എച്ച് 1ബി വിസാ നിയന്ത്രണം: ട്രംപിനെതിരേ 174 ഇന്ത്യക്കാര്‍ കോടതിയെ സമീപിച്ചു
കൊളംബിയ: എച്ച് 1 ബി വിസ നല്‍കുന്നതിനെതിരേ ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 174 ഇന്ത്യക്കാര്‍ കോടതിയെ സമീപിച്ചു. തങ്ങളെ രാജ്യത്ത് കടക്കുന്നത് തടയുന്നതാണ് ഈ നിയമമെന്നും അതുകൊണ്ട് ഈ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. ഹരജിക്കാരില്‍ ഏഴ്‌പേര്‍ കുട്ടികളാണ്.
കൊളംബിയയിലെ യുഎസ് ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. കേസില്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോപിയോ, ഹോം ലാന്റ് സെക്യൂരിറ്റി സെക്രട്ടറി ചന്ദ് എഫ് വൂള്‍ഫ്, ലേബര്‍ സെക്രട്ടറി യുഗുന്‍ സ്‌കാലിയ എന്നിവര്‍ക്ക് കോടതി നോട്ടിസ് അയച്ചു.
എച്ച 1 ബി, എച്ച് 4 വിസ റദ്ദാക്കിയത് എല്ലാ രംഗത്തും വലിയ പ്രശ്‌നമുണ്ടാക്കുന്നുവെന്നും സാമ്പത്തികം മാത്രമല്ല, അത് കുടുംബങ്ങളെ പോലും അനാഥമാക്കിയെന്നും ഹരജിയില്‍ പറയുന്നു. വാസ്‌ഡെന്‍ ബാനിയാസ് ആണ് 174 പേര്‍ക്കും വേണ്ടി ഹാജരാക്കിയിട്ടുള്ളത്.
വിസ അനുവദിക്കുന്നത് റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കുന്നതിനു പുറമെ വിസാ അപേക്ഷകളില്‍ വേഗം തീരുമാനമെടുക്കണമെന്നും വാദിക്കുന്നു.
ജൂണ്‍ 22നാണ് രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം വിദേശതൊഴിലാളികള്‍ക്കുള്ള എച്ച് 1 ബി, എച്ച് 4 വിസകള്‍ നിര്‍ത്തിവച്ചത്.