വിധികള്‍ നടപ്പാക്കുന്നില്ലെങ്കില്‍ കോടതികള്‍ അടച്ചുപൂട്ടുന്നതാണ് നല്ലത്: ജസ്റ്റിസ് അരുണ്‍ മിശ്ര

എജിആര്‍ കുടിശിക അടയ്ക്കാത്ത ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍, എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍, റിലയന്‍സ്, ടാറ്റ എന്നീ കമ്പനികള്‍ക്കും, കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ പിഴവ് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കുമെതിരേ കോടതി അലക്ഷ്യ നടപടി ആരംഭിച്ചു.

Update: 2020-02-14 07:17 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം കമ്പനികളില്‍നിന്ന് എജിആര്‍ കുടിശികയായ 1.47 ലക്ഷം കോടി രൂപ പിരിച്ചെടുക്കാത്തത് തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. കോടതി വിധി തടയാന്‍ ഒരു ഡസ്‌ക് ഓഫിസറിന് എന്ത് അധികാരമാണുള്ളതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് എം ആര്‍ ഷായും അടങ്ങുന്ന ബെഞ്ച് ആരാഞ്ഞു. ഡസ്‌ക് ഓഫിസറുടെ നടപടി ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെങ്കില്‍ കോടതി തന്നെ അടച്ചുപൂട്ടുന്നതാണ് നല്ലതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു.

അഴിമതി തുടച്ചുനീക്കാനുള്ള ശ്രമമാണ് തന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. എന്നാല്‍, ജുഡീഷ്യല്‍ വ്യവസ്ഥയില്‍ ബഹുമാനമില്ലാത്തവര്‍ ഈ രാജ്യത്ത് ജീവിക്കാതിരിക്കുന്നതാണ് നല്ലതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. എജിആര്‍ കുടിശിക അടയ്ക്കാത്ത ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍, എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍, റിലയന്‍സ്, ടാറ്റ എന്നീ കമ്പനികള്‍ക്കും, കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ പിഴവ് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കുമെതിരേ കോടതി അലക്ഷ്യ നടപടി ആരംഭിച്ചു. പണമടച്ചില്ലെങ്കില്‍ ടെലികോം കമ്പനികളുടെ സിഎംഡി മാരോടും ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥരോടും 17ന് നേരിട്ട് ഹാജരാവാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.

കോടതി ഉത്തരവ് പ്രകാരം പിരിക്കേണ്ട പണം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിരിക്കുന്നില്ല. ടെലികോം കമ്പനികള്‍ പണം നല്‍കുന്നുമില്ല. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ആരാഞ്ഞു. ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി ചോദിച്ചു. സുപ്രിംകോടതി വിധിക്കെതിരേ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ ഈ രാജ്യത്ത് ഇനി എന്ത് നിയമമാണ് അവശേഷിക്കുന്നതെന്നും ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികളാണ് ഏറ്റവും കൂടുതല്‍ തുക അടയ്ക്കാനുള്ളത്.

ടെലികോം മേഖലയില്‍ അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വലിയ തുക സര്‍ക്കാരിലേക്ക് അടയ്ക്കുന്നത് താങ്ങാന്‍ കഴിയില്ലെന്ന നിലപാടാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. സ്‌പെക്ട്രം യൂസേജ് ചാര്‍ജും കുടിശ്ശികയും ഉള്‍പ്പടെ 1.47 ലക്ഷം കോടിയാണ് ടെലികോം കമ്പനികള്‍ അടയ്‌ക്കേണ്ടത്. ടെലികോം വകുപ്പിന്റെ കണക്കനുസരിച്ച് ഭാരതി എയര്‍ടെല്‍ 23,000 കോടിയും, വോഡഫോണ്‍- ഐഡിയ 19,823 കോടിയും റിലയന്‍സ് 16,456 കോടിയും അടയ്ക്കാനുണ്ട്. കോടതിയില്‍ അടുത്തവാദം കേള്‍ക്കുന്നതിന് മുമ്പ് പിഴത്തുക അടച്ചുതീര്‍ക്കണമെന്നാണ് ഉത്തരവ്.



Tags:    

Similar News