളുടെ ഗവേഷണത്തിലൂടെ പുറത്തിറക്കി. ഇപ്പോള്‍ ഈ കലണ്ടറിന്റെ പ്രചരണാര്‍ത്ഥം ലോകമാകെ സഞ്ചരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. നാല് മക്കളാണ് അദ്ദേഹത്തിനുള്ളത്. ഇവര്‍ ആരും ഔപചാരിക വിദ്യാഭ്യാസ രീതികള്‍ പിന്തുടര്‍ന്നിട്ടില്ല. എങ്കിലും മകന്‍ മര്‍ച്ചന്റ്് നേവിയിലും മൂന്ന് പെണ്‍മക്കള്‍ അദ്ധ്യാപകരായും ജോലി ചെയ്യുന്നു. സൗദി, ഒമാന്‍, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയ്ക്കകത്ത് ജെ.എന്‍.യു പോലുള്ള നിരവധി കലാലയങ്ങളിലും അദ്ദേഹത്തിന്റെ പഠനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ലക്ഷദ്വീപ് എന്‍വയോണ്‍മെന്റ് ട്രസ്റ്റ്, യൂണിയന്‍ ടെറിറ്ററി ബില്‍ഡിങ് ഡെവലപ്‌മെന്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍, മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഫെല്ലോ, ഹിജ്‌റ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും അലി മണിക്ഫാന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഇന്നും തന്റെ ലക്ഷ്യങ്ങളുമായി യാതൊരു വിധ അസുഖങ്ങളുമില്ലാതെ ഒറ്റയ്ക്ക് ബസ്സില്‍ യാത്ര തുടരുകയാണ് അദ്ദേഹം. ഏതു സ്ഥലത്തും അദ്ദേഹത്തിന് പരിചയക്കാര്‍. ഏതു ബസ്സ്, എവിടെ ഇറങ്ങണം. എത്ര ദൂരം നടക്കണം, അടയാളമെന്ത് എല്ലാം കൃത്യമായി അദ്ദേഹത്തിനറിയാം.