ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബായ്‌റാച്ച് ജില്ലയില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 10 വയസ്സുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മോട്ടിപൂര്‍ റേഞ്ചിനു കീഴില്‍ കതാര്‍നിയാഗാത് വന്യജീവി സങ്കേതത്തിന് സമീപത്തുള്ള നൗസര്‍ ഗുമ്ത ഗ്രാമത്തിലെ സീമ കുമാരി എന്ന കുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് വനപ്രദേശത്ത് ഫലങ്ങള്‍ ശേഖരിക്കാന്‍ പോയ കുമാരിയെ പുലി ആക്രമിക്കുകയായിരുന്നു.
നാട്ടുകാര്‍ ബഹളം വച്ചതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് മടങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പുള്ളിപ്പുലി വീണ്ടും ആക്രമിക്കാന്‍ ഗ്രാമത്തിലേക്ക് വരുമെന്ന ഭയത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി സ്ഥിരം പട്രോളിങ് ഡ്യൂട്ടി നടത്തുന്നുണ്ടെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ആകാശ്ദീപ് ബധവാന്‍ പറഞ്ഞു. ഗ്രാമവാസികളോട് കൂട്ടമായി പുറത്തിറങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കുമെന്നും ബധവാന്‍ പറഞ്ഞു.