അതിര്‍ത്തി കൈയ്യേറ്റം തുടര്‍ന്ന് ഇസ്രായേല്‍; ചുരുങ്ങി ദുര്‍ബലമായി അറബ് രാജ്യങ്ങള്‍
തെല്‍ അവീവ്: സിറിയയില്‍ വിമതരുടെ മുന്നേറ്റത്തെ തുടര്‍ന്ന് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ ഗോലാന്‍ കുന്നുകളുടെ വലിയൊരുഭാഗം ഇസ്രായേല്‍ പിടിച്ചെടുത്തു. അനിശ്ചിതകാലത്തേക്ക് അവിടെ തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. സൈനിക നീക്കങ്ങളില്‍ സുപ്രധാനമായ ഏറ്റവും ഉയര്‍ന്നപ്രദേശമാണ് സയണിസ്റ്റ് കൊടികുത്തി ഇസ്രായേല്‍ സ്വന്തമാക്കിയിരിക്കുന്നത്. ദുര്‍ബലമായ സിറിയയുടെയും ലബ്‌നാനിന്റെയും ഭൂമി പിടിച്ച് ഇസ്രായേലിന്റെ അതിര്‍ത്തി വീണ്ടും വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
ഫലസ്തീനികളെ ആക്രമിച്ച് ഓടിച്ചും കൂട്ടക്കൊല ചെയ്തും ഐക്യരാഷ്ട്രസഭയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും നേതൃത്വത്തില്‍ 1948ല്‍ ഇസ്രായേല്‍ എന്ന 'രാജ്യം' രൂപീകരിച്ച ശേഷം സ്ഥിരമായ അതിര്‍ത്തികള്‍ ഒരിക്കലും അവര്‍ക്കുണ്ടായിട്ടില്ല.
യുദ്ധങ്ങള്‍, ആക്രമിച്ച് പിടിച്ചെടുത്ത് കൂട്ടിച്ചേര്‍ക്കല്‍, വെടി നിര്‍ത്തല്‍ കരാറുകള്‍, സമാധാന ഉടമ്പടികള്‍ എന്നിങ്ങനെയുള്ള വിവിധ രീതികളിലൂടെ തങ്ങളുടെ അറബ് അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ ചരിത്രത്തിലുടനീളം ഇസ്രായേല്‍ മാറ്റി വരച്ചിട്ടുണ്ട്. ഇപ്പോള്‍ സിറിയന്‍ ഏകാധിപതിയായിരുന്ന ബശാറുല്‍ അസദിന്റെ പതനത്തെ തുടര്‍ന്നു രൂപപ്പെട്ട പുതിയ സാഹചര്യത്തിലും സയണിസ്റ്റ് രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ വീണ്ടും മാറി മറിയാനുള്ള സാധ്യതകള്‍ തന്നെയാണുള്ളത്.
ഈ മാസം ആദ്യം അസദ് നിഷ്‌കാസിതനായ ഉടന്‍ തന്നെ, 50 വര്‍ഷമായി സൈനിക സാന്നിധ്യമില്ലാത്ത നിഷ്പക്ഷ മേഖലയായി തുടരുന്ന സിറിയന്‍ അതിര്‍ത്തിയിലേക്ക് ഇസ്രായേല്‍ സൈനിക നീക്കം നടത്തി. പ്രസ്തുത നീക്കം പ്രതിരോധത്തിലൂന്നിയുള്ളതും താല്‍ക്കാലികവുമാണെന്നാണ് നെതന്യാഹു പറഞ്ഞത്. സിറിയക്കുള്ളില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മിലെ അധികാര വടംവലികള്‍ ഇസ്രായേലിനു ഭീഷണിയാവില്ലെന്ന് ഉറപ്പുവരുത്തലും സൈനിക നീക്കത്തിന്റെ മറ്റൊരു ലക്ഷ്യമാണെന്നും നെതന്യാഹു വ്യക്തമാക്കി.
എന്നാല്‍, സിറിയന്‍ പ്രദേശത്തെ ബഫര്‍ സോണില്‍ പ്രവേശിച്ചുകൊണ്ട് നെതന്യാഹു വ്യക്തമാക്കിയത് കുറേ കാലത്തേക്ക് അവിടെ നിലയുറപ്പിക്കാന്‍ ഇസ്രായേലിനു പദ്ധതിയുണ്ടെന്നാണ്. മൗണ്ട് ഹെര്‍മോണിന്റെ ഉച്ചിയില്‍ കയറി നിന്ന് നെതന്യാഹു സൈനികരോട് പറഞ്ഞത്, ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുന്ന ക്രമീകരണം ഉണ്ടാക്കുന്നതുവരെ ഇസ്രായേല്‍ സൈന്യം ഇവിടെ തുടരുമെന്നാണ്. അസദിന്റെ പതനത്തെ തുടര്‍ന്ന് ഇസ്രായേല്‍ പിടിച്ചെടുത്ത സിറിയന്‍ അധീന പ്രദേശമാണ് മൗണ്ട് ഹെര്‍മോണ്‍. വളരെ തന്ത്രപ്രധാനമായ ഈ പര്‍വതത്തിന് സമുദ്രനിരപ്പില്‍നിന്ന് 9,232 അടി ഉയരമുണ്ട്.
