ഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ; സുരക്ഷാ സന്നാഹങ്ങളുമായി അധികൃതർ
ലഖ്നോ: പടിഞ്ഞാറൻ യുപിയിലെ സംഭാൽ നഗരം സംഘർഷ ഭീതിയിൽ വീർപ്പുമുട്ടുകയാണ് ഈ ദിവസം. ഇന്നു വെള്ളിയാഴ്ചയാണ്- മുസ്‌ലിംകളുടെ പ്രത്യേക പ്രാർഥനയായ ജുമുഅ നടക്കുന്ന ദിവസം. പക്ഷേ, മുൻപുള്ള എല്ലാ വെള്ളിയാഴ്ചകളെയും പോലെയല്ല ഇന്നത്തെ ദിവസം ഈ നഗരം. ഭീതിയും മൂകതയും തളം കെട്ടി നിൽക്കുന്ന അന്തരീക്ഷമാണ് ഇവിടെ. അതിനു കാരണമുണ്ട്. നഗരത്തിൽ സ്ഥിതിചെയ്യുന്ന ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവ് പ്രകാരം സർവേ നടന്നത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ്. അന്നു തന്നെ സംഘാർഷന്തരീക്ഷം ഉരുണ്ടു കൂടിയിരുന്നു. എന്നാൽ, അനിഷ്ടകരമായതൊന്നും സംഭവിക്കാതെ മൂന്നു ദിനങ്ങൾ കൂടി കടന്നുപോയി.
ഇന്നലെ മുതൽ തന്നെ സുരക്ഷാ സന്നാഹങ്ങളിൽ വ്യാപൃതരായിരുന്നു ജില്ലാ ഭരണകൂടം. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഷാഹി ജുമാ മസ്ജിദിലേക്കുള്ള മൂന്ന് അപ്രോച്ച് റോഡുകളിൽ രണ്ടെണ്ണവും അടച്ചുകെട്ടി. ഇപ്പോൾ ഉപരോധിക്കപ്പെട്ട ഒരു കോട്ട പോലെയായി പ്രദേശം. ഏകദേശം 30 കിലോ മീറ്റർ അകലെയുള്ള ചന്ദൗസിയിൽനിന്ന് തുടങ്ങുന്ന സംഭാൽ പട്ടണത്തിലേക്കുള്ള പാതകളിലെല്ലാം സുരക്ഷാ ഉദ്യോഗസ്ഥർ നിറഞ്ഞിരിക്കുന്നു. ഓരോ വളവിലും ഉണ്ട് സുരക്ഷാ ഭടന്മാർ.
സർവേക്കുള്ള കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് സംഭാൽ എസ്പി കൃഷ്ണകുമാർ ബിഷ്ണോയ് പറഞ്ഞു. മസ്ജിദ് കമ്മിറ്റിയുമായും സംസാരിച്ചിട്ടുണ്ട്. അവർ സമാധാനം പാലിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുമുണ്ട്. ഇനി എന്തെങ്കിലും കുഴപ്പമുണ്ടാവുകയാണെങ്കിൽ അത് മുളയിലേ നുള്ളാനുള്ള സജ്ജീകരണവുമായാണ് പോലിസ് നിലയുറപ്പിച്ചിട്ടുള്ളത്. ലോക്കൽ പോലിസിനു പുറമേ സിആർപിഎഫ്, പിഎസി, റാപിഡ് ആക്‌ഷൻ ഫോഴ്സ് തുടങ്ങിയ വിവിധ സുരക്ഷാ വിഭാഗങ്ങളെയും ജില്ലാ ഭരണകൂടം വിന്യസിച്ചിട്ടുണ്ട്.
16ാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ട പള്ളിയാണ് ഷാഹി ജുമാ മസ്ജിദ്. നൂറ്റാണ്ടുകളായി മുസ്‌ലിംകൾ നമസ്കാരം നിർവഹിക്കുന്ന പള്ളി. രാജ്യത്തെ പല മുസ്‌ലിം ആരാധനാലയങ്ങളുടെയും കാര്യത്തിലെന്ന പോലെ മുസ്‌ലിം ഭരണാധികാരികൾ ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന വാദം ഷാഹി ജുമാ മസ്ജിദിൻ്റെ കാര്യത്തിലുമുണ്ടായി.
മൂന്നു ലക്ഷം ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണിത്. 80 ശതമാനവും മുസ്‌ലിംകൾ.പള്ളിക്കു സമീപം ഒരു ഹനുമാൻ ക്ഷേത്രവും ഏതാനും ഹിന്ദു വീടുകളുമുണ്ട്.
ചന്ദൗസിയിലെ കൽക്കാ ദേവി ക്ഷേത്രത്തിലെ പുരോഹിതനായ ഋഷിരാജ് ഗിരി കോടതിയിൽ ഒരു പരാതിയുമായെത്തി. മുഗൾ രാജാവായ ബാബർ 1529 ൽ ഹരിഹര ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്നും ഇവിടെയാണ് കൽക്കി ജനിക്കാൻ പോവുന്നതെന്നും അതു തങ്ങൾക്ക് വിട്ടുകിട്ടണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. പരാതി കോടതിയിലെത്തി മണിക്കൂറുകൾക്കകം പള്ളിക്കുള്ളിൽ സർവേ നടത്താനുള്ള കോടതി ഉത്തരവുമായി ഉദ്യോഗസ്ഥർ പള്ളിയിലെത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അത്. പ്രദേശവാസികൾ തടിച്ചു കൂടിയെങ്കിലും സംഘർഷമൊന്നും ഉണ്ടായില്ല. പക്ഷേ, പണ്ട് ക്ഷേത്രങ്ങളായിരുന്നു എന്ന അവകാശവാദം ഉന്നയിക്കപ്പെട്ട എല്ലാ മുസ്‌ലിം പള്ളികളുടെയും ദുരനുഭവം വേണ്ടുവോളമുണ്ട് നമ്മുടെ നാട്ടിൽ, പ്രത്യേകിച്ച് യുപിയിൽ. കോടതികളുടെയും ഭരണകൂടത്തിൻ്റെയും പക്ഷപാതപരവും നീതിരഹിതവും നിയമവിരുദ്ധവുമായ നിലപാടുകളും അനുഭവ സാക്ഷ്യങ്ങളാണ്. ഇവിടെയും മുസ്‌ലിംകൾ അതാണ് ഭയപ്പെടുന്നത്. ബാബരി മസ്ജിദിൻ്റെ കാര്യത്തിലെന്ന പോലെ ആദ്യം തർക്കം ഉന്നയിക്കുക, പിന്നെ മതവികാരം ഇളക്കിവിടുക, പ്രക്ഷോഭങ്ങൾ നടത്തുക, ബല പ്രയോഗ ഭീഷണി നിലനിർത്തുക, കോടതി നടപടികളിലേക്കു നീങ്ങുക, വേണ്ടി വന്നാൽ തകർക്കുക, നിയമത്തെ നോക്കുകുത്തിയാക്കിയും ഏകപക്ഷീയമായ അന്യായ വിധികൾ നേടുക - ഇങ്ങനെയൊക്കെയാണ് അതിൻ്റെ മോഡസ് ഓപറാണ്ടി. ഷാഹി മസ്ജിദിൻ്റെ കാര്യത്തിലും അതാണ് ഭയക്കുന്നത്.
ഈ മാസം 29 നാണ് കോടതി കേസ് പരിഗണിക്കുന്നത്. അതിനു മുന്നോടിയായിരുന്നു ധൃതി പിടിച്ചുള്ള സർവേ.