കൊവിഡ് 19: പ്രവാസികളുടെ ദുരിതമകറ്റാന്‍ ഇന്ത്യന്‍ എംബസികള്‍ അടിയന്തിരമായി ഇടപെടണം- പി കെ കുഞ്ഞാലിക്കുട്ടി

ഭക്ഷണവും പാര്‍പ്പിടവും അടക്കമുള്ള അടിയന്തര സഹായമുറപ്പാക്കാനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് (ഐസിഡബ്ല്യൂഎഫ്) ഉപയോഗിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Update: 2020-04-08 10:52 GMT

ന്യൂഡല്‍ഹി: കോവിഡ് മഹാവ്യാധി പടര്‍ന്ന് പിടിച്ച രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അവരുടെ ദുരിതമകറ്റാന്‍ ഇന്ത്യന്‍ എംബസികള്‍ സജീവമായി ഇടപെടണമന്നും പി കെ കുഞ്ഞാലിക്കുട്ടി. ഭക്ഷണവും പാര്‍പ്പിടവും അടക്കമുള്ള അടിയന്തര സഹായമുറപ്പാക്കാനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് (ഐസിഡബ്ല്യൂഎഫ്) ഉപയോഗിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ആവശ്യങ്ങളുന്നയിച്ച് മുസ്ലിംലീഗ് എംപിമാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി എംപിയുമായി ഫോണില്‍ ബന്ധപ്പെട്ട വിദേശകാര്യമന്ത്രി ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍ അവിദഗ്ധ തൊഴിലാളികളായി ജോലിയെടുക്കുന്നവരില്‍ ഏറെയും മലയാളികളാണ്. അവരുടെ ദൈന്യദിന ആവശ്യങ്ങള്‍പോലും നടക്കാതെ ഏറെ ബുദ്ധിമുട്ടുകയാണവര്‍. പ്രത്യേകിച്ച് യുഎഇ, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ വന്‍പ്രതിസന്ധിയാണ് നേരിടുന്നത്. കെഎംസിസി അടക്കമുള്ള സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍മാര്‍ പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന ബുദ്ദിമുട്ടുകള്‍ വിവരിച്ച് തന്നെ ബന്ധപ്പെടുന്നുണ്ട്. കൊവിഡ് വ്യാപനം ഉണ്ടാവുന്നതോടെ ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന സാഹചര്യമുണ്ട്.

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മതിയായ വൈദ്യസഹായം ഉറപ്പാക്കാന്‍ ഐസിഡബ്ല്യൂഎഫ് ഫണ്ട് ഉപയോഗിക്കാന്‍ തയ്യാറാവണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പ്രവാസികള്‍ക്ക് സഹായമുറപ്പാക്കാന്‍ എംബസികള്‍ തയ്യാറാവണമന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രിയെ കൂടാതെ റിയാദ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, അബൂദാബി ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാര്‍, ദുബായ് ഇന്ത്യന്‍ സ്ഥാനപതി പിപുല്‍ എന്നിവര്‍ക്കും എംപി ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തയച്ചു.

Tags:    

Similar News