സ്വയം ദേശീയ വാദികളെന്ന് സങ്കല്‍പിച്ച് നടക്കുന്ന വിവരമില്ലാത്തവരുടെ വിമര്‍ശനങ്ങള്‍ അവഗണിക്കൂ: പി ചിദംബരം
കശ്മീരില്‍ തുടരുന്ന അടിച്ചമര്‍ത്തല്‍ നടപടികളുടെയും മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ തടവിലാക്കിയതിന്റെയും സാഹചര്യത്തിലായിരുന്നു സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കള്‍ പ്രമേയത്തില്‍ ഒപ്പുവെച്ചത്.
ന്യൂഡല്‍ഹി: യഥാര്‍ത്ഥ ചരിത്രം വായിക്കാതെ ചരിത്രം തിരുത്തിയെഴുതുന്ന, സ്വയം ദേശീയ വാദികളെന്ന് സങ്കല്‍പിച്ച് നടക്കുന്ന വിവരമില്ലാത്തവരുടെ അനാവശ്യ വിമര്‍ശനങ്ങള്‍ അവഗണിക്കണമെന്ന് പി ചിദംബരം. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പടെ ആറ് പാര്‍ട്ടികള്‍ പ്രമേയം പാസാക്കിയത് സംബന്ധിച്ച് ട്വിറ്ററില്‍ നടത്തിയ പ്രതികരണത്തിലാണ് ചിദംബരം വിവരമില്ലാത്ത ദേശീയ വാദികളെ അവഗണിക്കാന്‍ പറഞ്ഞത്. കശ്മീരില്‍ തുടരുന്ന അടിച്ചമര്‍ത്തല്‍ നടപടികളുടെയും മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ തടവിലാക്കിയതിന്റെയും സാഹചര്യത്തിലായിരുന്നു സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കള്‍ പ്രമേയത്തില്‍ ഒപ്പുവെച്ചത്.
നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, പിഡിപി നേതാവ്മെഹ്ബൂബ മുഫ്തി, ജമ്മു ആന്‍ഡ് കശ്മീര്‍ പിസിസി പ്രസിഡന്റ് ജി.എ മിര്‍, പീപിള്‍സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് സജദ് ഗാനി ലോണ്‍, സിപിഎമ്മിന്റെ എം.വൈ തരിഗാമി, അവാമി നാഷണല്‍ കോണ്‍ഗ്രസ് നേതാവ് മുസാഫര്‍ ഷാ എന്നിവരാണ് ശനിയാഴ്ച്ച പ്രമേയത്തില്‍ ഒപ്പു വെച്ചത്. ഇതിന് പിറകെ ബി.ജെ.പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന ജമ്മു ആന്‍ഡ് കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞിരുന്നു.
പ്രമേയത്തില്‍ പറഞ്ഞ ആവശ്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കണമെന്നും ആര്‍ട്ടിക്കിള്‍ 370 തിരിച്ച് പിടിക്കാന്‍ കഴിഞ്ഞ ദിവസം മുന്നിട്ടിറങ്ങിയ ആറ് മുഖ്യധാരാ പ്രതിപക്ഷ പാര്‍ട്ടികളുടെ ധൈര്യത്തെയും ഐക്യത്തെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും ചിദംബരം ട്വീറ്റ് ചെയ്തു.