കേരളപ്പിറവി ദിനം തലസ്ഥാനത്ത് ഇന്ത്യ-വിന്‍ഡീസ് ഏകദിനം

Update: 2018-09-04 16:45 GMT

തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മല്‍സരത്തിന് തിരുവനന്തപുരം സ്‌പോര്‍ട്‌സ്് ഹബ്ബ് സ്റ്റേഡിയം വേദിയാവും. ഒക്ടോബര്‍ നാലിന് ആരംഭിക്കുന്ന പരമ്പരയിലെ അഞ്ചാം മല്‍സരമാണ് തിരുവനന്തരപുരത്ത് നടക്കുക. മൂന്നാം മല്‍സരമാണ് ഇവിടെ നടക്കുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനവും മൂന്നു ട്വന്റി20 മല്‍സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര ഒക്ടോബര്‍ നാലിന് ആരംഭിച്ച് നവംബര്‍ 11ന് അവസാനിക്കും. ഉച്ചയ്ക്ക് 1.30നാണ് മല്‍സരം. ഏകദിനം കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ വച്ചു നടത്താനുള്ള തീരുമാനത്തില്‍ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിന്‍മാറിയതിനെതുടര്‍ന്നാണ് ഗ്രീന്‍ഫില്‍ഡ് വേദിയാവുന്നത്. ഐഎസ്എല്ലിനുവേണ്ടി തയ്യാറാക്കിയ ഗ്രൗണ്ട് ക്രിക്കറ്റ് പിച്ചിനുവേണ്ടി കുത്തിക്കിളയ്‌ക്കേണ്ടിവരും എന്നതിനാല്‍ അതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
കളിക്കാരും ഫുട്‌ബോള്‍ പ്രേമികളുമെല്ലാം ഇതിനെതിരേ രംഗത്തുവന്നു. ഫുട്‌ബോളിനായി സജ്ജമായിരിക്കുന്ന സ്റ്റേഡിയം മാറ്റുന്നതില്‍ സച്ചിന്‍ തെന്‍ഡുര്‍ക്കര്‍ അടക്കം രംഗത്തെത്തിയിരുന്നു. കൊച്ചി സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ ടര്‍ഫ് അത് പോലെ നിലനിര്‍ത്തണമെന്നും തിരുവനന്തപുരത്തെ അത്യാധുനിക സ്റ്റേഡിയമുള്ളപ്പോള്‍ കോടികള്‍ മുടക്കി ലോകകപ്പിനായി നിര്‍മിച്ച ടര്‍ഫ് പൊളിക്കരുതെന്ന് ഫുട്‌ബോള്‍ താരങ്ങളായ സികെ വിനീത്, റിനോ ആന്റോ, ഇയാന്‍ ഹ്യൂം, സുനില്‍ ഛേത്രി, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ഐഎം വിജയന്‍ എന്നിവരും രംഗത്തെത്തിയിരുന്നു. സച്ചിനും ശശി തരൂരിനും ബിസിസിഐ അധികൃതര്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിരുന്നു.
അതേസമയം ജനുവരിയില്‍ ആസ്‌ത്രേലിയക്കെതിരായി നടക്കുന്ന ഏകദിന മല്‍സരങ്ങളിലൊന്ന് കേരളത്തിന് ലഭിക്കുമെന്ന പ്രതീക്ഷ വെറുതെയായി. മല്‍സരത്തിനു തലസ്ഥാനത്ത് ഒരുക്കങ്ങള്‍ തുടങ്ങി. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ പിച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കോര്‍പറേറ്റ് ബോക്‌സുകളുടെ നിര്‍മാണവും ഗാലറിയിലെ ഗേറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. ടിക്കറ്റ് വില്‍പനയ്ക്കു പ്രഫഷനല്‍ ഏജന്‍സികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
Tags:    

Similar News