കോടമ്പിയേ റഹ്മാന്‍ എന്ന ഒറ്റയാന്‍

കഴിഞ്ഞ ദിവസം അന്തരിച്ച പൊന്നാനിയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കോടമ്പിയേ റഹ്മാനെക്കുറിച്ച് കെ വി നദീറിന്റെ ഫേസ് ബുക്ക് കുറിപ്പ്

Update: 2021-08-12 17:26 GMT

കെ വി നദീര്‍

പൊന്നാനിയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കോടമ്പിയേ റഹ്മാനെക്കുറിച്ച് കെ വി നദീറിന്റെ ഫേസ് ബുക്ക് കുറിപ്പ്: 

പോസ്റ്റിന്റെ പൂര്‍ണരൂപം

തീക്ഷണമായ ജീവീതാനുഭവങ്ങളെ കരുത്തുള്ള എഴുത്താക്കിമാറ്റിയ ഒറ്റയാനായ എഴുത്തുകാരനായിരുന്നു കോടമ്പിയേ റഹ്മാന്‍. പൊന്നാനി അങ്ങാടിയിലെ യാഥാസ്ഥിതികമായ ജീവിത പരിസരത്തു നിന്നും എഴുത്തിന്റെ വഴിയെ നെഞ്ചോടു ചേര്‍ത്ത പഴയകാല മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു കോടമ്പി എന്ന് നാട്ടുകാര്‍ വിളിച്ച കോടമ്പിയേ റഹ്മാന്‍. എഴുത്തിനെ സാമൂഹ്യ പരിസരങ്ങളോട് ചേര്‍ത്തുവെക്കുന്നതില്‍ കണിശത പുലര്‍ത്തിയ എഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. കണ്ടും, അറിഞ്ഞും, അനുഭവിച്ചും ബോധ്യം വന്ന ജീവിതങ്ങളാടുള്ള ആവിഷ്‌ക്കാരമായിരുന്നു എഴുത്തുകളൊക്കെയും.

ഒറ്റയാന്‍ മുതല്‍ വിശ്വവിഖ്യാതനായ ബഷീര്‍ വരെ പത്തോളം പുസ്തകങ്ങള്‍ കോടമ്പിയേ റഹ്മാന്റെതായുണ്ട്. എല്ലാം കണ്ടറിഞ്ഞ ജീവിതങ്ങളെ കുറിച്ചായിരുന്നു. ആദ്യ പുസ്തമായ ഒറ്റയാന്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഇതേതുടര്‍ന്ന് ഒളിവുജീവിതം നയിക്കേണ്ടി വന്നു. എതിര്‍പ്പുകളെ എഴുത്തിന്റെ ശക്തിയാക്കി മാറ്റുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറുമായി ഹൃദയബന്ധം കാത്തു സൂക്ഷിച്ചിരുന്ന ഇദ്ദേഹത്തിന്റെ ഓര്‍മ്മകളാണ് വിശ്വവിഖ്യാതനായ ബഷീര്‍ എന്ന പുസ്തകം. ബഷീര്‍ മനസ്സ് നിറക്കൂട്ടുകളൊന്നുമില്ലാതെ അവതരിപ്പിക്കുന്ന പുസ്തകം കൂടിയാണിത്. പ്രവാസി ജീവിതമുള്‍പ്പെടെയുള്ള ബഷീറിന്റെ ജീവിതാനുഭവങ്ങള്‍ ഇത്രയും തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുള്ള മറ്റൊരു കൃതിയില്ലെന്നു പറയാം.

പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് നേടാനായതെങ്കിലും പരന്ന വായനയും ഉയര്‍ന്ന ചിന്തയും കോടമ്പിയേ റഹ്മാനെ എഴുത്തിന്റെ മേഖലയില്‍ വ്യത്യസ്തനാക്കി. പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെയുള്ള സഞ്ചാരം അദ്ദേഹത്തിന്റെ രചനകളെ പൊള്ളുന്ന ആവിഷ്‌ക്കാരങ്ങളാക്കി മാറ്റി. എഴുത്തിനെ വിട്ടുവീഴ്ച്ചയില്ലാത്ത സംവാദത്തിന്റെ ഇടമാക്കി മാറ്റുന്നതില്‍ അദ്ദേഹത്തിന് വിജയിക്കാനായി. ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ആരവങ്ങളില്‍ നിന്നും അകന്നു നിന്നെങ്കിലും എഴുത്തിനെ ആഘോഷമാക്കി ജീവിതത്തെ നിര്‍വൃതിയുടെ വഴിയിലൂടെ കൊണ്ടു പോകാന്‍ അദ്ദേഹത്തിനായി.

പൊന്നാനിയിലെ ആദ്യകാല പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ചന്ദ്രികയില്‍ കുറഞ്ഞ കാലം പത്രപ്രവര്‍ത്തകനായി. കല്‍പ്പക നാട് എന്ന പ്രസിദ്ധീകരണം സ്വന്തമായി പുറത്തിറക്കി. 1980കളിലായിരുന്നു അത്. ബഷീറും, ഉറൂബും, ഇടശ്ശേരിയും ഇതിലെ സ്ഥിരം എഴുത്തുകാരായിരുന്നു. 1985ല്‍ കല്‍പ്പകനാട് സായാഹ്ന പത്രമായി മാറി. വൈക്കം മുഹമ്മദ് ബഷീറാണ് പത്രം പ്രകാശനം ചെയ്തത്. ദീര്‍ഘകാലം പൊന്നാനിയുടെ മുഖമായി കല്‍പ്പക നാട് മാറി. പത്രത്തിന്റെ ജീവനാഡി കോടമ്പിയായിരുന്നു.

മത, സാമൂഹ്യ, രാഷ്ട്രീയ രംഗത്തും ഇദ്ദേഹം സജീവമായിരുന്നു. സ്വന്തമായി ചിന്തകളും അഭിപ്രായങ്ങളും രൂപപ്പെടുത്തിയിരുന്നതിനാല്‍ ആശയ സംഘര്‍ഷങ്ങള്‍ക്കൊപ്പമായിരുന്നു എന്നുമുണ്ടായിരുന്നത്. പൊന്നാനിക്കളരിയുടെ പ്രൗഢ കാലത്താണ് അദ്ദേഹം എഴുത്തിനെ കൂടെ കൂട്ടിയത്. മുഖ്യധാര എഴുത്തുകാരുടെ ഓരം പറ്റി നില്‍ക്കാതെ സ്വതസിദ്ധമായ രചന ശൈലി രൂപപ്പെടുത്തിയ കോടാമ്പിയേ റഹ്മാന്‍ പൊന്നാനിയുടെ വേറിട്ടൊരു യുഗത്തെ അടയാളപ്പെടുത്തിയാണ് കടന്നു പോകുന്നത്. പുതിയ തലമുറക്കു മുന്നില്‍ ഏറെയൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും കാലത്തെ അതിജയിക്കാന്‍ ശേഷിയുള്ള ആശയങ്ങളില്‍ തീര്‍ത്ത രചനകള്‍ അദ്ദേഹമിവിടെ ബാക്കിവെച്ചിട്ടുണ്ട്. പുതുതലമുറയിലെ പൊന്നാനിക്കാര്‍ ഏറെ ആഘോഷിക്കാതെ പോയ എഴുത്തുകാരന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിലും ജീവസുറ്റ സാന്നിധ്യമായി എഴുത്തുകള്‍ ഇവിടെയുണ്ടാകും.

പരലോക മോക്ഷം നല്‍കി

നാഥന്‍ അനുഗ്രഹിക്കട്ടെ.

കെ വി നദീര്‍ 


Full View


Similar News