ആദ്യ മാരുതി കാര്‍ പുനര്‍നിര്‍മിച്ചു: 37 വര്‍ഷത്തിനു ശേഷം
47,500 രൂപയായിരുന്നു അക്കാലത്ത് മാരുതി കാറിന്റെ വില. എന്നാല്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നല്‍കാന്‍ ആളുകള്‍ തയ്യാറായിരുന്നു. അത്രക്കായിരുന്നു ജപ്പാന്‍ നിര്‍മിത എഞ്ചിനില്‍ ഓടിയ മാരുതിക്കുണ്ടായിരുന്ന ഡിമാന്റ്.
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിയായിരുന്നു ഹര്‍പാല്‍ സിങിന് ആ കാറിന്റെ താക്കോല്‍ കൈമാറിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാരുതി ഉദ്യോഗ് ലിമിറ്റഡില്‍ നിന്നും ആദ്യമായി പുറത്തിറക്കിയതായിരുന്നു ആ കാര്‍. അംബാസിഡറും ഫിയറ്റും ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ നിരത്തിലേക്ക് ്‌സ്വപ്‌നം പോലെ പിറന്നുവീണതായിരുന്നു ആ കാര്‍. ആദ്യ മാരുതി സ്വന്തമാക്കാനുള്ള ഭാഗ്യശാലിയെ നറുക്കെടുപ്പിലൂടെയാണ് കമ്പനി തിരഞ്ഞെടുത്തത്. അങ്ങിനെയാണ് ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഹര്‍പാല്‍ സിങിന് ആദ്യ മാരുതി കാറിന്റെ ഉടമയാകാനുള്ള ഭാഗ്യം ലഭിച്ചത്.
1983 ഡിസംബര്‍ 14 ന് ഗുഡ്ഗാവിലെ ഫാക്ടറിയില്‍ നിന്ന് മാലകളാല്‍ പൊതിഞ്ഞ് പുറത്തുവന്ന ആദ്യ മാരുതി കാര്‍ ഗ്രീന്‍ പാര്‍ക്കിലെ ഹര്‍പാലിന്റെ വസതിയിലേക്കാണ് ഓടിയെത്തിയത്. പിറ്റേന്ന് ഹര്‍പാല്‍, ഭാര്യ ഗുല്‍ഷന്‍ബീര്‍ കൗര്‍, മൂത്തമകള്‍ ഗോവിന്ദര്‍ പാല്‍ കൌര്‍, ഭര്‍ത്താവ് തേജീന്ദര്‍ അലുവാലിയ, ഇളയ മകള്‍ സുനിത വാലിയ എന്നിവര്‍ക്കൊപ്പം മീററ്റിലേക്കുള്ള ആദ്യ യാത്ര ആസൂത്രണം ചെയ്തു. പോകുന്ന വഴിയിലെല്ലാം വന്‍ ജനക്കൂട്ടം കാര്‍ കാണാനെത്തിയിരുന്നു. നിര്‍ത്തിയ ഇടങ്ങളിലെല്ലാം ആള്‍ക്കാര്‍ ഓടിയെത്തി കാര്‍ തൊട്ടുനോക്കി. റോഡിലൂടെ കുതിച്ചുപായുന്ന കുഞ്ഞന്‍കാര്‍ എല്ലാവര്‍ക്കും കൗതുകമായിരുന്നു.
അക്കാലത്ത് പലരും മാരുതി 800 ന് അപേക്ഷിച്ചിരുന്നെങ്കിലും നറുക്കെടുപ്പിലൂടെയാണ് ഉടമകളെ കണ്ടെത്തിയത്. 47,500 രൂപയായിരുന്നു അക്കാലത്ത് മാരുതി കാറിന്റെ വില. എന്നാല്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നല്‍കാന്‍ ആളുകള്‍ തയ്യാറായിരുന്നു. അത്രക്കായിരുന്നു ജപ്പാന്‍ നിര്‍മിത എഞ്ചിനില്‍ ഓടിയ മാരുതിക്കുണ്ടായിരുന്ന ഡിമാന്റ്.
മാരുതി കമ്പനി സെന്‍ കാര്‍ പുറത്തിറക്കിയപ്പോള്‍ ആദ്യ കാര്‍ വിറ്റ് അതു വാങ്ങാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും ഹര്‍പാല്‍ തയ്യാറായില്ല. ഹര്‍പാലും ഭാര്യയും അതില്‍ തന്നെയായിരുന്നു എല്ലായിടത്തേക്കും സഞ്ചരിച്ചിരുന്നത്. 2010ല്‍ ഹര്‍പാല്‍ സിങ് മരിക്കുന്നതുവരെ അദ്ദേഹം ഈ കാര്‍ ഉപയോഗിച്ചു. 27 വര്‍ഷക്കാലം ഒരു കടുംബാംഗത്തെപോലെ ആയിരുന്നു ഹര്‍പാല്‍ തന്റെ കാര്‍ സംരക്ഷിച്ചത്. 2012ല്‍ ഹര്‍പാല്‍ സിങിന്റെ ഭാര്യ ഗുല്‍ഷന്‍ബീര്‍ കൗറും മരിച്ചതോടെ രാജ്യത്തെ ആദ്യ മാരുതി കാര്‍ ഉപയോഗിക്കാന്‍ ആരുമില്ലാതെയായി. പിന്നെ ഗ്രീന്‍പാര്‍ക്കിലെ അവരുടെ താമസസ്ഥലത്തിനു പുറത്ത് റോഡരുകില്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കുകയായിരുന്നു.
1983 മുതല്‍ 2010 വരെ മാരുതി കമ്പനി 29 ലക്ഷത്തോളം മാരുതി 800 കാറുകളാണ് നിര്‍മിച്ചത്. മാരുതിയുടെ വരവോടെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ വിപ്ലവം തന്നെയാണ് സംഭവിച്ചത്. അതിനു തുടക്കമിട്ട ആദ്യ കാര്‍ റോഡരികില്‍ അനാഥമായി കിടക്കുന്നത് വാര്‍ത്തയായതോടെ എജിഎം ടെക്‌നോളജീസ് എന്ന സ്ഥാപനം കാറിന്റെ പുനര്‍ നിര്‍മാണം ഏറ്റെടുക്കുകയായിരുന്നു. ഒരു വര്‍ഷം കൊണ്ട് നടത്തിയ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 6 ലക്ഷത്തിലധികം രൂപയാണ് ചിലവിട്ടത്.
വാഹനം നിരത്തിലിറങ്ങിയ കാലത്ത് ഇല്ലായിരുന്ന പവര്‍ സ്റ്റിയറിങ്, കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ച ഇന്റീരിയര്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയായിരുന്നു പുനര്‍ നിര്‍മാണം. എന്നാല്‍ 37 വര്‍ഷം മുന്‍പത്തെ 796 സിസി പെട്രോള്‍ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളൊന്നും നടത്തിയിട്ടില്ല. രാജ്യത്തെ ആദ്യ മാരുതി കാര്‍ അന്നത്ത ഉടമയായ ഹര്‍പാല്‍ സിങിന്റെ പേരില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്.