തൃശൂര്‍ പൂരംകലക്കല്‍: സുരേഷ് ഗോപിയെ ചോദ്യം ചെയ്‌തേക്കും; പിആര്‍ ഏജന്‍സിക്ക് സംഘപരിവാര്‍ ബന്ധം

Update: 2024-12-22 01:58 GMT

തൃശ്ശൂര്‍: തൃശൂര്‍ പൂരം കലക്കുന്ന സമയത്ത് സുരേഷ് ഗോപിക്കൊപ്പം ആംബുലന്‍സില്‍ എത്തിയ പിആര്‍ ഏജന്‍സി പ്രതിനിധി അഭിജിത്ത് നായരെ പോലിസ് ചോദ്യം ചെയ്തതായി റിപോര്‍ട്ട്. കേസില്‍ സുരേഷ് ഗോപി ഉള്‍പ്പെടെ മൂന്നു പ്രതികളാണ് ഉള്ളത്. ഇതില്‍ ആംബുലന്‍സ് ഡ്രൈവറെ നേരത്തെ പോലിസ് ചോദ്യം ചെയ്തിരുന്നു. സുരേഷ് ഗോപിയെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടെന്നും സമയമായിട്ടില്ലെന്നുമാണ് പോലിസിന്റെ വിലയിരുത്തല്‍.

തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയ വരാഹി അസോസിയേറ്റ്‌സ് പിആര്‍ ഏജന്‍സിയുടെ പ്രതിനിധിയായ അഭിജിത് നായരെയാണ് ഇന്നലെ പോലിസ് ചോദ്യം ചെയ്തത്. വരാഹി അസോസിയേറ്റ്‌സിന് സംഘപരിവാരമായി ബന്ധമുണ്ടെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. പൂരത്തില്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ്‌ഗോപി എത്തിയത് അഭിജിത്തിന് ഒപ്പമായിരുന്നു എന്നും പോലിസ് സ്ഥിരീകരിച്ചു.

സിപിഐ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി കെ ബി സുമേഷിന്റെ പരാതിയിലാണ് നവംബര്‍ മൂന്നിനാണ് പോലിസ് കേസെടുത്തിരുന്നത്. ആംബുലന്‍സ് ദുരുപയോഗം ചെയ്തതിനും അപകടമുണ്ടാക്കുന്ന രീതിയില്‍ അശ്രദ്ധമായി വാഹനം ഓടിച്ചതിനുമാണ് കേസ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് സുരേഷ്‌ഗോപി എത്തിയത് എന്നും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്. താന്‍ ആംബുലന്‍സില്‍ കയറിയില്ലെന്ന സുരേഷ് ഗോപിയുടെ നുണപ്രചാരണം വീഡിയോദൃശ്യങ്ങള്‍ പൊളിച്ചിരുന്നു. ആംബുലന്‍സില്‍ വന്നത് കണ്ടെങ്കില്‍ അത് മായക്കാഴ്ചയായിരുന്നുവെന്നും ബിജെപി ജില്ലാ പ്രസിഡന്റിന്റെ വാഹനത്തിലാണ് താന്‍ അവിടെ എത്തിയത് എന്നുമായിരുന്നു സുരേഷ്‌ഗോപിയുടെ നിലപാട്. ഇത് വിവാദമായതോടെ തിരുത്തുകയും ചെയ്തു.

Similar News