മരുഭൂമിയില്‍ പച്ചപ്പ് വിരിയിച്ചു; ദുബായ് എക്‌സ്‌പോയില്‍ ശ്രദ്ധേയനായി പ്രവീണ്‍
മാള (തൃശൂര്‍): ദുബായില്‍ നടന്നുവരുന്ന എക്‌സ്‌പോയില്‍ ശ്രദ്ധേയനായി പ്രവീണും കുടുംബവും. മാള ഗ്രാമപഞ്ചായത്തിലെ കോട്ടവാതില്‍ സ്വദേശിയായ പ്രവീണ്‍ മരുഭൂമിയില്‍ പച്ചപ്പ് വിരിയിച്ചാണ് 1080 ഏക്കര്‍ സ്ഥലത്ത് 192 രാജ്യങ്ങള്‍ പങ്കെടുക്കുന്ന എക്‌സ്‌പോയില്‍ കയറിക്കൂടിയത്. പവനിയനിലേക്ക് കയറുന്നിടത്ത് യുഎഇ ചരിത്രം കഴിഞ്ഞ് 10 കുടുംബങ്ങളുടെ ഫോട്ടോ കട്ടൗട്ടുകളുണ്ട്. അതിലേറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത് പ്രവീണിന്റേതാണ്. യുഎഇയെ സ്വന്തം രാജ്യമായി കണ്ട് സന്തോഷത്തോടെ ജീവിക്കുന്ന വിവിധ രംഗങ്ങളിലുള്ള കുടുംബങ്ങളുടെ ഫോട്ടോയാണവിടെയുള്ളത്. മരുഭുമിയില്‍ പൊന്ന് വിളയിക്കുന്നതിനൊപ്പം നിരവധി കുടുംബങ്ങളെ ഈ രംഗത്തേക്കെത്തിക്കുന്നുമുണ്ട്. നിരവധി കുടുംബങ്ങളെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനായി സെമിനാറുകള്‍, ട്രെയിനിംഗുകള്‍, വിത്തുകള്‍ സൗജന്യമായി നല്‍കല്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ ചെയ്ത് വരികയാണ് പ്രവീണ്‍. അച്ചനും അമ്മയും കാര്‍ഷിക രംഗത്തായതാണ് ചെറുപ്പത്തിലേ തന്നെ കൃഷിയോട് താല്‍പ്പര്യം ജനിക്കാന്‍ കാരണം. അച്ചന് കൃഷിയുടെ മികവിന് 2019 ല്‍ ചാലക്കുടി റോട്ടറി ക്ലബ്ബിന്റെ ജൈവ കര്‍ഷകനുള്ള അവാര്‍ഡ് അടക്കം ലഭിച്ചിട്ടുണ്ട്. പണ്ട് പിതാവ് ചെടികള്‍ക്ക് നനക്കാന്‍ പറയുമ്പോള്‍ കളിക്കാനുള്ള സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് മടിയായിരുന്നു. അതോടൊപ്പം ആ ചെടികളും മരങ്ങളുമെല്ലാം ഉണങ്ങി പോകാന്‍ വരെ പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കൃഷിയെ സ്‌നേഹിച്ചു തുടങ്ങിയപ്പോഴേക്കും പ്രവാസിയാകേണ്ടതായി വന്നു. ആദ്യ അഞ്ച് വര്‍ഷം സൗദിയിലായിരുന്നു. പിന്നീടാണ് ദുബായിലേക്കെത്തിയത്. ആദ്യ നാല് വര്‍ഷം ഫ്‌ലാറ്റിലായിരുന്നുവെങ്കിലും ബാല്‍ക്കണിയില്‍ ചെറുതായി കൃഷി ചെയ്തിരുന്നു. മൂന്ന് വര്‍ഷത്തോളം മുന്‍പാണ് വില്ലയിലേക്കെത്തിയത്. ഇവിടെ എത്തിയപ്പോള്‍ കൃഷി വിപുലമായി. കൃഷി യെക്കുറിച്ച് പഠിക്കാനായി ചര്‍ച്ചകളിലും മറ്റും പങ്കെടുത്തിരുന്നു. ഇന്നിപ്പോള്‍ ആ അറിവുകളെല്ലാം മറ്റുള്ളവരിലേക്ക് പകര്‍ന്നപ്പോള്‍ കൊവിഡ് കാലത്ത് പലരും കൃഷിയിലേക്കിറങ്ങി.
