ത്രിപുരയിലെ മുസ്‌ലിം വേട്ട: സംസ്ഥാനത്താകെ പ്രതിഷേധം തീര്‍ത്ത് പോപുലര്‍ ഫ്രണ്ട്

Update: 2021-10-30 13:51 GMT

കോഴിക്കോട്: ത്രിപുരയില്‍ മുസ് ലിംകള്‍ക്കു നേരെ നടന്നുകൊണ്ടിരിക്കുന്ന വംശീയാതിക്രമങ്ങളില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ സംഗമം തീര്‍ത്തു. മുസ് ലിംകളെ കൊന്നൊടുക്കി ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാന്‍ വ്യാമോഹിക്കുന്ന വര്‍ഗീയതയുടെ വ്യാപാരികള്‍ക്കെതിരേ ഏതറ്റം വരെയും പോയി പ്രതിഷേധം തീര്‍ക്കുമെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. 

കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌റ്റേറ്റ് ബാങ്ക് പരിസരത്തു നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം സജീര്‍ കീച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി സി അനസ് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എ പി മഹ് മൂദ്, എന്‍ പി ഷക്കീല്‍, സി ഫൈസല്‍, ജാബിര്‍ പാപ്പിനിശ്ശേരി, നിസാര്‍ കാട്ടാമ്പള്ളി, ആരിഫ് നേതൃത്വം നല്‍കി.

മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അരീക്കോട് ടൗണില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. അരീക്കോട് പുത്തലത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം അരീക്കോട് മമത ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതു യോഗം പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സിറാജ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.

ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കും മുസ്‌ലിം ആരാധനാലയങ്ങള്‍ക്കും നേരെ ഹിന്ദുത്വ ഭീകരര്‍ നടത്തുന്ന വ്യാപക ആക്രമണം ഭരണകൂടത്തിന്റെ ഒത്താശയോടെയാണെന്ന് അദ്ദേഹം ആരോപിച്ചു. അക്രമം നിയന്ത്രിക്കുന്നതിനും ത്രിപുരയിലെ മുസ്‌ലിംകളെ രക്ഷിക്കുന്നതിനും അടിയന്തരമായി കേന്ദ്രസേനകളെ വിന്യസിക്കണമെന്നും മുസ്‌ലിംകള്‍ക്കെതിരായ അക്രമത്തില്‍ ത്രിപുര സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് അന്വേഷിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ അബ്ദുല്‍മജീദ് കാസിമി ആവശ്യപ്പെട്ടു. യോഗത്തില്‍ മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുസമദ് കാവന്നൂര്‍ സ്വാഗതം പറഞ്ഞു. ജില്ലാ സമിതി അംഗം സജ്ജാദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു അരീക്കോട് ഡിവിഷന്‍ സെക്രട്ടറി നൗഫല്‍ കീഴ്‌ശ്ശേരി നന്ദി പറഞ്ഞു. 

സമധാനപരമായി ജീവിക്കുന്ന ജനതക്കിടയില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തെറിഞ്ഞ് കലാപത്തിന് കോപ്പ് കൂട്ടുന്ന സംഘപരിവാറിനെ ജനികീയമായി ചെറുക്കുകയാണ് വേണ്ടതെന്ന് എറണാകുളത്ത് നടന്ന പ്രതിഷേധപരിപാടിയില്‍ പോപുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലീം പറഞ്ഞു. മാറി വന്ന സര്‍ക്കാരുകള്‍ സംഘപരിവാര്‍ ഭീകരര്‍ക്ക് വെള്ളവും വളവും നല്‍കുമ്പോള്‍ പ്രതിരോധം ജനങ്ങളുടെ ഉത്തരവാദിത്വമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം വഞ്ചി സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച പ്രകടനം മേനകയില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറിമാരായ അറഫ മുത്തലിബ്, സി.എ ഷിജാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സുധീര്‍ കുഞ്ഞുണ്ണിക്കര, നജീബ് എറണാകുളം തുടങ്ങിയവര്‍ സംസാരിച്ചു. 

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങള്‍ക്ക് പ്രതികാരമായാണ് ത്രിപുരയില്‍ മു സ് ലിംകളെ ആക്രമിക്കുന്നതെന്നാണ് സംഘപരിവാര്‍ ഭാഷ്യം. എന്നാല്‍ ബംഗ്ലാദേശ് സര്‍ക്കാരാകട്ടെ അക്രമം നടത്തിയവര്‍ക്കെതിരേ മതഭേദമില്ലാതെയും മുഖം നോക്കാതെയും നടപടിയെടുത്തു.

Tags:    

Similar News