ചെന്നൈ: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് തമിഴ്‌നാട്. 2022 ജനുവരി 31 വരെ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും നിലവിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജനുവരി 10 വരെ നീട്ടുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും നീട്ടിയിട്ടുണ്ട്. ജനുവരി 10 വരെ ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസുകളുണ്ടായിരിക്കില്ല. അതേസമയം, ഒമ്പത് മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ക്കും കോളജുകള്‍, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ (ഐടിഐകള്‍) എന്നിവയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് നിയന്ത്രണങ്ങളോടെ ക്ലാസുകള്‍ അനുവദിക്കും.
റസ്റ്റോറന്റുകള്‍, തിയറ്ററുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, വിനോദം എന്നിവയ്ക്ക് പകുതിയോളം ആളുകളെ അനുവദിക്കും. ടെക്‌സ്‌റ്റൈല്‍സ്, ജ്വല്ലറി, ക്ലബ്ബുകള്‍, ജിമ്മുകള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സ്‌പോര്‍ട്‌സ്- യോഗ സെന്ററുകള്‍ എന്നിവയിലും പകുതിയോളം ആളുകള്‍ക്ക് പ്രവേശനം അനുവദിക്കും. വിവാഹങ്ങളില്‍ പരമാവധി 100 പേര്‍ക്കാണ് അനുമതി. സംസ്‌കാര ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് വരെ പങ്കെടുക്കാം. ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഓഡിറ്റോറിയങ്ങളിലെ ഗെയിമുകള്‍ 50 ശതമാനം കാണികളോടെ അനുവദിക്കും.
കൂടാതെ ഓപണ്‍ ഫീല്‍ഡുകളിലെ ടൂര്‍ണമെന്റുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങഗ് നടപടിക്രമങ്ങളോടെ അനുവദിക്കും. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കുള്ള നിലവിലെ നിരോധനം തുടരും. ആരാധനാലയങ്ങള്‍ക്ക് നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളും അതേപടി തുടരും. പ്രദര്‍ശനങ്ങളും പുസ്തകമേളകളും മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ ഉയരുന്നതിനൊപ്പം പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്ക പരത്തുന്ന സാഹചര്യത്തില്‍ക്കൂടിയാണ് അടിയന്തരമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.