മതചിഹ്നം ദുരുപയോഗം ചെയ്തു; കോന്നിയിൽ കെ സുരേന്ദ്രനെതിരെ കലക്ടര്‍ക്ക് പരാതി
പത്തനംതിട്ട: കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ കലക്ടര്‍ക്ക് പരാതി. പ്രചാരണ ഗാനത്തില്‍ ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്റെ ചിത്രം ഉപയോഗിച്ചുവെന്നാണ് പരാതി. പ്രചാരണത്തിന് മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന് കാണിച്ച് എല്‍ഡിഎഫും യുഡിഎഫും പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്റെ ഫോട്ടോയും, ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രൈസ്തവസഭകള്‍ കുര്‍ബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തില്‍ പാരഡിഗാനം രചിച്ച് പ്രചരിപ്പിച്ചു. മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളെ സ്വാധീനിച്ച് സഭാ വിശ്വസികളുടെ വോട്ടുനേടുന്നതിനു വേണ്ടി സ്ഥാനാര്‍ത്ഥി മനപൂര്‍വ്വം ഇപ്രകാരം പ്രവര്‍ത്തിച്ചു. അതിനാല്‍ സ്ഥാനാര്‍ത്ഥിക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനും, അഴിമതി പ്രവര്‍ത്തി നടത്തിയതിനും നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് യുഡിഎഫിന്റെ പരാതിയില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം ആയതിനാല്‍ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വീഡിയോ പ്രചാരണം തടയണമെന്നും കാണിച്ചാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്.