ഇസ്രായേല്‍ സ്ഥാപനം
1947ല്‍, ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കിയ പദ്ധതി പ്രകാരം ബ്രിട്ടന്റെ നിയന്ത്രണത്തിലായിരുന്ന ഫലസ്തീന്‍ ഭൂപ്രദേശം അറബികള്‍ക്കും ജൂതന്മാര്‍ക്കുമായി വിഭജിച്ചു. തര്‍ക്കത്തിലായിരുന്ന ജെറുസലേം ഐക്യരാഷ്ട്രസഭയുടെ ഭരണ നിയന്ത്രണത്തിലുമായി. എന്തായാലും, ഈ പദ്ധതി ഒരിക്കലും നടപ്പാക്കപ്പെട്ടില്ല. 1948 മെയില്‍ ഇസ്രായേല്‍ പ്രഖ്യാപനം വന്നപ്പോള്‍ അയല്‍പക്കത്തുള്ള അറബ് രാജ്യങ്ങള്‍ യുദ്ധം പ്രഖ്യാപിച്ചു. ആ യുദ്ധം അവസാനിച്ചത് ഇസ്രായേലിന്റെ അതിര്‍ത്തികള്‍ ഉറപ്പിക്കുന്നതിലാണ്.
arab army in 1948
1967ലെ ആറുനാള്‍ യുദ്ധം
1967ല്‍ ആറുദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ ജോര്‍ദാനില്‍നിന്നും വെസ്റ്റ് ബാങ്കും കിഴക്കന്‍ ജെറുസലേമും ഈജിപ്തില്‍നിന്നും ഗസയും സിനായ് ഉപദ്വീപും സിറിയയുടെ കൈയില്‍നിന്നും ഗോലാന്‍ കുന്നുകളും ഇസ്രായേല്‍ പിടിച്ചെടുത്തു.
ഇജിപ്തിന്റെ വ്യോമസേനയെ ഇസ്രായേല്‍ തകര്‍ത്തപ്പോള്‍
തുടക്കത്തില്‍ ഇസ്രായേല്‍ ആഘോഷപൂര്‍വം കൊണ്ടാടിയ, തിളക്കമാര്‍ന്ന വിജയം വേദിയൊരുക്കിയത് ദശകങ്ങള്‍ നീണ്ടുനിന്ന, ഇന്നും പ്രതിധ്വനിച്ചു കൊണ്ടേയിരിക്കുന്ന സംഘര്‍ഷ പരമ്പരകള്‍ക്കാണ്.
ഫലസ്തീന്‍ ജനതയുടെ അധിവാസകേന്ദ്രവും മുസ്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അത്യധികം വൈകാരിക ബന്ധമുള്ളതും അവര്‍ പവിത്രമായി കരുതുന്നതുമായ കിഴക്കന്‍ ജെറുസലേമിലെ വിശുദ്ധ പ്രദേശങ്ങള്‍ അതിവേഗം ഇസ്രായേല്‍ ആക്രമിച്ചു പിടിച്ചെടുത്തു. ഔപചാരികമായി ഇസ്രായേല്‍ പിടിച്ചെടുത്തില്ലെങ്കിലും വെസ്റ്റ് ബാങ്കിന്റെ വളരെയേറെ പ്രദേശങ്ങള്‍ അനൗപചാരികമായി ഇസ്രായേലിന്റെ കൈപ്പിടിയിലായി. ഇപ്പോള്‍ അഞ്ചുലക്ഷത്തിലധികം വരുന്ന അനധികൃത ജൂത കോളനികള്‍ സ്ഥാപിച്ച് അധിനിവേശം നടത്തിയാണ് ഇസ്രായേല്‍ അതു സാധിച്ചത്. കിഴക്കന്‍ ജറുസലേമും വെസ്റ്റ് ബാങ്കും അധിനിവിഷ്ട ഭൂപ്രദേശമായാണ് മുഴുവന്‍ അന്താരാഷ്ട്ര സമൂഹവും കണക്കാക്കുന്നത്. സിനായ്, ഗോലാന്‍, ഗസ മുനമ്പ് എന്നിവിടങ്ങളിലെല്ലാം ഇസ്രായേല്‍ സെറ്റില്‍മെന്റുകള്‍ നിര്‍മിച്ചു കഴിഞ്ഞിട്ടുണ്ട്.
