ഭര്‍തൃപിതാവ് ബലാത്സംഗത്തിനിരയാക്കിയെന്ന് പരാതിപ്പെട്ടതിന് മര്‍ദ്ദനം; യുവതിയുടെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരേ കേസെടുത്തു
തന്നോടുള്ള ഭര്‍തൃപിതാവിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അറിയിച്ചപ്പോള്‍ ഭര്‍ത്താവ് തന്നെ പിന്തുണച്ചില്ലെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു.
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ ഭര്‍തൃപിതാവ് ബലാത്സംഗത്തിനിരയാക്കിയതായി യുവതിയുടെ പരാതി. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. തന്നോടുള്ള ഭര്‍തൃപിതാവിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അറിയിച്ചപ്പോള്‍ ഭര്‍ത്താവ് തന്നെ പിന്തുണച്ചില്ലെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം വിവാഹിതരായ ദമ്പതികള്‍ ഗ്രേറ്റര്‍ നോയിഡയിലെ പൂര്‍വഞ്ചല്‍ ഹൈറ്റ്‌സ് സൊസൈറ്റിയിലാണ് താമസിസിച്ചിരുന്നത്.
ജൂണ്‍ മാസത്തില്‍ ഭര്‍തൃപിതാവിന്റെ ബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട താന്‍ ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ പിന്തുണച്ചില്ലെന്നും യുവതി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. തന്നെ കുടുംബം മര്‍ദ്ദിച്ചതായും അതിനുശേഷം സ്വന്തം മാതാപിതാക്കളോടൊപ്പം സെക്ടര്‍ ബീറ്റ 2ലേക്ക് താമസം മാറ്റിയെന്നും യുവതി ആരോപിച്ചു.
സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ ഐപിസിയിലേയും സ്ത്രീധന നിരോധന നിയമത്തിലേയും വിവിധ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡിസിപി വൃന്ദ ശുക്ല അറിയിച്ചു. ഇയാളുടെ രണ്ടാമത്തെ വിവാഹമാണിതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അവര്‍കൂട്ടിച്ചേര്‍ത്തു.