മോദിഭരണത്തില്‍ രാജ്യത്തുണ്ടായത് 10,000 വര്‍ഗീയ കലാപങ്ങള്‍; മോദി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപോര്‍ട്ടുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 2014മുതല്‍ 2022 വരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്ത് രാജ്യത്തുണ്ടായത് പതിനായിരത്തോളം വര്‍ഗീയകലാപങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ 8 വര്‍ഷത്തെ ഭരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കിക്കൊണ്ട് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. പണപ്പെരുപ്പം, കര്‍ഷകപ്രശ്‌നം, തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ച, സാമൂഹിക സൗഹാര്‍ദ്ദത്തിന്റെ തകര്‍ച്ച, രൂപയും യുഎസ് ഡോളറും തമ്മിലുള്ള നിരക്കിലെ തകര്‍ച്ച തുടങ്ങി എട്ടുവര്‍ഷത്തെ ബി.ജെ.പി ഭരണം ജനങ്ങളോടുള്ള വഞ്ചനയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
മോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷങ്ങളുടെ ആഘോഷം ബിജെപി സംഘടിപ്പിക്കാനുള്ള നടപടി പുരോഗമിക്കുന്നതിനിടയിലാണ് കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പതിനായിരം വര്‍ഗീയ കലാപമുണ്ടായിട്ടും പ്രധാനമന്ത്രി ചെറുവിരലനക്കിയില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മകാന്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെയും സമ്പദ്ഘടനയുടെയും വികാസം എന്ന മുദ്രാവാക്യവുമായെത്തിയ ബിജെപി ഇപ്പോള്‍ വിദ്വേഷമാണ് പ്രസരിപ്പിക്കുന്നത്. 'മതത്തിന്റെ പേരില്‍ എവിടെ അക്രമങ്ങളും കലാപങ്ങളും നടന്നാലും ബിജെപി നേരിട്ടോ അല്ലാതെയോ ഇടപെട്ടിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഇതാണ് ബിജെപിയുടെ അജണ്ടയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2016 നും 2022 നും ഇടയില്‍ 3,400 വര്‍ഗീയ കലാപങ്ങള്‍ നടന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി 2022 മാര്‍ച്ച് 30 ന് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഡല്‍ഹിയിലാണ് ഏറ്റവും മാരകമായ വര്‍ഗീയ കലാപം നടന്നത്, അവിടെ 53 പേര്‍ കൊല്ലപ്പെട്ടു, അവരില്‍ ഭൂരിഭാഗവും മുസ് ലിംകളായിരുന്നു- ഈ കണക്കുകളും റിപോര്‍ട്ടിലുണ്ട്.