ബിജെപി ഓഫിസില്‍ കടന്നു കയറി തൃണമൂല്‍ ചിഹ്നം പതിച്ച് മമതാ ബാനര്‍ജി
നോര്‍ത്ത് 24 പരാഗന ജില്ലയിലെ ബിജെപി ഓഫിസിലെ കാവി നിറത്തിലുള്ള ചുമരിലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നം പതിച്ചത്.
കൊല്‍ക്കത്ത: ബിജെപി ഓഫിസില്‍ കടന്നുകയറി ചുമരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നം പതിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോര്‍ത്ത് 24 പരാഗന ജില്ലയിലെ ബിജെപി ഓഫിസിലെ കാവി നിറത്തിലുള്ള ചുമരിലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നം പതിച്ചത്.
തങ്ങളുടെ ഓഫിസാണിതെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി അര്‍ജുന്‍ സിങിന്റെ അനുയായികള്‍ തങ്ങളുടെ ഓഫിസ് പിടിച്ചെടുക്കുകയായിരുന്നുവെന്നും മമത പറഞ്ഞു. മെയ് 30ന് പ്രധാനമന്ത്രിയായി രണ്ടാം തവണയും നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്ന സമയം നോര്‍ത്ത് പരാഗന ജില്ലയിലെ നയ്ഹാതിയില്‍ പ്രതിഷേധത്തിലായിരുന്നു മമത. പ്രതിഷേധത്തിന് പിന്നാലെ ബിജെപി ഓഫിസിലേക്ക് പോയ മമത വാതില്‍ കുത്തിത്തുറക്കുകയും ചുവരില്‍ പാര്‍ട്ടി പേരും ചിഹ്നവും പതിക്കുകയും ചെയ്ത് ഓഫിസ് തിരിച്ചു പിടിക്കുകയായിരുന്നു.
കറുത്ത പെയിന്റ് ഉപയോഗിച്ച് പാര്‍ട്ടി ചിഹ്നം ചുമരില്‍ പതിക്കാനും മമത മറന്നില്ല. ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ 18 സീറ്റും നേടിയതോടെ സംസ്ഥാനത്തെ നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ ബിജെപി കയ്യേറിയിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 34 സീറ്റുകളില്‍ വിജയിച്ച ടിഎംസിക്ക് ഇത്തവണ ലഭിച്ചത് 22 സീറ്റുകളാണ്.