ചൈനീസ് ആക്രമണം: പോപുലര്‍ഫ്രണ്ട് അപലപിച്ചു

ചൈനയുടെ നടപടിക്ക് യാതൊരു ന്യായീകരണവുമില്ല. 60 ചതുരശ്ര കീലോമീറ്ററോളം ഇന്ത്യന്‍ പ്രദേശം അടുത്തിടെ ചൈനീസ് സൈന്യം പിടിച്ചടക്കിയതോടെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം വഷളായത്.

Update: 2020-06-17 17:07 GMT

ന്യൂഡല്‍ഹി: ലഡാക്കിലെ ചൈനീസ് ആക്രമണത്തിലും ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതിലും പോപുലര്‍ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാം ശക്തമായി അപലപിച്ചു. ഇന്ത്യയുടെ പരമാധികാരത്തിലും രാജ്യാതിര്‍ത്തിയിലുമുള്ള ചൈനയുടെ തുടരെത്തുടെരെയുള്ള കടന്നുകയറ്റം ഓരോ ഇന്ത്യന്‍ പൗരനെയും അത്യന്തം അസ്വസ്ഥപ്പെടുത്തുന്നതാണ്. റിപോര്‍ട്ടുകള്‍ പ്രകാരം നമ്മുടെ ഇരുപതോളം സൈനികര്‍ ജീവന്‍ ബലിയര്‍പ്പിക്കുകയും നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജീവന്‍ വെടിഞ്ഞ സൈനികരുടെ കുടുംബങ്ങളോട് പോപുലര്‍ഫ്രണ്ടിന്റെ പേരില്‍ അദ്ദേഹം അത്യഗാധമായ അനുശോചനമറിയിച്ചു.

ചൈനയുടെ നടപടിക്ക് യാതൊരു ന്യായീകരണവുമില്ല. 60 ചതുരശ്ര കീലോമീറ്ററോളം ഇന്ത്യന്‍ പ്രദേശം അടുത്തിടെ ചൈനീസ് സൈന്യം പിടിച്ചടക്കിയതോടെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം വഷളായത്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിരവധി സൈനികേതര മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് ചൈനയുടെ അതിഹീനമായ പ്രകോപനം. സംഘര്‍ഷത്തിന് അയവു വരുത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് ഗല്‍വാന്‍ താഴ് വരയില്‍ ആക്രമണവും കൊലപ്പെടുത്തലും നടന്നത്. ഐക്യരാഷ്ട്ര സംഘടനയും അന്താരാഷ്ട്ര സമൂഹവും സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെടുകയും ചൈനയെക്കൊണ്ട് മറുപടി പറയിക്കുകയും ആണവ ശക്തികളായ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കുകയും വേണം. അയല്‍രാജ്യങ്ങള്‍തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ യുദ്ധം ആത്യന്തികമായ പരിഹാരമല്ലെന്ന് ഒഎംഎ സലാം ചൂണ്ടിക്കാട്ടി. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം. എന്നാല്‍ ചൈനയുടെ കടന്നുകയറ്റം തുടരാന്‍ അനുവദിക്കരുത്. അതേസമയം, സമയബന്ധിതമായും ഫലപ്രദമായും ഈ സാഹചര്യം നേരിടുന്നതിലും ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷിക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൗരന്‍മാരുടെ മനസ്സിലെ ഉല്‍ക്കണ്ഠ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥ മാണെന്നും അദ്ദേഹം പ്രസ്താവിച്ചു


Tags:    

Similar News