കോഴിക്കോട്: 2019 വർഷത്തെ രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്കാരം മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിലെ ലീഡിങ് ഫയർമാനും ജില്ലാ സ്കൂബാ ടീം പരിശിലകനുമായ ശിഹാബുദ്ധീൻ ഇളയേടത്തിന്. 1998 മുതൽ ഫയർമാനായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം കോഴിക്കോട് ജില്ലയിലും പരിസര ജില്ലകളിലുമായി ജലാശയങ്ങളിലും പുഴകളിലും കിണറുകളിലും മറ്റും അകപ്പെട്ട് അപകടത്തിൽ പെട്ട നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ തീപിടുത്തങ്ങൾ (മിഠായി തെരുവ് തീപിടുത്തം ഉൾപ്പെടെ) നിരവധി അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. മിഠായിത്തെരുവിലെ തീപ്പിടിത്തത്തിൽ പൊട്ടിത്തെറിക്കാൻ പാകത്തിൽ തീയിലകപ്പെട്ട ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതമായി നീക്കം ചെയ്തു അപകട സാധ്യത ഒഴിവാക്കിയതിനു കോഴിക്കോട് വ്യാപാരി വ്യാവസായി സംഘടനകൾ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. റോഡപകടങ്ങളിൽപെട്ടവരെ രക്ഷപ്പെടുത്തുന്നതിലും മണ്ണിനടിയിൽപെട്ടവരെ രക്ഷപ്പെടുത്തുന്നതിലും (കോഴിക്കോട് റാം മനോഹർ റോഡിലെ മണ്ണിടിച്ചിലിൽ അകപ്പെട്ടവരെ മണ്ണ് നീക്കി രക്ഷപ്പെടുത്തി) മരംമുറിച്ച് റോഡ് ഗതാഗതം പുനസ്ഥാപിക്കുന്നതിലും നേതൃത്വം നൽകുന്ന ശിഹാബുദ്ധീൻ കമ്മ്യൂണിറ്റി റെസ്ക്യു വോളന്റിയർമാർക്ക് പരിശീലനം നൽകുന്നതിലും സ്തുത്യർഹ സേവനം നൽകുന്നുണ്ട്.
2018 പ്രളയത്തിൽ അകപെട്ടവരെ രക്ഷപെടുത്തുന്നതിലും ഈ വർഷത്തെ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷപെടുത്തുന്നതിലും സ്തുത്യർഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കടലുണ്ടി ട്രെയിൻ ദുരന്തം, പൂക്കിപ്പറമ്പ് ബസ്സപകടം, വിവിധ ഗ്യാസ് ടാങ്കർ അപകടങ്ങളിൽപെട്ടവരെ രക്ഷിക്കുന്നതിലും പങ്കാളിയായിട്ടുണ്ട്.
ചെറുവണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ വെള്ളക്കെട്ടിൽ അകപ്പെട്ടു മരിച്ച ലിനുവിനെ കണ്ടെത്തി മെഡിക്കൽ കോളജിൽ എത്തിച്ചതും ഇദ്ദേഹമായിരുന്നു. വിവിധ ജലാശയങ്ങളിൽ അകപ്പെട്ട നിരവധി പേരെ സ്ക്യൂബാ ഡൈവിംഗിലൂടെ കണ്ടെത്തിയിട്ടുണ്ട്. 2013 ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചിട്ടുണ്ട്. 2019ൽ ഫയർ ആൻഡ് റെസ്ക്യൂ ബാഡ്ജ് ഓഫ് ഹോണർ മെഡൽ അടക്കം നിരവധി ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്. റീജ്യണൽ ടെക്നിക്കൽ ടീം (കോഴിക്കോട്, വയനാട്) അംഗമാണ്.
കടലുണ്ടി മണ്ണൂർ മേപ്പാടം സ്വദേശിയും ഇളയേടത്ത് അബ്ദുള്ളയുടെയും കിഴക്കേ പീടിയേക്കൽ ഫാത്തിമയുടെയും മകനാണ്.ഭാര്യ: മീനു മുംതാസ് (തേജസ് വാരിക) മക്കൾ: അഫ് ലഹ് അബ്ദുല്ല, അഫ്താബ് അലി.