ഭിന്നശേഷിക്കാരിയോട് നടന്ന് കാണിക്കണമെന്നാവശ്യം; എന്‍എച്ച്എഐക്ക് പിഴ

Update: 2025-02-01 05:05 GMT
ഭിന്നശേഷിക്കാരിയോട് നടന്ന് കാണിക്കണമെന്നാവശ്യം; എന്‍എച്ച്എഐക്ക് പിഴ

ചണ്ഡീഗഢ്: ഭിന്നശേഷിക്കാരിയായ സ്ത്രീയെ അപമാനിച്ചതിനും 40 രൂപ ടോള്‍ ടാക്സ് ഈടാക്കിയതിനും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് പിഴ ചുമത്തി ചണ്ഡീഗഢിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പരാതിക്കാരിക്ക് 17,000 രൂപ നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം.

ചണ്ഡീഗഢിലെ സെക്ടര്‍ 27 ല്‍ താമസിക്കുന്ന പരാതിക്കാരിയായ ഗീത, ദിവ്യാഞ്ജന്‍ സ്‌കീമിന് കീഴില്‍ ഒരു പുതിയ കാര്‍ വാങ്ങിയിരുന്നു. സര്‍ക്കാര്‍ നിയമമനുസരിച്ച്, കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ (ആര്‍സി) 'അഡാപ്റ്റഡ് വെഹിക്കിള്‍' എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. നിയമപ്രകാരം ടോള്‍ ടാക്‌സില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

2024 ഏപ്രില്‍ 28 ന് തന്റെ കുടുംബത്തോടൊപ്പം ഹിമാചല്‍ പ്രദേശിലേക്ക് യാത്ര ചെയ്ത ഗീതക്ക് ടോള്‍ പ്ലാസയില്‍ വച്ച് ടോള്‍ ഈടാക്കിയിരുന്നില്ല. എന്നാല്‍ ചണ്ഡീഗഢിലേക്കുള്ള മടക്കയാത്രയില്‍ ചണ്ഡിമന്ദിര്‍ ടോള്‍ പ്ലാസയില്‍ വച്ച് ഗീതയോട് ടോള്‍ അടക്കാന്‍ ഉദ്യോഗസ്ഥര്‍ പറയുകയായിരുന്നു. അവര്‍ ആര്‍സി കാണിച്ചിട്ടും, അത് കൂസാക്കാതെ, ഉദ്യോഗസ്ഥര്‍ അവരോട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെടുകയും കാറില്‍ നിന്ന് ഇറങ്ങി അവരുടെ മുന്നിലൂടെ നടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അവരുടെ ഫാസ്ടാഗ് അക്കൗണ്ടില്‍ നിന്ന് എന്‍എച്ച്എഐ നിര്‍ബന്ധിതമായി 40 രൂപ കുറക്കുകയും ചെയ്തു. അവര്‍ ഉടന്‍ തന്നെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് മോശം പെരുമാറ്റത്തിനെതിരേ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പരിഹരിക്കാനുള്ള ഒരു നടപടിയും അവര്‍ സ്വീകരിച്ചില്ല. ഇതിനേ തുടര്‍ന്നാണ് പരാതിക്കാരി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. തുടര്‍ന്ന് പരാതിക്കാരിക്ക് 40 രൂപ തിരികെ നല്‍കാനും 10,000 രൂപ നഷ്ടപരിഹാരം നല്‍കാനും വ്യവഹാര ചെലവായി 7,000 രൂപ നല്‍കാനും കമ്മീഷന്‍ എന്‍എച്ച്എഐക്ക് നിര്‍ദേശം നല്‍കി.

Tags:    

Similar News