കൊറോണാകാല ജനസേവനത്തിന്റെ ഷാനിമോള്‍ മാതൃക
ഇട്ടിവ ഗ്രാമ പഞ്ചായത്ത് കീഴുതോണി എസ്ഡിപിഐ വാര്‍ഡ് മെമ്പറാണ് ഷാനിമോള്‍
ചടയമംഗലം: പഞ്ചായത്ത് മെമ്പര്‍ എന്ന നിലയില്‍ തനിക്ക് ലഭിച്ച ഓണറേറിയം തുക മുഴുവന്‍ ലോക്ക് ഡൗണില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി ചെലവഴിച്ച് ഇട്ടിവ ഗ്രാമ പഞ്ചായത്ത് കീഴുതോണി എസ്ഡിപിഐ വാര്‍ഡ് മെമ്പര്‍ ഷാനിമോള്‍ മാതൃകയാവുന്നു.
അതുകൊണ്ടു മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല ഷാനിമോളുടെ പ്രവര്‍ത്തനങ്ങള്‍. തന്റെ വാര്‍ഡിലെ മുഴുവന്‍ പേരുടെയും ചുമതലയും ഷാനിമോള്‍ ഏറ്റെടുത്തിരിക്കുകയാണ്. 83 കുടുംബങ്ങള്‍ക്ക് 5 kg അരിയടക്കമുള്ള ഭക്ഷ്യകിറ്റും 200റോളം കുടുംബങ്ങള്‍ക്ക് വിഷു പ്രമാണിച്ച് പച്ചക്കറി കിറ്റും വാര്‍ഡ് മെമ്പറും സഹപ്രവര്‍ത്തകരും സ്വന്തം നിലയ്ക്ക് എത്തിച്ചുനല്‍കുകയും ചെയ്തു.
ലോക്ക് ഡൌണ്‍ ആരംഭിച്ചത് മുതല്‍ വാര്‍ഡിലെ കുടുംബങ്ങളെ കോര്‍ത്തിണക്കി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും അതുവഴി നിര്‍ദേശങ്ങളും ആവശ്യ സഹായങ്ങളും നല്‍കി വരികയും ചെയ്യുന്നു. വാര്‍ഡ് തല സമിതിയെ ചുമതലപ്പെടുത്തി ജീവന്‍ രക്ഷാ മരുന്നുകളുടെ ഹോം ഡെലിവറിയും നല്‍കുന്നുണ്ട്. ജനങ്ങള്‍ക്ക് മൊബൈല്‍ റീചാര്‍ജ്, ബില്‍ പേയ്‌മെന്റ് എന്നിവയുടെ ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കി. മനപ്രയാസം അനുഭവിക്കുന്നവര്‍ക്ക് ആക്‌സസ് ഇന്ത്യയുമായി ചേര്‍ന്ന് മനഃശാസ്ത്ര വിദഗ്ധരുടെ ടെലി കൗണ്‍സിലിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.