10 സെന്റില്‍ നുറിലേറെ കറിവേപ്പ്, 12 തരം ചീരകള്‍, തുളസി, തഴുതാമ, മല്ലിയില, ബ്രഹ്മി, അസോള, കാബേജ്, കോളിഫ്‌ലവര്‍, വഴുതന, അഞ്ച് തരം തക്കാളി, ചെറുനാരങ്ങ, കരിമ്പ്, വാഴ, അലോവേര, കോവക്ക, മുരിങ്ങക്ക, പാവക്ക, കുമ്പളം, മത്തന്‍, സ്വീറ്റ് ലെമണ്‍, പടവലങ്ങ, ആടലോടകം, മാതളനാരങ്ങ, ബീന്‍സ്, പനിക്കൂര്‍ക്ക, വേപ്പ്, ആര്യവേപ്പ് തുടങ്ങി പലയിനങ്ങളുമുണ്ട് തോട്ടത്തില്‍. ഫാമില്‍ 35 കോഴികള്‍, ആറ് മുയല്‍ തുടങ്ങിയവയുമുണ്ട്.അവയുടെ കാഷ്ടവും മൂത്രവും അടുക്കള മാലിന്യങ്ങളുമാണ് വളമായുപയോഗിക്കുന്നത്. ശര്‍ക്കരയും തൈരും അടുക്കള മാലിന്യങ്ങളും ചേര്‍ത്തുണ്ടാക്കുന്ന കമ്പോസ്റ്റ് 45 ദിവസങ്ങള്‍ക്കൊണ്ടുണ്ടാക്കും. കൂടാതെ സമീപത്തെ മാര്‍ക്കറ്റില്‍ നിന്നുമുള്ള ചാണകവും ആട്ടിന്‍ കാട്ടവും വാങ്ങി ഉണക്കി പൊടിച്ചതും വളമായുപയോഗിക്കുന്നു. എല്ലാ ദിവസവും ചെടികള്‍ക്കടുത്തേക്ക് പോകുന്നതിനാല്‍ എന്തെങ്കിലും വ്യത്യാസം കണ്ടാല്‍ അറിയാനും പ്രതിവിധി ചെയ്യാനുമാകും. രാസ വളമോ കീടനാശിനിയോ ഉപയോഗിക്കാതെ ചാഴിയേയും മറ്റും കത്തിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. കാര്‍പ്പുകളേയും ഗപ്പികളേയും വളര്‍ത്തുന്നതില്‍ നിന്നും ലഭിക്കുന്ന വെള്ളവും വളമായുപയോഗിക്കുന്നു. രാവിലെ എഴുന്നേറ്റ് നേരെ ഫാമിലേക്കിറങ്ങും. മുയലുകളും തത്തകളുമായി നല്ല കൂട്ടാണ്. കുടുക്കപ്പുളി എന്നൊരു മരത്തിന്‍മേല്‍ 50 ഓളം തത്തകളെ കാണാറുണ്ട്. ലണ്ടന്‍ അമേരിക്ക കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായാണ് പ്രവര്‍ത്തിക്കുന്നത്. ബൈ അല്‍വര്‍ഖയിലാണ് നാല് മാസത്തോളമായി താമസം. ഇവിടേയും കൃഷിയും മറ്റും തുടര്‍ന്ന് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്. മറ്റൊരിടത്തേക്ക് മാറേണ്ടി വന്നാല്‍ കൃഷിയേയും മാറ്റാവുന്ന തരത്തിലാണിപ്പോള്‍ ക്രമീകരണം. 11 വര്‍ഷമായി കോളേജില്‍ അഡ്മിനിസ്ട്രറ്ററായി ജോലി ചെയ്യുന്ന പ്രീതിയാണ് പ്രവീണിന്റെ ഭാര്യ. ഭാര്യയും മക്കളായ അയാന്‍, വിരാജ്, മിഥുനയുമെല്ലാം പിന്തുണക്കായുണ്ട്. കൈരളിയുടെ അവാര്‍ഡ് അടക്കം പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.