പ്രളയത്തിന് ശേഷം വിണ്ടുകീറി മലയോരം; പ്രദേശവാസികള്‍ ഭീതിയില്‍
പ്രളയത്തിന് ശേഷം മലയോര മേഖലയില്‍ വന്‍ വിള്ളലുകള്‍. കോഴിക്കോട് ജില്ലയിലെ കുമ്പളച്ചോല തിനൂര്‍ വില്ലേജില്‍പ്പെട്ട തരിപ്പ് മലയിലാണ് ഏക്കര്‍ കണക്കിന് ഭൂമി വിണ്ടുകീറിയിരിക്കുന്നത്.
കോഴിക്കോട്: പ്രളയത്തിന് ശേഷം മലയോര മേഖലയില്‍ വന്‍ വിള്ളലുകള്‍. കോഴിക്കോട് ജില്ലയിലെ കുമ്പളച്ചോല തിനൂര്‍ വില്ലേജില്‍പ്പെട്ട തരിപ്പ് മലയിലാണ് ഏക്കര്‍ കണക്കിന് ഭൂമി വിണ്ടുകീറിയിരിക്കുന്നത്. ഇതിന് 200 മീറ്റര്‍ അപ്പുറത്തായി പ്രവര്‍ത്തിച്ചിരുന്ന ക്വാറിയാണ് വിള്ളലിന് കാരണമായിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്വാറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഭൂമി വിണ്ടുകീറിയത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞദിവസം സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ബുധനാഴ്ച വില്ലേജ് ഓഫിസറും പോലിസും ഫയര്‍ഫോഴ്‌സുമെല്ലാം സ്ഥലം സന്ദര്‍ശിച്ചിരുന്നു. അടുത്തദിവസം ജിയോളജി വകുപ്പ് അധികൃതരും എത്തുന്നുണ്ട്. വിള്ളല്‍ രൂപപ്പെട്ടതിന്റെ തൊട്ടടുത്ത് താമസക്കാരില്ലെങ്കിലും താഴെഭാഗത്തുകൂടി ഒഴുകുന്ന തോടിന്റ കരഭാഗങ്ങളില്‍ വീടുകളുണ്ട്. കനത്ത മഴയില്‍ ഉരുള്‍ പൊട്ടല്‍ സാധ്യത കൂടുതലുള്ളതിനാല്‍ താഴ്‌വാരത്തെ താമസക്കാരോട് തല്‍ക്കാലത്തേക്ക് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടതായി തിനൂര്‍ വില്ലേജ് ഓഫിസര്‍ എ കെ സുരേഷ് അറിയിച്ചു.