''അജിത്കുമാറിനെ ഡിജിപിയാക്കാന്‍ പാടില്ലായിരുന്നു''; മുഖ്യമന്ത്രിക്ക് മുന്നില്‍വച്ച് ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ച് സിപിഎം പ്രതിനിധികള്‍

Update: 2024-12-22 01:29 GMT

തിരുവനന്തപുരം: എം ആര്‍ അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തില്‍ ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രതിനിധികള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ഈ വിമര്‍ശനം. മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് അന്വേഷണം നേരിടുന്ന അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത് സര്‍ക്കാര്‍ അയാള്‍ക്കു മുന്നില്‍ കീഴടങ്ങിയെന്ന പ്രതീതിയാണുണ്ടാക്കിയതെന്ന് പ്രതിനിധികള്‍ ആരോപിച്ചു.

അജിത് കുമാറിനെ ഡിജിപി റാങ്കിലേക്ക് സര്‍ക്കാര്‍ ഉയര്‍ത്താന്‍ പാടില്ലായിരുന്നുവെന്നും അയാള്‍ക്ക് പദവിയില്‍ നിയമപ്രകാരം അവകാശമുണ്ടെങ്കില്‍ കോടതിയെ സമീപിക്കട്ടെ എന്നു കരുതണമായിരുന്നു എന്നും പ്രതിനിധികള്‍ പറഞ്ഞു.

സംസ്ഥാനത്തെ പോലിസ് സ്‌റ്റേഷനുകളില്‍ സിപിഎം നേതാക്കള്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്നും പ്രതിനിധികള്‍ ആരോപിച്ചു. കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്ക് സ്റ്റേഷനുകളില്‍ സ്വീകരണം ലഭിക്കുകയാണ്. ബിജെപിയിലേക്ക് ചേക്കേറിയ മംഗലപുരം ഏരിയാസെക്രട്ടറി മധു മുല്ലശ്ശേരിയെ പോലുള്ളവരെ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞെങ്കിലും പാര്‍ട്ടി നേതാക്കള്‍ക്ക് സാധിച്ചില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.

ആരോഗ്യവകുപ്പില്‍ ഒരു മന്ത്രിയുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ചില പ്രതിനിധികള്‍ ആരോപിച്ചു. പുതിയതലമുറ എന്തുകൊണ്ട് പാര്‍ട്ടിയിലേക്ക് വരുന്നില്ലെന്ന് പരിശോധിക്കണമെന്നും ചിലര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

Similar News