യുഎപിഎ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല; എട്ട് മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ ജാമ്യം
പി.എഫ്.ഐ ഭീകരപ്രസ്ഥാനമല്ലെന്നും മദ്രാസ് കോടതി ചൂണ്ടിക്കാട്ടി.
ചെന്നൈ: നിരോധനത്തിനു മുന്നോടിയായി അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടയ്ക്കപ്പെട്ട എട്ട് മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് മദ്രാസ് ഹൈക്കോടതി ജാമ്യം നല്‍കി. ഭീകരവാദ പരിശീലനത്തില്‍ പങ്കെടുത്തതിന് തെളിവില്ലെന്നും അതിനാല്‍ യുഎപിഎ പ്രകാരം ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ ഹൈക്കോടതിയുടൈ നിര്‍ണായക ഇടപെടല്‍. എന്‍ ഐഎ അറസ്റ്റ് ചെയ്ത ബറകത്തുല്ല, ഇദ് രീസ്, മുഹമ്മദ് അബൂതാഹിര്‍, ഖാലിദ് മുഹമ്മദ്, സയ്യിദ് ഇസ്ഹാഖ്, ഖാജാ മുഹ് യുദ്ദീന്‍, യാസര്‍ അറഫാത്ത്, ഫയാസ് അഹ്മദ് എന്നിവര്‍ക്കാണ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ജാമ്യം നല്‍കിയത്. ഇവര്‍ ഏതെങ്കിലും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനോ ഏതെങ്കിലും ഭീകരവാദ സംഘങ്ങളില്‍ അംഗമായതിനോ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിസുമാരായ എസ് എസ് സുന്ദര്‍, സുന്ദര്‍ മോഹന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
ഹരജിക്കാരുമായി ബന്ധമില്ലാത്ത തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ കുറ്റാരോപണം നടത്തിയത്. ഇവര്‍ക്കെതിരെയുള്ള കുറ്റപത്രവും ആരോപണങ്ങളും വസ്തുതാപരമല്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അത് ഭീകരപ്രസ്ഥാനമല്ല. അതിനാല്‍തന്നെ അതില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് ഇവരെ ഭീകരവാദികളായി കുറ്റം ചാര്‍ത്താനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഒരു ലക്ഷം വീതം ജാമ്യത്തുകയായി കെട്ടിവയ്ക്കണമെന്ന നിബന്ധനയോടെയാണ് എട്ടുപേര്‍ക്കും ജാമ്യം അനുവദിച്ചത്. അടുത്ത ഉത്തരവ് വരെ ദിവസവും രാവിലെ 10നു എഐഎ പ്രത്യേക കോടതിയില്‍ ഹാജരാവമെന്നും നിര്‍ദേശമുണ്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തും വിദേശത്തുനിന്നും പണം പിരിച്ചെന്നും കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ധനസമാഹരണം നടത്തിയതെന്നുമായിരുന്നു ഇവര്‍ക്കെതിരായ ആരോപണം. കഴിഞ്ഞ ജനുവരിയില്‍ ചെന്നൈയിലെ എന്‍ഐഎ പ്രത്യേക കോടതി ഇവരുടെ ജാമ്യഹരജി തള്ളിയിരുന്നു.