ഐഎന്‍എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിന്റെ 54 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കാര്‍ത്തിയുടെ വ്യക്തിഗത സ്വത്തുക്കളും ഇന്ത്യ, ബ്രിട്ടന്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലുള്ള അദ്ദേഹത്തിന്റെ കമ്പനിയുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍, ഊട്ടി, ഡല്‍ഹിയിലെ ജോര്‍ബാഗ് എന്നിവിടങ്ങളിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. യുകെയിലെ സോമര്‍സെറ്റിലുള്ള കോട്ടേജും വീടും സ്‌പെയ്‌നിലെ ബാഴ്‌സലോണയിലുള്ള ടെന്നീസ് ക്ലബ്ബ് എന്നിവയും ഇതേ നിയമപ്രകാരം കണ്ടുകെട്ടിയിട്ടുണ്ട്.
അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ(എഎസ്്‌സിപിഎല്‍) പേരില്‍ ചെന്നൈയിലെ ബാങ്കിലുള്ള 90 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റും കണ്ടുകെട്ടി. കാര്‍ത്തിയുടെയും അദ്ദേഹവുമായി ബന്ധമുണ്ടെന്ന് കരുതുന്ന എഎസ്്‌സിപിഎല്ലിന്റെയും പേരിലുള്ളതാണ് സ്വത്തുക്കള്‍.
ഐഎന്‍എക്‌സ് മീഡിയക്ക് വിദേശത്ത് നിന്ന് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള ക്ലിയറന്‍സ് നല്‍കുന്നതില്‍ അനധികൃത ഇടപെടലുകള്‍ നടന്നു എന്ന ആരോപണത്തില്‍ സിബിഐ കേസെടുത്തിരുന്നു. 2007ല്‍ പി ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.