ബീഫ് കഴിച്ചെന്നാരോപിച്ച് ഹരിയാനയില്‍ മുസ്ലിം യുവാവിനെ 'ഗോരക്ഷകര്‍' കൊലപ്പെടുത്തി

Update: 2024-08-31 14:33 GMT

ചണ്ഡീഗഢ്: ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നു. ആക്രിത്തൊഴിലാളിയായ സാബിറിനെയാണ് (26) ഒരു കൂട്ടമാളുകളെത്തി താമസസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുപോവുകയും ബീഫ് കഴിച്ചെന്നാരോപിച്ച് മര്‍ദിക്കുകയും ചെയ്തത്. ഇയാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. ഈ മാസം 27നാണ് സംഭവം നടന്നത്. ചര്‍ഖി ജില്ലയിലെ ബന്ധാര ഗ്രാമത്തിലാണ് സംഭവം.

ആക്രിത്തൊഴിലാളിയായ സാബിറിനെ ഒരു കൂട്ടമാളുകളെത്തി താമസസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുപോവുകയും ബീഫ് കഴിച്ചെന്നാരോപിച്ച് മര്‍ദിക്കുകയുമായിരുന്നു. സാബിറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും മര്‍ദനമേറ്റു.

സംഭവദിവസം, അഭിഷേക്, മോഹിത്, രവീന്ദര്‍, കമല്‍ജിത്ത്, സാഹില്‍ എന്നിവര്‍ കാലി പ്ലാസ്റ്റിക് കുപ്പികള്‍ വില്‍ക്കാനെന്ന വ്യാജേന സാബിറിനെ ഒരു കടയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. ആക്രമണം കണ്ട് ചിലര്‍ ഇടപെട്ടതോടെ, സാബിറിനെ സംഘം മറ്റൊരിടത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരടക്കം ഏഴു പേരെ അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും ഗോരക്ഷാസേനാ പ്രവര്‍ത്തകരാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

ഇവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ, ബീഫ് കൈവശം വച്ചെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ ഓടുന്ന ട്രെയിനില്‍ മുസ്ലിം വയോധികനും ആള്‍ക്കൂട്ട മര്‍ദനമുണ്ടായി. നാസിക് ജില്ലയിലാണ് സംഭവം. ജല്‍ഗാവ് ജില്ലയിലെ താമസക്കാരനായ ഹാജി അഷ്റഫ് മുന്‍യാറിനാണ് മര്‍ദനമേറ്റത്. കല്യാണിലുള്ള തന്റെ മകളുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഇഗത്പുരിക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം.




Similar News