സിപിഎം ഭൂരിപക്ഷ വര്‍ഗീയതയെ തലോടുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറത്തെ വസതിയില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം സിപിഎമ്മിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും ആഞ്ഞടിച്ചത്.
മലപ്പുറം: ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ വിവാദ പ്രസ്താനവനയ്‌ക്കെതിരേ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സിപിഎം ഭൂരിപക്ഷ വര്‍ഗീയതയെ തലോടുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സിപിഎം ഭരണത്തില്‍ വിവിധ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കടുത്ത അവഗണനയാണ് നേരിട്ടതെന്നും ആരോപിച്ചു.
മലപ്പുറത്തെ വസതിയില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം സിപിഎമ്മിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും ആഞ്ഞടിച്ചത്. ബിജെപി ഭാഷയിലാണ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ സംസാരിക്കുന്നത്. വര്‍ഗീയതയുടെ കാര്യത്തില്‍ വേര്‍തിരിവെന്തിനെന്നും എല്ലാവര്‍ഗീയതയും തള്ളി പറയാന്‍ കഴിയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വോട്ടു തട്ടാനാണ് ഭൂരിപക്ഷ വര്‍ഗീയതയെ തലോടുന്നത്. എ വിജയരാഘവനെ മതേതര വിശ്വാസികള്‍ കരുതിയിരിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ബിജെപിയുടെ ദേശീയ തലത്തിലുള്ള രീതിയാണ് സംസ്ഥാനത്ത് സിപിഎം പിന്തുടരുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളോട് അനുകൂല സമീപനമല്ല സിപിഎമ്മിന്. ഈ ശ്രീധരന്‍ ബിജെപിയിലേക്ക് പോയത് വലിയ കാര്യമായി കാണുന്നില്ലന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒറ്റപ്പെട്ട ആരെങ്കിലും പോയതുകൊണ്ട് കാര്യമില്ല. ജനങ്ങള്‍ ബിജെപിയിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.