ഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
അന്താരാഷ്ട്ര നീതിന്യായ കോടതിയെ അംഗീകരിച്ച 120 രാജ്യങ്ങൾക്ക് ഇവർ രാജ്യത്ത് കാലു കുത്തിയാൽ അറസ്റ്റ് ചെയ്യാം.
ഹേഗ് :ഗസയിലെ യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ യുദ്ധ മന്ത്രി യോവ് ഗാലൻ്റിനും എതിരെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചു. ഇസ്രായേലിന് എതിരെ സൗത്ത് ആഫ്രിക്ക നൽകിയ കേസിലാണ് ഇടക്കാല ഉത്തരവ്.
മാനവികതക്കെതിരായ കുറ്റങ്ങളും യുദ്ധക്കുറ്റങ്ങളും ഇരുവരും ചെയ്തു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2023 ഒക്ടോബർ എട്ട് മുതൽ 2024 മെയ് 20 വരെയുള്ള കാലത്താണ് ഈ കുറ്റങ്ങളെല്ലാം ചെയ്തിരിക്കുന്നത്.
ശസക്കാരെ പട്ടിണിക്കിടൽ , കൊലപാതകം , മാനവികതക്കെതിരായ പ്രവൃത്തികൾ തുടങ്ങി കുറ്റങ്ങളുടെ പട്ടികയാണ് കോടതി പുറത്തിറക്കിയിരിക്കുന്നത്.
രണ്ട് പ്രതികളും ഗസയിൽ വെള്ളവും ഭക്ഷണവും മരുന്നുകളും എത്തുന്നത് തടഞ്ഞു. ഡോക്ടർമാർ അനസ്തേഷ്യയോ വേദനാസംഹാരികളോ ഇല്ലാതെ രോഗികളെ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിലെ സാക്ഷികളെ സംരക്ഷിക്കേണ്ടതിനാൽ അറസ്റ്റ് വാറൻ്റ് രഹസ്യമാക്കി സൂക്ഷിക്കണമെങ്കിലും പ്രതികൾ കുറ്റം ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് പേരുകൾ വെളിപ്പെടുത്തിയത്. ഇങ്ങനെ വാറൻ്റ് നില നിൽക്കുന്നുണ്ട് എന്നറിയുന്നത് ഇരകൾക്കും ഗുണകരമാണ്.
നെതന്യാഹുവിൻ്റെയും ഗാലൻ്റിൻ്റെയും പ്രവൃത്തികൾ അധികാര പരിധിയിൽ വരില്ലെന്ന വാദവും കോടതി തള്ളി. ഗസയിലെയും വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ഇസ്രായേലിൻ്റെ പ്രവൃത്തികൾ കോടതിയുടെ പരിധിയിൽ വരും. അവിടത്തെ തെളിവുകൾ പിന്നീട് പരിശോധിക്കും.
നിലവിൽ അമേരിക്കയും ഇസ്രായേലും കോടതിയെ അംഗീകരിച്ചിട്ടില്ല. ഇസ്രായേലിൻ്റെ അംഗീകാരം ഇല്ലെങ്കിലും വിധി നടപ്പാക്കാം. അന്താരാഷ്ട്ര നീതിന്യായ കോടതിയെ അംഗീകരിച്ച 120 രാജ്യങ്ങൾക്ക് ഇവർ രാജ്യത്ത് കാലു കുത്തിയാൽ അറസ്റ്റ് ചെയ്യാം.