നോയിഡയില്‍ യുവതിക്ക് നേരേ ബിജെപി നേതാവിന്റെ കൈയേറ്റം: ഭാര്യ ഉള്‍പ്പെടെ നാലുപേര്‍ കസ്റ്റഡിയില്‍, ശ്രീകാന്ത് ത്യാഗി ഒളിവില്‍

Update: 2022-08-06 13:40 GMT

നോയിഡ: രാജ്യതലസ്ഥാനത്തിന് സമീപം നോയിഡയിലെ ഹൗസിങ് സൊസൈറ്റിയില്‍ യുവതിയെ ബിജെപി നേതാവ് കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഭാര്യ ഉള്‍പ്പെടെ നാലുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍ പോയിരിക്കുന്ന ബിജെപി നേതാവ് ശ്രീകാന്ത് ത്യാഗിയെ പിടികൂടാന്‍ നോയിഡ പോലിസ് തീവ്രശ്രമം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ എവിടെയാണുള്ളതെന്ന് കണ്ടെത്താനാണ് ഭാര്യയടക്കം നാലുപേരെ പോലിസ് കസ്റ്റഡിയിലെടുത്തത്. പ്രതിയായ ത്യാഗിയെ പിടികൂടാന്‍ തങ്ങള്‍ നാല് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ചോദ്യം ചെയ്യലിനായി ഭാര്യയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്- മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ത്യാഗിയുടെ ഭാര്യയെ കൂടാതെ സഹോദരന്‍, ഡ്രൈവര്‍, മാനേജര്‍ എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. എല്ലാവരെയും ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണെന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് നോയിഡയിലെ സെക്ടര്‍ 93 ബിയിലെ ഗ്രാന്‍ഡ് ഒമാക്‌സിലെ പാര്‍ക്ക് ഏരിയയില്‍ മരങ്ങളും ചെടികളും നടുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൈയേറ്റത്തില്‍ കലാശിച്ചത്. ബിജെപി നേതാവ് ശ്രീകാന്ത് ത്യാഗിയാണ് അയല്‍വാസിയായ യുവതിയെ തള്ളിയിടുകയും അസഭ്യം പറയുകയും യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ട്വിറ്ററില്‍ നല്‍കിയ വിവരം അനുസരിച്ച് ബിജെപി കിസാന്‍ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും യുവ കിസാന്‍ സമിതിയുടെ ദേശീയ കോഓഡിനേറ്ററുമാണ് ശ്രീകാന്ത് ത്യാഗി. പൊതുസ്ഥലത്തും പാര്‍ക്കിലും അതിക്രമിച്ച് കയറി ശ്രീകാന്തുമായി ഭീഷണിപ്പെടുത്തിയെന്ന് അയല്‍വാസികള്‍ ആരോപിക്കുന്നു. ശ്രീകാന്തുമായി യുവതി തര്‍ക്കത്തിലേര്‍പ്പെടുന്നത് ദൃശ്യത്തിലുണ്ട്. അതിനിടെ ഇയാള്‍ യുവതിയെ പിടിച്ചുതള്ളുകയും തല്ലാനായി കൈയോങ്ങുകയും ചെയ്യുന്നുണ്ട്. യുവതി സംയമനം പാലിക്കുകയും നിയമങ്ങള്‍ പാലിക്കാന്‍ ത്യാഗിയോട് ശാന്തമായി ആവശ്യപ്പെടുകയും ചെയ്യുന്നു.

ഹൗസിങ് സൊസൈറ്റിയിലെ മറ്റ് അംഗങ്ങളും സെക്യൂരിറ്റി ഗാര്‍ഡുകളും ത്യാഗിക്കും സ്ത്രീക്കും ചുറ്റും നില്‍ക്കുന്നതായി കാണാം. സ്ത്രീയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും അതില്‍ ഇടപെടാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ ഇയാള്‍ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. 'താന്‍ ഗ്രാന്‍ഡ് ഒമാക്‌സിലാണ് താമസിക്കുന്നത്. താഴത്തെ നിലയില്‍ താമസിക്കുന്ന ശ്രീകാന്ത് ത്യാഗി പൊതുസ്ഥലത്ത് ചെറുതും വലുതുമായ ചെടികള്‍ നട്ടുപിടിപ്പിക്കുകയായിരുന്നു. അവ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം വിസമ്മതിച്ചു.

താന്‍ അവ നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ തനിക്കും ഭര്‍ത്താവിനും കുട്ടികള്‍ക്കും നേരെ അസഭ്യം പറഞ്ഞു. മോശമായ വാക്കുകളാണ് ഉപയോഗിച്ചത്. അവന്‍ തന്നെ തള്ളിയിടുകയും ചെടികളില്‍ തൊട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. നിങ്ങളെ ഞാന്‍ കാണേണ്ട രീതിയില്‍ കാണുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു' ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ യുവതി പറയുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം ശ്രീകാന്തിനെതിരേ നോയിഡ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Tags:    

Similar News