കശ്മീർ അടിച്ചമർത്തലിനെതിരേ ശബ്ദമുയര്‍ത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമ: പ്രിയങ്ക ​

Update: 2019-08-25 11:47 GMT

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.ദേശീയതയുടെ പേരില്‍ കശ്മീരിലെ ജനങ്ങള്‍ക്കുള്ള ജനാധിപത്യ അവകാശങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നാണ് പ്രിയങ്ക ഗാന്ധി ആരോപിച്ചത്. കശ്മീരിലെ സ്ത്രീ രാഹുല്‍ ഗാന്ധിക്കു മുന്നില്‍ പരാതി പറയുന്ന വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ടാണ് സര്‍ക്കാരിനെതിരെ പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്.

കശ്മീരിലെ ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്ര ദേശവിരുദ്ധതയും രാഷ്ട്രീയവും മറ്റൊന്നിലുമില്ലെന്നും ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണെന്നും ഇക്കാര്യം ഉന്നയിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രിയങ്ക വ്യക്തമാക്കുകയും ചെയ്തു.

ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനായി പോയി തിരിച്ചുവരുന്നതിനിടെയാണ് കശ്മീര്‍ വാസിയായ ഒരു സ്ത്രീ തന്റെ സങ്കടം അറിയിച്ച്‌ രാഹുല്‍ ഗാന്ധിക്ക് മുമ്പിലെത്തിയത്. ആഗസ്റ്റ് അഞ്ചു മുതല്‍ കശ്മീര്‍ അശാന്തമാണെന്നും രക്ഷിക്കണമെന്നും കരഞ്ഞ് അഭ്യര്‍ഥിക്കുന്നതാണ് വീഡിയോ. കശ്മീരിലെ ദയനീയ സ്ഥിതി രാഹുലിനോട് വിശദീകരിക്കുന്ന വീഡിയോ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

Similar News