ആഢംബര കപ്പലിലെ ലഹരിപാര്‍ട്ടി: ആര്യന്‍ ഖാന്റെയും സുഹൃത്തുക്കളുടെയും കയ്യില്‍ നിന്ന് കണ്ടെടുത്തത് 13 ഗ്രാം കൊക്കെയ്ന്‍, 21 ഗ്രാം ചരസ്

Update: 2021-10-03 13:34 GMT

ന്യൂഡല്‍ഹി: മുംബൈ തീരത്തിനടുത്ത് ക്രൂയിസ് കപ്പലില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെയും സുഹൃത്തുക്കളുടെയും കയ്യില്‍ നിന്ന് പിടിച്ചെടുത്തത് 13 ഗ്രാം കൊക്കെയ്‌നും 21 ഗ്രാം ചരസും. കൂടാതെ 22 എംഡിഎംഎ പില്‍സും കണ്ടെടുത്തതായി നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.

നിരോധിത ലഹരി വസ്തുക്കള്‍ വാങ്ങുക, കൈവശം വയ്ക്കുക, ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ആര്യന്‍ ഖാനെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ രാത്രി നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ക്രൂയിസ് കപ്പലില്‍ നടത്തിയ റെയ്ഡിലാണ് ആര്യന്‍ ഖാന്‍ അടക്കം എട്ട് പേര്‍ അറസ്റ്റിലായത്.

ആര്യന്‍ ഖാന്‍ അടക്കം മൂണ്‍മൂണ്‍ ധമേച, നൂപുര്‍ സാരിക, യാസ്മിത് സിംഗ്, മോഹക് ജയ്‌സ്വാള്‍, വിക്രാന്ത് ചോക്കര്‍, ഗോമിത് ചോപ്ര, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരെയാണ് എന്‍സിബി ചോദ്യം ചെയ്യുന്നത്.

ഗോവയിലേക്ക് പോകുന്ന ആഢംബര കപ്പലിലാണ് യാത്രക്കാരെന്ന വ്യാജേന പോലിസ് കയറിയത്. മുംബൈ തീരം വിട്ടശേഷം റെയ്ഡ് ആരംഭിച്ചു.

മയക്കുമരുന്നുകള്‍ അവരുടെ വസ്ത്രങ്ങളിലും അടിവസ്ത്രങ്ങളിലും പഴ്‌സുകളിലുമായാണ് സൂക്ഷിച്ചിരുന്നത്. 

സ്‌പെയിനിലേക്ക് സിനിമാ ചിത്രീകരണത്തിനു പോകാനിരുന്ന ഷാരൂഖ് യാത്ര മാറ്റിവച്ചു.

Tags:    

Similar News