1979ല്‍ ഈജിപ്തുമായി സമാധാന ഉടമ്പടി
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തും ഇസ്രായേല്‍ പ്രധാനമന്ത്രിയും കരാര്‍ ഒപ്പിട്ടപ്പോള്‍. യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ സമീപം
ഒരു അറബ് രാജ്യവുമായി ഇസ്രായേല്‍ ആദ്യമായി ഏര്‍പ്പെട്ട സമാധാന കരാര്‍ പ്രകാരം സിനായ് ഉപദ്വീപ് ഈജിപ്തിനു തിരിച്ചു നല്‍കുകയും അവിടെയുണ്ടായിരുന്ന കുടിയേറ്റ നിര്‍മിതികളെല്ലാം പൊളിച്ചുകളയുകയും ചെയ്തു.
1981ലെ ഗോലാന്‍ പിടിച്ചെടുക്കല്‍
തന്ത്രപ്രധാനമായ ഗോലാന്‍ പര്‍വതപ്രദേശം ഇസ്രായേല്‍ ആക്രമണത്തിലൂടെ പിടിച്ചെടുത്തു. 2019ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ഡോണള്‍ഡ് ട്രംപ് ആണ് ഈ പ്രദേശത്തിനുമേലുള്ള ഇസ്രായേല്‍ നിയന്ത്രണത്തെ അംഗീകരിക്കുന്ന ആദ്യത്തെ വിദേശ രാഷ്ട്രത്തലവന്‍. ലോകത്തെ ബാക്കി രാജ്യങ്ങളെല്ലാം സിറിയയില്‍ ഇസ്രായേല്‍ നടത്തിയ അധിനിവേശമായാണ് ഇതിനെ കണക്കാക്കുന്നത്. അസദിന്റെ പതനത്തിനുശേഷം ഈ ആഴ്ചയും നെതന്യാഹു പ്രഖ്യാപിച്ചത് ഗോലാന്‍ പ്രദേശങ്ങളില്‍ കുടിയേറ്റ സെറ്റില്‍മെന്റുകള്‍ വ്യാപിപ്പിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നുവെന്നാണ്.
1982ലെ ലബ്‌നാന്‍ അധിനിവേശം
ലെബനാന്‍ അധിനിവേശം
1978ല്‍ ഫലസ്തീന്‍ പോരാളികള്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമായി ലബ്‌നാനില്‍ ഹ്രസ്വമായൊരു കടന്നുകയറ്റം നടത്തിയശേഷം, ഇസ്രായേല്‍ വീണ്ടും ലബ്‌നാനില്‍ പ്രവേശിക്കുന്നത് 1982ല്‍ ദക്ഷിണ ലബ്‌നാനില്‍ നടത്തിയ അധിനിവേശത്തോടെയാണ്. 18 വര്‍ഷക്കാലമാണ് ഈ അധിനിവേശം നീണ്ടുനിന്നത്. ഹിസ്ബുല്ലയുടെ അതിശക്തമായ ആക്രമണങ്ങളെ തുടര്‍ന്ന് 2000ല്‍ ഇസ്രായേല്‍ അവിടെനിന്ന് പിന്‍വാങ്ങുകയായിരുന്നു.
1993ലെ ഓസ്‌ലോ കരാര്‍
ഓസ്‌ലോ കരാര്‍ സംബന്ധിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രിയും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് യാസര്‍ അറഫാത്തും യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണും കാണുന്നു
ഇസ്രായേലും യാസിര്‍ അറഫാത്തിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനു(പിഎല്‍ഒ)മായി ഒരു താല്‍ക്കാലിക സമാധാന ഒത്തുതീര്‍പ്പിലെത്തിയതിന്റെ ഫലമാണ് 1993ലെ ഓസ്‌ലോ കരാര്‍. 1993 സെപ്തംബര്‍ 13നാണ് ഒന്നാം ഓസ്‌ലോ കരാറില്‍ ഒപ്പുവച്ചത്. അതു പ്രകാരം ഗസയിലും വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങളിലും ഫലസ്തീന് സ്വയംഭരണാവകാശം ലഭിച്ചു. അതുപ്രകാരമാണ് ഫലസ്തീന്‍ അതോറിറ്റി രൂപം കൊണ്ടതും ഇപ്പോഴും ഭരണം തുടരുന്നതും. ഒരു മുനിസിപ്പാലിറ്റിയുടെ പോലും അധികാരാവകാശങ്ങളില്ലാത്ത ഈ 'സ്വയംഭരണ' നിര്‍ദേശത്തെ അകമഴിഞ്ഞ് സ്വീകരിച്ചവരല്ല ഫലസ്തീന്‍ പോരാളി സംഘടനകള്‍.
