അപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തി; രണ്ടു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കാടാമ്പുഴ പോലിസ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
വളാഞ്ചേരി: അപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് അനധികൃതമായി ഉപയോഗിച്ച സംഭവത്തില്‍ രണ്ടു പോലിസുകാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കാടാമ്പുഴ പോലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മാരായ സന്തോഷ്, പോളി എന്നിവരെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തെ തുടര്‍ന്ന് മലപ്പുറം എസ്പി സുജിത്ദാസ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബൈക്ക് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചെന്നും, വ്യാജരേഖയുണ്ടാക്കി എന്നുമുള്ള കുറ്റങ്ങളാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.
ഓഗസ്റ്റ് 28ന് ദേശീയപാതയില്‍ പിക്കപ്പ്‌വാനും ബൈക്കും കൂട്ടിയിടിച്ച് കര്‍ണാടക സ്വദേശി വിന്‍സന്റ് മരിച്ചു. അപകടമരണത്തിന് കേസെടുത്ത് പോലിസ് ബൈക്ക് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നീട് വിന്‍സന്റിന്റെ ബന്ധുക്കള്‍ അന്വേഷിച്ചു വന്നപ്പോള്‍ ബൈക്ക് സ്‌റ്റേഷനിലുണ്ടായിരുന്നില്ല. ബൈക്ക് മരിച്ചയാളുടെ ബന്ധുക്കളില്‍നിന്നു വാങ്ങിയെന്നാണ് പോലിസുകാര്‍ ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ പണം കിട്ടിയിട്ടില്ലെന്നും വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നുമാണ് ആരോപണം.