15 വര്‍ഷം മുന്‍പ് വിമാനത്തില്‍ ബോംബ് വച്ച പ്രതിക്ക് 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

തിരുവനന്തപുരം: 15 വര്‍ഷം മുന്‍പ് വിമാനത്തില്‍ ബോംബ് വച്ച പ്രതിക്ക് 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജി രാജേഷാണ് കേസില്‍ വിധി പറഞ്ഞത്. മുന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മലയിന്‍കീഴ് വലിയറത്തല കൃഷ്ണപുരം സരസ്വതി വിലാസത്തില്‍ രാജശേഖരന്‍ നായരാണ് പ്രതി.
കിങ്ഫിഷര്‍ കമ്പനിയുടെ വിമാനങ്ങളില്‍ നിന്ന് സാധനങ്ങല്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്വകാര്യ കരാര്‍ കമ്പനിയായ യൂണിവേഴ്സല്‍ ഏവിയേഷനിലെ സൂപ്പര്‍ വൈസറായിരുന്നു രാജശേഖരന്‍ നായര്‍. കമ്പനിയിലെ ജീവനക്കാരോട് കര്‍ക്കശമായാണ് ഇയാള്‍ പെരുമാറിയിരുന്നത്. ഒരിക്കല്‍ ജീവനക്കാരനായ അരുണിനെ, രാജശേഖരന്‍ നായര്‍ അച്ചടക്ക നടപടിക്ക് വിധേയമാക്കി. കിങ്ഫിഷര്‍ എയര്‍പോര്‍ട്ട് മാനേജര്‍ ഗിരീഷ് ഇത് ഇടപെട്ട് റദ്ദാക്കുകയായിരുന്നു. കീഴ് ജീവനക്കാരുടെ മുന്നില്‍ വച്ച് അപമാനിച്ച് സംസാരിക്കുകയും ചെയ്തു.
ഇക്കാരണത്താല്‍ പ്രതിക്ക് മാനേജറോടുണ്ടായ വിരോധമാണ് ബോംബ് വക്കലില്‍ കലാശിച്ചതെന്നാണ് പറയുന്നത്. സുരക്ഷാ വീഴ്ച ഉണ്ടായാല്‍ കിങ്ഫിഷര്‍ കമ്പനി മാനേജര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ധരിച്ച ഇയാള്‍ നാടന്‍ ബോംബ് വിമാനത്തില്‍ സ്ഥാപിക്കുകയായിരുന്നു.