ക്ഷീര കര്‍ഷകര്‍ക്ക് പശ്ചാത്തല സൗകര്യവും കന്നുകാലി സാന്ദ്രതയും വര്‍ധിപ്പിക്കുന്നതിന് പിന്തുണ നല്‍കും: മന്ത്രി ആര്‍ ബിന്ദു

Update: 2022-01-16 04:14 GMT

തൃശൂര്‍: ക്ഷീര കര്‍ഷകര്‍ക്ക് പശ്ചാത്തല സൗകര്യവും കന്നുകാലി സാന്ദ്രതയും വര്‍ധിപ്പിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ഉന്നതവിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. ക്ഷീരവികസന വകുപ്പിന്റെയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം 2021-2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തീറ്റപുല്ല് കൃഷിയിലും ശാസ്ത്രീയമായ തൊഴുത്തുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിലും ഈ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധചെലുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

ആനന്ദപുരം ക്ഷീരോല്‍പാദക സംഘത്തിന്റെ ആതിഥേയത്തില്‍ ആനന്ദപുരം ഇഎംഎസ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍ അധ്യക്ഷത വഹിച്ചു.

ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ബീന പി എ പദ്ധതി വിശദീകരണം നടത്തി. കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അനൂപ് ഇ കെ, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതാചന്ദ്രന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് മോഹനന്‍ വലിയവീട്ടില്‍, തുടങ്ങിയവര്‍ വിവിധ തദ്ദേശസ്ഥാപന പരിധിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ക്ഷീര കര്‍ഷകരെ ആദരിച്ചു. മുരിയാട് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ആനന്ദപുരം ക്ഷീരസംഘം പ്രസിഡന്റ് എംഎം ഗിരിജന്‍ സ്വാഗതവും ക്ഷീരവികസന ഓഫീസര്‍ അമ്പിളി എന്‍ എസ് നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളില്‍ രാവിലെ നടന്ന സെമിനാറുകളില്‍ ജില്ലാ ഗുണനിയന്ത്രണ ഓഫീസര്‍ പ്രീയ ജോസഫ്, ഡോ.അനുരാജ്, ക്ഷീരവികസന ഓഫീസര്‍ വിധി വി എസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

Similar News