2005ലെ ഗസ പിന്മാറ്റം
അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ഏകപക്ഷീയമായി ഗസയില്‍നിന്ന് പിന്‍വാങ്ങി. മുഴുവന്‍ സൈനിക ട്രൂപ്പുകളും 21 സെറ്റില്‍മെന്റുകളും പ്രദേശത്തുനിന്ന് പിന്‍വലിച്ചു കൊണ്ടായിരുന്നു പിന്‍മാറ്റം. രണ്ടുവര്‍ഷം കഴിഞ്ഞ് ഗസയുടെ നിയന്ത്രണാധികാരം ഹമാസ് കൈക്കലാക്കുകയും ഫലസ്തീന്‍ അതോറിറ്റിയെ പുറത്താക്കുകയും ചെയ്തു.
2023 ഗസയിലും ലബ്‌നാനിലും ആക്രമണം
2023 ഒക്ടോബര്‍ 7ലെ തൂഫാനുല്‍ അഖ്‌സയെ തുടര്‍ന്നുണ്ടായ ഇസ്രായേലിന്റെ ശക്തമായ അധിനിവേശവും വംശഹത്യയും തുടരുകയാണിപ്പോഴും. യുദ്ധാനന്തര പദ്ധതികളെ കുറിച്ച് ഇസ്രായേല്‍ ഭരണകൂടം വ്യക്തമായ രൂപരേഖകളൊന്നും മുന്നോട്ടു വയ്ക്കുന്നില്ലെങ്കിലും ഗസഇസ്രായേല്‍ അതിര്‍ത്തിയില്‍ ദീര്‍ഘകാലത്തേക്ക് സൈനി സാന്നിധ്യമുള്ള ഒരു ബഫര്‍ സോണ്‍ വേണമെന്നത് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. നെതന്യാഹു സഖ്യ സര്‍ക്കാരിലെ ചില തീവ്രപക്ഷക്കാര്‍ ഗസയില്‍ ജൂത സെറ്റില്‍മെന്റുകള്‍ പുനസ്ഥാപിക്കണമെന്ന് വാശിപിടിക്കുന്നവരാണ്.
ഹിസ്ബുല്ലയുമായി ഒരുവര്‍ഷം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഇസ്രായേല്‍ കരസേന തെക്കന്‍ ലബ്‌നാന്‍ ആക്രമിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ ഫലമായി അധിനിവിഷ്ട പ്രദേശത്തുനിന്ന് ജനുവരി അവസാനം പിന്മാറാമെന്ന് ഇസ്രായേല്‍ സമ്മതിച്ചിരിക്കുകയാണ്.
അസദിന്റെ പതനം
ഡിസംബര്‍ 8ന് വിമതര്‍ സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിനെ പുറത്താക്കിയപ്പോള്‍, 1973ലെ യുദ്ധത്തെ തുടര്‍ന്ന് നിലവില്‍ വന്ന സിറിയന്‍ ഭാഗത്തെ സൈനിക രഹിത ബഫര്‍ സോണിലേക്ക് ഇസ്രായേല്‍ സേന കടന്നുകയറി. സോണിന്റെ നിയന്ത്രണം കൈക്കലാക്കിയ ഇസ്രായേല്‍ സിറിയക്കുള്ളിലെ കൂടുതല്‍ പ്രദേശങ്ങളിലേക്കും കണ്ണുവയ്ക്കുന്നുണ്ട്. സൈനിക നീക്കം താല്‍ക്കാലികമാണെന്ന് ഇസ്രായേല്‍ പറയുന്നുണ്ടെങ്കിലും അവരുടെ തുറന്ന സാന്നിധ്യം അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനത്തിനു വഴിവച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയ്ക്കു പുറമെ ഈജിപ്ത്, തുര്‍ക്കി, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേല്‍ നടപടിയെ വിമര്‍ശിച്ചു.
പുതിയ സിറിയന്‍ ഗവണ്മെന്റ് തങ്ങളുടെ ഭൂപ്രദേശത്തേക്കുള്ള ഇസ്രായേല്‍ കടന്നുകയറ്റത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഏറ്റവും വലിയ സായുധ ഗ്രൂപ്പിന്റെ തലവന്‍ അഹ്മദ് അല്‍ ശഅ്‌റാ ഇസ്രായേല്‍ നടപടിയെ പരസ്യമായി അപലപിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രായേലുമായി ഒരു യുദ്ധമുഖം തുറക്കാന്‍ സിറിയക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
കടപ്പാട്: അസോസിയേറ്റ് പ്രസ്