സന്ന്യാസിക്കെന്തിനാ ചുവപ്പു പരവതാനി; ട്വിറ്ററിൽ മോദിക്കെതിരേ വിമർശനം

Update: 2019-05-19 01:56 GMT

കേദാര്‍നാഥ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനവും സൈബർ ലോകത്ത് ട്രോളൻമാർ ആഘോഷിക്കുകയാണ്. ഏകാന്ത ധ്യാനത്തിനിടെ കാമറകൾക്ക് പോസ് ചെയ്യുന്നതും കേദർനാഥിലൊരുക്കിയ ചുവപ്പ് പരവതാനിയുമാണ് സോഷ്യൽമീഡിയയിലെ പ്രധാന ചർച്ച. ത്യാ​ഗജീവിതം നയിക്കുന്നെന്ന് അവകാശപ്പെടുന്ന സന്ന്യാസിക്കെന്തിനാണ് ചുവപ്പു പരവതാനി വിരിച്ചിരിക്കുന്നതെന്നും പലരും വിമർശിക്കുന്നുണ്ട്. ലോക പ്രസിദ്ധമായ കാന്‍ ചലച്ചിത്രോൽസവത്തിലെ റെഡ് കാര്‍പെറ്റില്‍ താരങ്ങള്‍ തിളങ്ങുന്നതുപോലെയാണോ മോദിയുടെ സഞ്ചാരം എന്ന ചോദ്യമാണ് നിരവധി പേര്‍ ട്വിറ്ററിലൂടെ ഉയര്‍ത്തുന്നത്. ഏകാന്ത ധ്യാനത്തിനിടയിലെ ക്യാമറ കണ്ണുകളെ പരിഹസിച്ച് തമിഴ് നടന്‍ പ്രകാശ് രാജ് അടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

മോദിയുടെ ധ്യാനവുമായി ബന്ധപ്പെട്ടുള്ള നിരവധി ട്രോളുകളില്‍ ചിലതിങ്ങനെയാണ്. കേദര്‍നാഥിലെ നിരവധി പ്രദേശങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്ത മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ദീപല്‍ ത്രിവേദി ഇപ്രകാരം ട്വീറ്റ് ചെയ്തിരിക്കുന്നു. നല്ല ചിത്രങ്ങള്‍. ഏതാണ് കാമറ ? എന്തായാലും 1988ല്‍ നിങ്ങളുടെ കൈവശമുള്ള ആ ഡിജിറ്റല്‍ കാമറയല്ലെന്ന് പ്രതീക്ഷിക്കുന്നു.

മറ്റൊന്ന് ദേശീയ ന്യൂസ് ഏജന്‍സി എഎന്‍ഐയ്‌ക്കെതിരായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ് ഓഫിസായി ജോലി നിര്‍വഹിക്കുന്നുവെന്നായിരുന്നു എഎന്‍ഐയ്‌ക്കെതിരേയുള്ള വിമര്‍ശനം. ധ്യാനത്തിനെത്തിയ മോദി മാധ്യമങ്ങളെ പുറത്താക്കിയപ്പോള്‍ ഔദ്യോഗികമായി ചിത്രങ്ങള്‍ ലഭിച്ചത് എഎന്‍െഎയ്ക്കായിരുന്നു.

പിന്നൊന്ന് നേരത്തെ ധ്യാനം തുടങ്ങിയ മോദിയെ ട്രോളിയായിരുന്നു. കുറച്ച് സമയങ്ങള്‍ക്കകം ധ്യാനം തുടങ്ങുമെന്ന് അറിയിച്ചുള്ള എഎന്‍ഐ ട്വീറ്റിന് അകമ്പടിയായി മോദി ധ്യാനത്തിലിരിക്കുന്ന ചിത്രമായിരുന്നു നല്‍കിയത്. തുടര്‍ന്ന് ഈ പിഴവ് ട്രോളന്‍മാര്‍ ശരിക്കും മുതലെടുത്തു.








Similar News